സുബ്ഹ് അസ്വറ് നിസ്കരിക്കാന്‍ പറ്റാത്ത സമയമേതാണ്?
ചോദ്യകർത്താവ്
Abdulla
Aug 23, 2017
CODE :Fiq8800
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സുബ്ഹ് അസ്റ് എന്നീ നിസ്കാരങ്ങള്‍ ഏത് സമയത്തും നിസ്കരിക്കാം. അസ്ര്‍ നിസ്കാരത്തിന്‍റെ സമയം അവസാനിക്കുന്നത് സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിക്കുന്നതോടെയാണ്, അഥവാ, മഗരിബിന്‍റെ സമയം തുടങ്ങുന്നത് വരെ എന്നര്‍ത്ഥം. وَقْتُ الْعَصْرِ مَا لَمْ تَغْرُبْ الشَّمْسُ സൂര്യന്‍ അസ്തമക്കാതിരിക്കുന്ന സമയം അസ്റിന്റെ സമയമാണ് എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഒരു വസ്തുവിന്റെ നിഴല്‍ ഇരട്ടിയാവുന്നതിന് മുമ്പ് തന്നെ അസ്റ് നിസ്കരിക്കുന്നതാണ് ഉത്തമം. ജിബ്‍രീല്‍ (അ) രണ്ട് ദിവസം അസ്വറ് നിസ്കരിച്ചു അതില്‍ രണ്ടാമത്തെ ദിവസം നിസ്കരിച്ചത് ഈ സമയത്താണ്. സൂര്യന്‍ മഞ്ഞ നിറമാവുന്നത് വരെ അസ്വറ് പിന്തിപ്പിക്കുന്നത് കറാഹതാണ്. ആ സമയമാവുന്നതിനു മുമ്പ് തന്നെ നിസ്കരിക്കലാണ് നല്ലത്. സൂര്യന്‍ ഉദിക്കുന്നത് വരെയാണ് സുബ്ഹിന്‍റെ സമയം. ആളുകളെ തിരിച്ചറിയും വിധം വെളിച്ചം പരക്കുന്നതിന് മുമ്പ് നിസ്കരിക്കുന്നതാണ് ഉത്തമം. സൂര്യന്‍ ചുവന്ന നിറമാവുന്ന സമയത്തിനപ്പുറത്തേക്ക് സുബ്ഹ് നിസ്കാരം പിന്തിപ്പിക്കല്‍ കറാഹതാണ്.
നിസ്കാരം ശക്തമായ കറാഹതുള്ള (തഹരീമിന്‍റെ കറാഹത്) ചില സമയങ്ങളുണ്ട്. സുബ്ഹി നിസ്കരിച്ച ശേഷം സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തോളം ഉയരുന്ന (ഏകദേശം 15 മിനുട്ട്)തുവരെയും അസ്റിന് ശേഷം സൂര്യന്‍ അസ്തമിക്കുന്നത് വരെയും വെള്ളിയാഴ്ച അല്ലാത്ത ദിവസം നട്ടുച്ച നേരവും (സൂര്യന്‍ നേരെ മധ്യത്തില്‍നില്‍ക്കുന്ന സമയം) ആണ് അത്തരം സമയങ്ങള്‍.. ആ സമയത്ത് പ്രത്യേക കാരണമില്ലാത്ത നിസ്കാരങ്ങളും (നിരുപാധിക സുന്നത് നിസ്കാരം, തസ്ബീഹ് നിസ്കാരം പോലെ) പിന്തിയ കാരണങ്ങളുള്ള നിസ്കാരങ്ങളും (ഇഹ്റാമിന്‍റെയും ഇസ്തിഖാറതിന്‍റെയും നിസ്കാരങ്ങള്‍ പോലെ) നിസ്കരിക്കലാണ് കറാഹതുള്ളത്. ത്വവാഫിന്‍റെ സുന്നത്, തഹിയ്യത് നിസ്കാരം പോലോത്ത മുന്തിയ കാരണങ്ങളുള്ളതോ മയ്യിത് നിസ്കാരമോ നഷ്ടപ്പെട്ടു പോയ ഫര്‍ളോ സുന്നതോ ആയ നിസ്കാരങ്ങളൊക്കെ ആ സമയത്തും നിസ്കരിക്കാവുന്നതാണ്. ഫര്‍ള് നിസ്കാരം ഖളാഅ് ആയത് എത്രയും വേഗം നിസ്കരിക്കേണ്ടതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ആ സമയത്ത് തന്നെ നിസ്കരിക്കണമെന്ന് കരുതി സുന്നത് നിസ്കാരങ്ങള്‍ അങ്ങോട്ട് പിന്തിക്കാന്‍ പാടില്ലെന്നും അങ്ങനെ ചെയ്യുന്ന പക്ഷം, ആ സമയത്ത് അതും ഹറാം ആകുമെന്നും കിതാബുകളില്‍ കാണാം.
ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