വിഷയം: ‍ നിസ്കാരശേഷമുള്ള കൂട്ടുപ്രാര്‍ത്ഥന

നിസ്കാരത്തിനു ശേഷം കൂട്ടത്തോടെയോ ഒറ്റക്കായോ ഉള്ള ദുആ അനുവദനീയമാണോ? പ്രാമാണിക ഗ്രന്ഥങ്ങളില്‍ ഇതിന് തെളിവുണ്ടോ? ഇതിനെ എതിര്‍ക്കുന്നവരോട് എങ്ങനെ മറുപടി പറയും?

ചോദ്യകർത്താവ്

Askar Ck

May 19, 2021

CODE :Fat10082

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിസ്കാരങ്ങള്‍ക്ക് ശേഷം കുട്ടമായും ഒറ്റക്കായും ദുആ ചെയ്യുന്നത് വളരെ പുണ്യകരമാണെന്നതിന് പ്രാമാണികഗ്രന്ഥങ്ങളില്‍ അനവധി നിരവധി തെളിവുകളുണ്ട്.

ശാഫിഈ മദ്ഹബിലെ പ്രാമാണികപണ്ഡിതന്‍ ഇമാം നവവി(റ) അവരുടെ മജ്മൂഅ് ശറഹുല്‍മുഹദ്ദബില്‍ പറയുന്നത് ആദ്യം ചുരുക്കി ഉദ്ധരിക്കാം:

“ഒറ്റക്ക് നിസ്കരിക്കുന്നവനും ഇമാമിനും മഅ്മൂമിനും ദിക്റും ദുആഉം സുന്നത്താണെന്ന് നാം മുമ്പ് പറഞ്ഞു. എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും ഇത് സുന്നത്താണ്. അതില്‍ എതിരപ്രായമില്ല. എന്നാല്‍ ശേഷം റവാതിബ് സുന്നത്തുള്ള നിസ്കാരമാണെങ്കില്‍ ഇമാം വീട്ടില്‍ നിന്ന് നിസ്കരിക്കുന്നതിനെയാണ് മുന്തിക്കേണ്ടതെന്നതിനാല്‍ അസറിനും സ്വുബ്ഹിനും ശേഷം മാത്രമേ ഇമാം ദുആ ചെയ്യേണ്ടതുളളൂ എന്ന അഭിപ്രായം അടിസ്ഥാനരഹിതമാണ്. എല്ലാ നിസ്കാരങ്ങള്‍ക്ക് ശേഷവും ദുആ സുന്നത്തുണ്ടെന്നതാണ് ശരി. ഇമാം മഅ്മൂമുകളിലേക്ക് തിരിഞ്ഞിരിക്കലും ദുആ ചെയ്യലുമാണ് സുന്നത്ത്” (മജ്മൂഅ് 4:477-478)

എത്ര കൃത്യവും സ്പഷ്ടവും സംശയരഹിതവു അര്‍ത്ഥശങ്കക്കിടയില്ലാതെയുമാണ് ഇമാം നവവി(റ) കൂട്ടമായും ഒറ്റക്കായുമെല്ലാം ദുആ സുന്നത്തുണ്ടെന്നത് വ്യക്തമാക്കിയതെന്ന് കണ്ടല്ലോ.

അബൂ ഉമാമയില്‍ നിന്ന് നിവേദനം: ഏത് പ്രാര്‍ത്ഥനയാണ് ഏറ്റവും കൂടുതല്‍ ഉത്തരം കിട്ടാന്‍ സാധ്യതയെന്ന് തിരുനബി(സ്വ) ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: രാത്രിയുടെ അന്ത്യയാമങ്ങളിലും ഫര്‍ള് നിസ്കാരങ്ങള്‍ക്ക് ശേഷവും ചെയ്യുന്ന ദുആയാണത് (തുര്‍മുദി).

നബി(സ്വ) സ്വുബ്ഹ് നിസ്കരിച്ച് തന്‍റെ കൂടെയുള്ളവരിലേക്ക് തിരിഞ്ഞിരുന്ന് ദുആ നടത്തിയ സംഭവം ത്വബ്റാനി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിസ്കാരത്തിന് ശേഷമുളള ദിക്റും ദുആയും നടത്തുമ്പോള്‍ ഇമാം മഅ്മൂമുകളിലേക്ക് തിരിഞ്ഞിരിക്കല്‍ സുന്നത്താണ്. ഇമാമിന്‍റെ വലതുഭാഗം മഅ്മൂകളിലേക്കും ഇടതുഭാഗം മിഹ്റാബിലേക്കുമാക്കലാണ് ഏറ്റവും ഉത്തമം (മുഗനി 1:282)

ഒരാള്‍ ദുആ ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ആമീന്‍ പറയല്‍ നിരവധി ഹദീസുകളിലൂടെ പ്രത്യേകം പ്രോല്‍സാഹിപ്പിക്കപ്പെട്ടതാണ്. ഉത്തരം നല്‍കണേ എന്ന സാരമുള്ള ആമീന്‍ എന്ന വാചകവും ഒരു ദുആ തന്നെയാണല്ലോ. നബി(സ്വ) മിമ്പറിലായിരിരിക്കെ ജിബ്രീല്‍ (അ) മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടി ദുആ ചെയ്യുകയും നബി(സ്വ) ആമീന്‍ പറയുകയും ചെയ്ത സംഭവം പ്രശസ്തമാണല്ലോ.

ചുരുക്കത്തില്‍ നിസ്കാരശേഷം കൂട്ടമായി ദുആ ചെയ്യുന്നതും ഒറ്റക്ക് ദുആ ചെയ്യുന്നതും മഅ്മൂമുകള്‍ ആമീന്‍ പറയുന്നതുമെല്ലാം തിരുനബി(സ്വ) പഠിപ്പിച്ചതും അനുചരന്മാരും നമ്മുടെ മുന്‍ഗാമികളും അനുവര്‍ത്തിച്ചു പോന്നതുമാണെന്നത് സുവ്യക്തമാണ്.

മേല്‍പറയപ്പെട്ടതൊക്കെ ബോധ്യപ്പെട്ട ശേഷവും എതിര്‍ക്കുന്നവരോട് തല്‍ക്കാലം നമുക്ക് അകലം പാലിക്കാം. സത്യം സത്യമായി മനസിലാക്കി പിന്തുടരാനും അസത്യം അസത്യമായി മനസിലാക്കി നിരാകരിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter