രണ്ട് ഖുല്ലത്ത് കുറവുള്ള വെള്ളത്തില്‍ നിന്ന് പാട്ട കൊണ്ട് മുക്കി വുദൂ ചെയ്യാനും കുളിക്കാനും പറ്റുമോ? നമ്മുടെ കൈയിലുള്ള വെള്ളം പാത്രത്തിലേക്ക് ആവുന്നത് കൊണ്ട് ആ വെള്ളം മുസ്തഅ്മല്‍ ആവില്ലേ
ചോദ്യകർത്താവ്
Moh
Jul 9, 2017
CODE :Fiq8727
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നിര്‍ബന്ധമായ കുളി വുദൂ എന്നിവയില്‍ ഉപയോഗിക്കപ്പെട്ട വെള്ളം മുസ്തഅ്മല്‍ ആണ്. അത് ഉപയോഗിച്ച് ശുദ്ധിയാക്കിയാല്‍ ശരിയാവുന്നതല്ല. എന്നാല്‍ അതില്‍നിന്ന് അല്‍പം ബക്കറ്റിലോ മറ്റോ ഉള്ള വെള്ളത്തിലേക്ക് തെറിച്ചാല്‍, വെള്ളം രണ്ട് ഖുല്ലതില്‍ താഴെയാണെങ്കില്‍ ബാക്കിയുള്ള വെള്ളത്തെ മുതഗയ്യിര്‍ (പകര്‍ച്ചയായത്) ആക്കുമോ ഇല്ലയോ എന്നത് തെറിച്ച വെള്ളത്തിന്‍റെ അളവിനനുസരിച്ചാണ് തീരുമാനിക്കേണ്ടത്. ശുദ്ധിയുള്ള വസ്തു അല്‍പം കലര്‍ന്നതു മൂലം വെള്ളം പകര്‍ച്ചയാവില്ല. മറിച്ച് വെള്ളമെന്നതിനെ സംബന്ധിച്ച് പറയാന്‍ സാധിക്കാത്ത വിധം കലര്‍ന്ന് വെള്ളം പകര്‍ച്ചയായാല്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റാതാവൂ. മുസ്തഅ്മലായ വെള്ളത്തിനു നിറമോ രുചിയോ വാസനയോ ഇല്ലാത്തതിനാല്‍ അത് എത്ര തന്നെ വെള്ളത്തില്‍ കലര്‍ന്നാലും വെള്ളം പകര്‍ച്ചയാകില്ല. അതിനാല്‍ മുസ്തഅ്മലായ വെള്ളം നിറം വാസന രുചി തുടങ്ങിയവ ഉള്ള വസ്തുവായിരുന്നെങ്കില്‍ വെള്ളം പകര്‍ച്ചയാവുമോ എന്ന് പരിശോധിക്കണം. അഥവാ അത്തരം വസ്തുക്കള്‍ പഴച്ചാറ്, ഉറുമാന്‍പഴം തുടങ്ങി സാധാരണ മിതമായ വാസനയോ നിറമോ രുചിയോ ഉള്ള ഒരു വസ്തുവായി സങ്കല്‍പിക്കുകയും അത് അത്രയും അളവ് അതിലേക്ക് തെറിച്ചാല്‍, അത് പകര്‍ച്ചയാകുമോ എന്ന് സങ്കല്‍പിച്ചുനോക്കണം. ആകുമെങ്കില്‍ ഈ വെള്ളവും മുതഗയ്യിര്‍ ആണെന്ന് മനസ്സിലാക്കേണ്ടതാണ്.
വുദൂ കൊണ്ടോ കുളി കൊണ്ടോ ശരീരത്തില്‍ പറ്റി പിടിച്ച വെള്ളം ബക്കറ്റിലേക്ക് തന്നെ തെറിക്കുന്ന അവസരത്തിലും ഇത് തന്നെയാണ് നാം ശ്രദ്ധിക്കേണ്ടത്. തെറിച്ച് വീഴുന്ന വെള്ളം പഴച്ചാറോ ഉറുമാന്‍പഴനീരോ ആയിരുന്നെങ്കില്‍ ബക്കറ്റിലെ വെള്ളം പകര്‍ച്ചയാകുമായിരുന്നെങ്കില്‍ മാത്രമേ ബക്കറ്റിലെ വെള്ളം ഉപയോഗശൂന്യമായതായി മനസ്സിലാക്കേണ്ടതുള്ളൂ. അഥവാ ചെറിയ വല്ല തുള്ളിയും ബകറ്റിലേക്ക് തെറിച്ചാല്‍ അതിന്‍റെ ശുദ്ധീകരണ യോഗ്യതയെ അത് ബാധിക്കുകയില്ല. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ അത് പകര്‍ച്ചയുള്ളതായി കണക്കാക്കപ്പെടും. പകര്‍ച്ചയായോ ഇല്ലയോ എന്നു സംശയിച്ചാല്‍ പകര്‍ച്ചയായിട്ടില്ലെന്നു വെക്കണം.
കുറഞ്ഞ വെള്ളത്തില്‍ നിന്ന് പാട്ട കൊണ്ടോ മറ്റോ മുക്കി ഉപയോഗിച്ച് തന്നെയാണ് വുദൂവും കുളിയും നിര്‍വഹിക്കേണ്ടത്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.