വിഷയം: മറ്റു മദ്ഹബുകാരനായ ഇമാമിനോടൊപ്പം ജുമുഅ
മറ്റു മദ്ഹബുകാര്‍ മാത്രമുള്ള നാട്ടില്‍ ജോലി ചെയ്യുന്ന ശാഫിഈ മദ്ഹബുകാരന്‍ അവരുട ജുമുഅയില്‍ പങ്കെടുക്കണോ അതോ ളുഹ്റ് നിസ്കരിക്കണോ? ഞാൻ താമസിക്കുന്നത് യു.എ.ഇ യിലാണ്. ഇവിടെ ജുമാ ജമാഅത്തുകളിൽ ഇമാം ബിസ്മി ഓതുന്നതായി കേൾക്കാറില്ല. അവരെ തുടർന്ന് നിസ്കരിക്കാമോ? അതോ ഒറ്റക്ക് നിസ്കരിക്കണോ? അതിന്റെ പേരിൽ ജുമുഅ ഒഴിവാക്കിയാൽ കുറ്റക്കാരനാവുമോ? മറ്റു മദ്ഹബിലുള്ള ഇമാമുമാരെ തുടർന്ന് നിസ്കരിക്കുമ്പോൾ ഏതെല്ലാം കാര്യങ്ങളിലാണ് ജാഗ്രത പുലർത്തേണ്ടത്?
ചോദ്യകർത്താവ്
shamsu
Feb 2, 2021
CODE :Fiq10051
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇമാമോട് കൂടെ നിസ്കരിക്കുമ്പോള്‍, മഅ്മൂമിന്‍റെ വിശ്വാസമനുസരിച്ച് ഇമാമിന്‍റെ നിസ്കാരവും ശരിയാവണമെന്നത് നിബന്ധനയുണ്ട്. അഥവാ, ഒരാളെ തുടർന്ന് നിസ്കരിക്കണമെങ്കിൽ മഅ്മൂമിന്‍റെ വിശ്വാസത്തിൽ ഇമാം നിസ്കാരം ബാത്വിലാകുന്ന കാര്യങ്ങളൊന്നും ചെയ്യാത്തവനാവണം (ഫത്ഹുല്‍മുഈന്‍).
എന്നാല്‍ ശാഫിഈ മദ്ഹബുകാരനായ ഒരാള്‍ മറ്റൊരു മദ്ഹബുകാരനായ ഇമാമിന് പിന്നില്‍ നിസ്കരിക്കുമ്പോള്‍ ശാഫിഈ മദ്ഹബുകാരന്‍റെ വിശ്വാസമനുസരിച്ച് നിസ്കാരത്തില്‍ നിര്‍മന്ധമുള്ള വല്ലതും ഇമാം ചെയ്തോ ഇല്ലേ എന്നത് സംശയം മാത്രമേ ഉള്ളൂ എങ്കില്‍, ഇമാം ഈ അഭിപ്രായവ്യത്യാസം പരിഗണിച്ച് ആ നിര്‍ബന്ധകാര്യവും കൊണ്ടുവന്നിട്ടുണ്ടാവുമെന്ന ശുഭപ്രതീക്ഷയോടെ ആ ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കാവുന്നതാണ് (ഫത്ഹുല്‍മുഈന്‍).
പൊതുവെ, ജുമുഅ ജമാഅത്തുകള്‍ക്ക് നിരവധിയാളുകള്‍ പങ്കെടുക്കുന്ന വഴിയോരങ്ങളിലും പൊതുഇടങ്ങളിലുമുള്ള പള്ളികളിലെ ഇമാമുമാരെല്ലാം മറ്റു മദ്ഹ്ബുകളിലെ അഭിപ്രായവ്യത്യാസങ്ങള്‍ കൂടി പരിഗണിച്ചു നിസ്കരിക്കാറാണ് പതിവ്. ഇരുഹറമുകളിലെയും ഇമാമുമാരെ തുടര്‍ന്ന് ശാഫിഈ മദ്ഹബുകാരായ നാം നിസ്കരിക്കുമ്പോഴെല്ലാം ഈ പ്രതീക്ഷയോടെയാണല്ലോ നിസ്കരിക്കാറുള്ളത്.
