സ്ത്രീകൾക്ക് വേണ്ടി മദ്റസകളിൽ മുതഅല്ലിംകളെ ഇമാമാക്കി തറാവീഹ് സംഘടിപ്പിക്കാമോ
ചോദ്യകർത്താവ്
Jaseem
Jun 1, 2017
CODE :Fiq8569
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചതായി ചരിത്രത്തില്‍ കാണാം. വിശുദ്ധ റമദാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്തിന് ഇമാം ശാഫിഈ (റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു.
സ്ത്രീകള്‍ ഒരുമിച്ച് കൂടുംമ്പോള്‍ സ്വന്തം വീട്ടിലോ അല്ലെങ്കില്‍ തൊട്ടടുത്ത വീടുകളിലോ ആവലാണ് നല്ലത്. നാട്ടിലെ മദ്രസയില്‍ ആ നാട്ടിലെ സ്ത്രീകള്‍ക്കെല്ലാമായി തറാവീഹ് സംഘടിപ്പിക്കുമ്പോള്‍ പള്ളിയിലേക്ക് പോകുന്നതിലേറെ വഴിദൂരവും ഫിത്നക്ക് കൂടുതല്‍ സാധ്യതയുമുണ്ട്. ഇത്തരം സാധ്യത പരിഗണിച്ചാണല്ലോ സ്ത്രീകള്‍ പള്ളിയിലേക്ക് വരുന്നതിനെ പണ്ഡിതര്‍ നിരുത്സാഹപ്പെടുത്തിയത്. ഇക്കാലങ്ങളില്‍ അത് ഹറാമാണെന്നാണ് പണ്ഡിതപക്ഷം. മദ്രസയുടെ സമീപത്ത് താമസിക്കുന്ന സ്ത്രീകള്‍ ചേര്‍ന്ന് സ്ഥല സൌകര്യം പരിഗണിച്ച് മദ്രസയില്‍ തറാവീഹ് സംഘടിപ്പിക്കുകയാവാം.ഇത്തരം ജമാഅതുകള്‍ക്ക് പുരുഷന്മാര്‍ ഇമാമായി നില്‍കാമെന്ന് മുമ്പ് പറഞ്ഞതില്‍ നിന്ന് മനസ്സിലായല്ലോ. അടുത്ത വീടുകളിലേക്കോ മദ്രസയിലേക്കോ മറ്റു ഏത് സ്ഥലത്തേക്കായാലും സ്ത്രീകള‍്‍ വീടുകളില്‍ നിന്ന് പുറത്ത് പോവുമ്പോള്‍ വസ്ത്രത്തിലും മറ്റും ഇസ്‍ലാം നിര്‍ദ്ദേശിച്ച രീതിയിലാവണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. .
ഇവ്വിഷയകമായി വളരെ വിശദമായി സ്ത്രീകളും തറാവീഹ് നിസ്കാരവും എന്ന ലേഖനത്തില്‍ വായിക്കാം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.