വിഷയം: ‍ മുടങ്ങിപ്പോയ ക്ഷേത്ര ഉത്സവം നടത്താൻ മുൻകയ്യെടുക്കാമോ

'മുടങ്ങിപ്പോയ ക്ഷേത്ര ഉത്സവം നടത്തുവാൻ മുൻകൈയെടുത്തത് അന്നാട്ടിലെ മുസ്‌ലിംകൾ' . ഇതൊരു വാർത്തയുടെ തലക്കെട്ട് . അല്ലാഹുവല്ലാത്തവരെ ആരാധിക്കുന്ന വിഷയത്തിൽ യാതൊരു വിട്ടു വീഴ്ചയും പാടില്ല എന്ന വ്യക്തമായ നിയമം ഉണ്ടായിരിക്കെ ബഹുദൈവാരാധനയുമായി ബന്ധപ്പെട്ട ക്ഷേത്രോത്സവങ്ങളുമായി മത സൗഹാർദത്തിന്റെ പേര് പറഞ്ഞു സഹകരിക്കുന്നതിന്റെയും സഹായിക്കുന്നതിന്റെയും വിധി ?

ചോദ്യകർത്താവ്

സാലിം .. ജിദ്ദ

Feb 4, 2020

CODE :See9600

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

ഇതര മതസ്ഥരുടേയും ചിന്താഗതിക്കാരുടേയും ഇടയിൽ ജീവിക്കുമ്പോൾ ഏറ്റവും മാതൃകാ പരമായി അവരോട് പെരുമാറുകയും കഴിയുന്ന എല്ലാ സഹായവും ചെയ്തു കൊടുക്കുകയും വ്യക്തിപരമായും സാമൂഹികമായും സ്നേഹവും ബഹുമാനുവും നൽകുകയും ചെയ്യാൻ ഇസ്ലാം നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഒരു സത്യ വിശ്വാസി തന്റെ വിശ്വാസം മുറുകെപ്പിടിച്ചായിരിക്കണം ഇതൊക്കെ ചെയ്യേണ്ട്. തന്റെ വിശ്വാസം തന്റെ ഐഡന്റിറ്റിയാണ്. അത് നഷ്ടപ്പെട്ടാൽ പിന്നെ അല്ലാഹുവിന്റെ അടുക്കൽ സ്ഥാനമുണ്ടാകില്ല. അല്ലാഹു തആലാ നമ്മെ സൃഷ്ടിച്ചത് അവനിൽ വിശ്വസിക്കുവാനും അവനെ ആരാധിക്കുവാനും അവനല്ലാത്ത ഒരു വസ്തുവിനേയും ആരാധിക്കാതെ അവനോട് ഇഖ്ലാസ് പ്രകടിപ്പിക്കാനുമാണ്. പരിശുദ്ധ ഖുർആൻ പ്രധാനാമായും ഇക്കാര്യമാണ് പറയുന്നത്. ആയത്തുകൾ അനവധിയായത് കൊണ്ടും വിശുദ്ധ ഖുർആനിലെ ഏത് പേജ് മറിച്ചു നോക്കിയാലും ഒരു ആയത്തെങ്കിലും ഈ ഗണത്തിൽ കാണാൻ കഴിയും എന്നതിനാലും ഇവിടെ പ്രത്യേകം എടുത്തെഴുതുന്നില്ല. അല്ലാഹു തആലാ എല്ലാ അമ്പിയാക്കളേയും അയച്ചത് ഇക്കാര്യം അടിവരയിട്ട് പറയാനും ഇതിൽ വീഴ്ചവരുത്തിയാലുള്ള ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുമാണ്. ധാരാളം അമ്പിയാക്കളുടെ കഥകൾ അല്ലാഹു വിവരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ അകം പൊരുൾ ഇപ്പറഞ്ഞ കാര്യം സ്ഥാപിക്കാലാണ്.

അത് കൊണ്ട് തന്നെ മതപരമായ വിഷയം വരുമ്പോൾ കൂടെ ജീവിക്കുന്ന ഇതര മതസ്ഥരോടും പ്രത്യയ ശാസ്ത്രക്കാരോടും വളരെ സൌഹാർദ്ധത്തോടെ പറയേണ്ടത് “നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം” (സൂറത്തുൽ കാഫിറൂൻ) എന്നാണ് എന്ന് അല്ലാഹു വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. ഏതൊരു മതനിരപേക്ഷ സമൂഹത്തിലും ഒരു വിശ്വാസിക്ക് തലയുർത്തിപ്പിടിച്ച് പറയാവുന്ന ബഹുസ്വരതയുടെ അന്തസ്സത്ത പൂർണ്ണമായും ഉൾക്കൊണ്ട വാക്കാണത്. അഥവാ മതപരമായ കാര്യത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസവും അനുഷ്ഠാനവും ചിന്താഗതിയുമായി നിലകൊള്ളാം, എൻറെ വിശ്വാസവും അനുഷ്ഠാനവുമായി ഞാനും ജീവിച്ചുകൊള്ളാം. നാം തമ്മിൽ ഇക്കാര്യത്തിൽ ഒരു ഏറ്റു മുട്ടൽ നടത്തുകയോ ശത്രുത വെക്കുകയോ മതപരമായ നമ്മുടെ അസ്ഥിത്വങ്ങളിൽ പരസ്പം കൈകടത്തുകയോ ചെയ്യാതെ സൌഹാർദ്ധത്തിൽ പോകാം എന്നാണതിന്റെ വിവക്ഷ.