മറ്റു മദ്ഹബുകാരടങ്ങുന്ന പൊതുജനങ്ങള്‍ നിസ്കരിക്കാനെത്തുന്ന പള്ളികളിലെ ഇമാമുമാര്‍ മറ്റു മദ്ഹബുകളിലെ അഭിപ്രായവ്യത്യാസങ്ങള്‍ കൂടി ശ്രദ്ധിച്ച് നിസ്കാരം നിര്‍വഹിക്കണമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതായി കാണാം. ശാഫിഈ മദ്ഹബുകരാനായ ഇമാമിനെ കുറിച്ചും ഹനഫീ മദ്ഹബുകാരനായ ഇമാമിനെ കുറിച്ചും ഇവിടെ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. (ബുജൈരിമി 2:332, ഇആനതുത്ത്വാലിബീന്‍ 2:71 നോക്കുക)
ചോദ്യകര്‍ത്താവിന് മേല്‍പറഞ്ഞതനുസരിച്ച് അവിടെയുള്ള ഇമാമിനെ തുടര്‍ന്ന് നിസ്കരിക്കാമെന്ന് വരുന്നതിനാല്‍ സ്ഥിരമായി ജുമുഅ ഉപേക്ഷിക്കേണ്ട സാഹചര്യം വരുന്നില്ല. ആയതിനാല്‍ ജുമുഅ ഉപേക്ഷിക്കുന്ന കുറ്റവുമില്ല.
എന്നാല്‍ ഒരാളെ തുടർന്ന് നിസ്കരിക്കണമെങ്കിൽ മഅ്മൂമിന്‍റെ വിശ്വാസത്തിൽ ഇമാം നിസ്കാരം ബാത്വിലാകുന്ന കാര്യം ചെയ്യാൻ പാടില്ലെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. ഇമാം ബാത്വലാവുന്ന കാര്യങ്ങള്‍ ചെയ്തുവെന്ന് മഅ്മൂമിന് ഉറപ്പായാല്‍ ആ തുടർച്ച ശരിയാകില്ല. (തുഹ്ഫ). ശാഫിഈ മദ്ഹബ് പ്രകാരം ഫാതിഹയിൽ ബിസ്മി ഓതൽ നിർബ്ബന്ധവും അത് ഓതാതിരുന്നാൽ ഫാതിഹ സ്വഹീഹാകുന്നതുമല്ല. നിസ്കാരത്തിന്റെ റുക്ൻ ആയ ഫാതിഹ ശരിയായില്ലെങ്കിൽ നിസ്കാരവും ശരിയാകില്ല (തുഹ്ഫ). അതിനാൽ ഇമാം ബിസ്മി ഓതുന്നില്ലായെന്ന് ഉറപ്പാണെങ്കിൽ ശാഫിഈ മദ്ഹബുകാരൻ അദ്ദേഹത്തെ തുടരാൻ പാടില്ല, ആ തുടർച്ച ശരിയാകില്ല. അതിനാൽ ഒറ്റക്ക് നിസ്കരക്കണം. ജുമുഅക്ക് ജമാഅത്ത് ശര്‍ത്തായതിനാല്‍ നിബന്ധനയൊത്ത ജുമുഅ ലഭിക്കാത്തപക്ഷം അവന്‍ ജുമുഅ ഒഴിവാക്കി ളുഹ്റ് നിസ്കരിക്കേണ്ടി വരും. ഇത്തരം സാഹചര്യത്തില്‍ അവന് ജുമുഅ നിര്‍ബന്ധമില്ലാത്തതിനാല്‍ ജുമുഅ ഉപേക്ഷിച്ചതിന് കുറ്റക്കാരനുമല്ല.
ഇനി ഒരു വിഷയത്തിൽ മറ്റൊരു മദ്ഹബ് തഖ്ലീദ് ചെയ്യണമെങ്കിൽ ആ വിഷയത്തിൽ (ഉദാ. നിസ്കാരം) ആ മദ്ഹബിന്റെ വീക്ഷണത്തിലുള്ള ശർത്വുകൾ, ഫർളുകൾ, ബാത്വിലാകുന്ന കാര്യങ്ങൾ തുടങ്ങിയവ ശരിയായ വിധം മനസ്സിലാക്കി അവ പാലിച്ചു കൊണ്ട് ആ കർമ്മം നിർവ്വഹിക്കുകയും ചെയ്യാം. വെറുതെ ഞാൻ ഹനഫീ മദ്ഹബ് അനുസരിച്ച് നിസ്കരിക്കുന്നുവെന്ന് കരുതി നിസ്കരിക്കാൻ പറ്റില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.