നിസ്കാരത്തില്‍ ഏമ്പക്കം മൂലം ഭക്ഷണസാധനങ്ങള്‍ പുറത്ത് വന്നാല്‍ എന്ത് ചെയ്യണം? അത് വസ്ത്രത്തിലേക്ക് തുപ്പിയാല്‍ വസ്ത്രം നജസാകുമോ?
ചോദ്യകർത്താവ്
Abdulla Pk
Sep 19, 2017
CODE :Fiq8846
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ആമാശയത്തില്‍ നിന്ന് തികട്ടി വരുന്നത് നജസാണ്. വെള്ളമായാലും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളായാലും വിധി ഒന്നു തന്നെ. ആമാശയത്തിലെത്തുന്നതിന് മുമ്പ് നെഞ്ചില്‍ നിന്ന് തന്നെ പുറത്ത് വരുന്നത് നജസല്ല. നജസായത് വായിലായാല്‍ വായ കഴുകി വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ 1/295, മജ്മൂഅ് 2/552)
നിസ്കാരത്തില്‍ തികട്ടി വന്നാല്‍ വായ നജസാണ്. നജസായ ഉടനെത്തന്നെ കഴുകി ശുദ്ധിയാക്കാന്‍ സാധിക്കുമെങ്കില്‍ ശുദ്ധിയാക്കി നിസ്കാരത്തില്‍ തുടരാം. അതിനു സാധ്യമല്ലെങ്കില്‍ നിസ്കാരം മുറിച്ച് ശുദ്ധിയാക്കി മാറ്റി നിസ്കരിക്കേണ്ടതാണ്. തികട്ടി വന്നത് തുപ്പിക്കളയല്‍ കൊണ്ട് മാത്രം വായ ശുദ്ധിയാകില്ല. നല്ല വെള്ളം കൊണ്ട് കഴുകല്‍ നിര്‍ബന്ധമാണ്.
തികട്ടി വന്നത് നജസാണെന്ന് നാം പറഞ്ഞല്ലോ. അത് വസ്ത്രത്തിലേക്ക് തുപ്പിയാല്‍ വസ്ത്രവും നജസാകും. അതോടെ നിസ്കാരം ബാത്വിലാവും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.