ഈ പറയപ്പെട്ട പരിധി ലംഘിക്കാൻ ഒരു വിശ്വാസിക്കും പരിശുദ്ധ ഇസ്ലാം അനുവാദം നൽകുന്നില്ല. അത് അല്ലാഹുവിന്റെ കോപത്തിന് കാരണമാകുകയും അവനിലെ ഇസ്ലാമികമായ അസ്ഥിത്വത്തിന് കോട്ടം വരുത്തുകയും ചെയ്യും. അതിനാൽ ചോദ്യത്തിൽ പറയപ്പെട്ട വിധം പ്രവർത്തിക്കൽ ഒരു വിശ്വാസിയോട് അല്ലാഹു നിർദ്ദേശിച്ച പരിധി ലംഘിക്കലാണ്. ശിർക്ക് ചെയ്യലും അതിനെ സഹായിക്കലും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളിൽ പങ്കാളിയാകലുമമെല്ലാം അല്ലാഹു വെറുത്തതും അവൻ ഒരിക്കലും പൊറുക്കാത്തതുമായ പാപവും ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണെന്ന് ഉണർത്താനാണ് വിശുദ്ധ ഖുർആൻ അവതിരിച്ചതും പ്രവാചകന്മാർ നിയുക്തരായതും എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇത് ഇസ്ലാമിന്റെ മാത്രം കാര്യമല്ല. സ്വന്തമായി അസ്ഥിത്വമുള്ള ഏതൊരു മതത്തിനും പാർട്ടിക്കും അതിലെ അംഗങ്ങൾ നിർബ്ബന്ധമായും പാലിക്കേണ്ട ചില നിയമങ്ങളുണ്ടാകും. അത് ലംഘിച്ചാൽ പിന്നെ അവർ ആ മതത്തിലോ പാർട്ടിയിലോ ഉണ്ടാകില്ല.  ആ ലംഘനം ആ പാർട്ടിയുടെ അല്ലെങ്കിൽ മതത്തിന്റെ അസ്ഥിത്വത്തെത്തന്നെ തകർക്കുന്നതാകുന്നു എന്നതാണ് അതിനുള്ള കാരണം. മത സൌഹാർദ്ദമെന്നാൽ ഏതെങ്കിലും വിഷയത്തിൽ മറ്റൊരു മതത്തിന്റെ ആരാധനകളിലോ അനുഷ്ഠാനങ്ങളിലോ ഭാഗഭാക്കാകലോ അതിനെ സജീവമാക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകലോ അല്ല, നാലാളുകളെ കാണുമ്പോൾ അല്ലാഹുവിനെ മറക്കുന്ന ഈ ഏർപ്പാട് അല്ലാഹുവിന്റെ ദീനിനെ തന്റെ പുറം കാലുകൊണ്ട് തട്ടുന്നതിനു തുല്യമായാണ് ഇസ്ലാം കാണുന്നത്. പ്രത്യുത അവനവൻ സത്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന മതത്തിന്റെ ആരാധനകളും അനുഷ്ഠാനങ്ങളും കലർപ്പില്ലാതെ നിർവ്വഹിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ മത, വിശ്വാസ, ചിന്താ സ്വാതന്ത്ര്യത്തെ മാനിക്കലും അതൊഴികെ മറ്റെല്ലാ കാര്യങ്ങളിലും മാനുഷിക, സാമൂഹിക വിഷയങ്ങളിലും അവരോട് വളരേ നല്ല രീതിയിൽ സഹകരിക്കലുമാണ് യഥാർത്ഥ മതേതരത്വവും മത സൌഹാർദ്ധവും. അതിനാൽ വല്ല കാരണത്താലും ഇത്തരം കാര്യങ്ങൾക്ക് മുന്നിട്ടിറങ്ങുകയോ സഹകരിക്കുകയോ ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെങ്കിൽ ഉടനെ തൌബ ചെയ്യണം, അങ്ങേ അറ്റത്തെ വിഷമത്തോടെ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങണം. തൌബ ചെയ്തു മടങ്ങുന്നവർക്ക് തീർച്ചയായും അല്ലാഹു പൊറുത്തു കൊടുക്കുന്നവനാണ്.(സൂറത്തു ത്വാഹാ-82)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter