യുഎഇയിലെ ഇമാമുമാര്‍ താടി കറുപ്പിക്കുന്നവരാണ്? അവരെ തുടര്‍ന്ന് നിസ്കരിക്കാമോ? അവിടുത്തെ ഇമാമുമാര്‍ നിസ്കാരത്തില്‍ മൂന്നിലേറെ പ്രാവശ്യം അനങ്ങുന്നവരാണ് അവരെ തുടര്‍ന്ന് നിസ്കരിക്കാമോ?
ചോദ്യകർത്താവ്
Abdulla Pk
Sep 19, 2017
CODE :Fiq8844
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
മുടിക്ക് കറുത്ത ചായം കൊടുക്കല്‍ ഹറാമാണ്. യുദ്ധമുഖത്തുള്ള സൈനികര്‍ക്ക് ശത്രുസൈന്യത്തില്‍ ഭയം ജനിപ്പിക്കാന്‍ സഹായിക്കുമെങ്കില്‍ അത് അനുവദനീയമാണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. അല്ലാത്ത സന്ദര്‍ഭങ്ങളിലെല്ലാം അത് നിഷിദ്ധം തന്നെ.
അത് നിത്യമായി ചെയ്യുന്നവനാണെങ്കില്‍, അതേക്കാള്‍ കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്ത പക്ഷം ഫാസിഖ് എന്ന ഗണത്തില്‍ പെടുന്നതാണ്. ഫാസിഖിനോട് തുടരല്‍ കറാഹതാണ്, തുടര്‍ച്ച ശരിയാവും. മറ്റുജമാഅതൊന്നും കിട്ടാത്ത പക്ഷം, ഫാസിഖിനോട് തുടരുന്നതിനേക്കാള്‍ ഉത്തമം ഒറ്റക്ക് നിസ്കരിക്കലാണെന്നാണ് പണ്ഡിതാഭിപ്രായം. ശാഫിഈ മദ്ഹബ് പ്രാകാരമാണ് ഇത് വരെ പറഞ്ഞത്. മറ്റു മദ്ഹബ് പ്രകാരം മുടി താടി കറുപ്പിക്കുന്നത് കറാഹതാണ്. കൂടുതലറിയാന്‍ ഇവിടെ വായിക്കാം. ഈ അഭിപ്രായമനുസരിച്ചായിരിക്കാം യുഎഇയിലെ ഇമാമുമാര്‍ താടി കറുപ്പിക്കുന്നത്.
നമ്മുടെ വിശ്വാസ പ്രകാരം ബാത്വിലാവുന്ന കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ ചെയ്യുന്ന ഇമാമുമാരെ തുടരല്‍ ശരിയാകില്ലെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലമായ അഭിപ്രായം. ഇമാമിന്‍റെ വിശ്വാസമനുസരിച്ച് നിസ്കാരം ബാത്വിലാകില്ലെങ്കില്‍ തുടരാമെന്ന് അഭിപ്രായവുമുണ്ട്. മൂന്ന് അനക്കം കൊണ്ട് നിസ്കാരം ബാത്വിലാവുമെന്നത് ശാഫിഈ മദ്ഹബിലെ അഭിപ്രായമാണ്. മറ്റു മദ്ഹബുകളില്‍ മൂന്ന് പോലോത്ത എണ്ണം പറഞ്ഞിട്ടില്ല. മറിച്ച് പുറത്തുള്ളവര്‍ കണ്ടാല്‍ അവന്‍ നസ്കാരത്തിലല്ല എന്ന് തോന്നും വിധം അനങ്ങിയാലേ ഹനഫീ മാലികീ മദ്ഹബു പ്രാകാരം നിസ്കാരം ബാത്വിലാവൂ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.