മസ്ബൂഖ് ഇമാമിനെ തുടര്‍ന്നത് രണ്ടാമത്തെ റക്അതിലാണെങ്കില്‍ അത്തഹിയ്യാത് കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ തക്ബീർ ചൊല്ലേണ്ടതുണ്ടോ ? ഇമാമിന്‍റെ നാലാമത്തെ റകഅതിലെ അത്തഹിയ്യാത് ഇരുന്നു എന്തെല്ലാം ആണ് ചൊല്ലേണ്ടത് ? ഇമാം സലാം വീട്ടിയതിനു ശേഷം അയാൾ എഴുന്നേല്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

najeeb

Jul 21, 2017

CODE :Fiq8766

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 

മസ്ബൂഖായി തുടര്‍ന്നവന്‍ ഇമാമിനോട് തുടരുന്ന അവസരത്തില്‍ ഇമാം ചെയ്യുന്ന  തക്ബീര്‍ തസ്ബീഹ് തുടങ്ങി ദിക്റുകളും ദുആകളും ചൊല്ലല്‍ സുന്നതാണ്. ഉദാഹരണമായി ഇമാമിന്‍റെ ഇഅ്തിദാലിന്‍റെ  അവസരത്തിലാണ് തുടര്‍ന്നതെങ്കില്‍ സൂജൂദിലേക്ക് പോകുന്ന അവസരത്തില്‍ തക്ബീര്‍ ചൊല്ലണം. ഇമാമിന്‍റെ സൂജൂദിന്‍റെ  അവസരത്തിലാണ് തുടര്‍ന്നതെങ്കില്‍ മസ്ബൂഖ് സുജൂദിന് വേണ്ടി കുനിയുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നതില്ല. കാരണം സുജൂദിലേക്ക് കുനിയുന്ന സമയത്ത് അവന്‍ ഇമാമിനെ തുടര്‍ന്നിട്ടില്ല. അത് മസ്ബൂഖിന്‍റെ യഥാര്‍ത്ഥ സുജൂദിന്‍റെ സ്ഥാനവുമല്ല. സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തം അത്തഹിയ്യാത് എന്നീ അവസരത്തിലാണ് തുടര്‍ന്നതെങ്കിലും സുജൂദില്‍ തുടര്‍ന്ന പോലെത്തന്നെയാണ്.

രണ്ടാമത്തെ റക്അതിലാണ് തുടര്‍ന്നതെങ്കില്‍ അത്തഹിയ്യാത് കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ഇമാമിനെ പിന്പറ്റുന്നതിനായി കൈ ഉയര്‍ത്തലും തക്ബീര്‍ ചൊല്ലലും സുന്നതാണ്. 

ഇമാമിന്‍റെ അവസാന റക്അതിലെ അത്തഹിയ്യാതില്‍ ഇമാമിനോട് കൂടെ ഇരുന്നു അത്തഹിയ്യാത് സ്വലാത് ദുആ തുടങ്ങി സാധാരണ ചെയ്യുന്നതെല്ലാം ചെയ്യല്‍ സുന്നതാണ്. ഇമാം സലാം വീട്ടിയതിനു ശേഷം മഅ്മൂമിന്‍റെ ഇരുത്തത്തിന്‍റെ സ്ഥാനമല്ലെങ്കില്‍ ഇവ പൂര്‍ത്തിയാക്കാനോ മറ്റോ അവിടെത്തന്നെ ഇരിക്കുന്നത് ഹറാമാണ്. അത് ഹറാമാണെന്ന് ബോധ്യമുണ്ടായിരിക്കെ എഴുന്നേല്‍ക്കാന്‍ താമസിച്ചാല്‍ നിസ്കാരം ബാത്വിലാവും. 

ഇമാം സലാം വീട്ടിയതിനു ശേഷം എഴുന്നേല്‍ക്കുമ്പോള്‍ ഒറ്റക്ക് നിസ്കരിക്കുമ്പോള്‍ മഅ്മൂം ഇരിക്കേണ്ട സ്ഥാനമായിരുന്നെങ്കില്‍ തക്ബീര്‍ ചൊല്ലല്‍ സുന്നതാണ്. നാല് റക്അതുള്ള നിസ്കാരത്തില്‍ ഇമാമിന്‍റെ രണ്ട് റക്അത് കഴിഞ്ഞതിനു ശേഷമാണ് തുടര്‍ന്നതെങ്കില്‍ ഇമാമിന്‍റെ നാലാമത്തെ റക്അത് മഅ്മൂമിന്‍റെ രണ്ടാമത്തെ റകഅതായിരിക്കും. ഒറ്റക്ക് നിസ്കരിക്കുമ്പോള്‍ രണ്ടാം റകഅതില്‍ അത്തഹിയ്യാതിനു വേണ്ടി ഇരിക്കല്‍ സുന്നതുണ്ടല്ലോ. ഇവിടെ ഇമാമിന്‍റെ സലാമിനു ശേഷം മഅ്മൂം എഴുന്നേല്‍ക്കുമ്പോള്‍ തക്ബീര്‍ ചൊല്ലല്‍ സുന്നതാണ്. ഒറ്റക്ക് നിസ്കരിക്കുകയായിരുന്നെങ്കില്‍ മഅ്മൂം ഇരിക്കേണ്ട സ്ഥാനമായിരുന്നില്ലെങ്കില്‍ തക്ബീര്‍ ചോല്ലല്‍ സുന്നതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter