ജോലി കഴിഞ്ഞ് ഉറങ്ങുന്ന ഞാന്‍ അവസാന സമയത്താണ് അസ്വറ് നിസ്കരിക്കുന്നത്. ഇങ്ങനെ നിസ്കരിക്കല്‍ അദാഅ് തന്നെയല്ലേ?
ചോദ്യകർത്താവ്
Abdulla
Sep 26, 2017
CODE :Fiq8864
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
അസ്ര്‍ നിസ്കാരത്തിന്‍റെ സമയം അവസാനിക്കുന്നത് സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിക്കുന്നതോടെയാണ്, അഥവാ, മഗരിബിന്‍റെ സമയം തുടങ്ങുന്നത് വരെ എന്നര്‍ത്ഥം. وَقْتُ الْعَصْرِ مَا لَمْ تَغْرُبْ الشَّمْسُ സൂര്യന്‍ അസ്തമക്കാതിരിക്കുന്ന സമയം അസ്റിന്റെ സമയമാണ് എന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. ഒരു വസ്തുവിന്റെ നിഴല്‍ ഇരട്ടിയാവുന്നതിന് മുമ്പ് തന്നെ അസ്റ് നിസ്കരിക്കുന്നതാണ് ഉത്തമം. ജിബ്‍രീല്‍ (അ) രണ്ട് ദിവസം അസ്വറ് നിസ്കരിച്ചു അതില്‍ രണ്ടാമത്തെ ദിവസം നിസ്കരിച്ചത് ഈ സമയത്താണ്. സൂര്യന്‍ മഞ്ഞ നിറമാവുന്നത് വരെ അസ്വറ് പിന്തിപ്പിക്കുന്നത് കറാഹതാണ്. കറാഹതിന്‍റെ സമയമാവുന്നതിനു മുമ്പ് ഉണരാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് ഉണര്‍ന്ന് നിസ്കരിക്കാന്‍ പരമാവധി ശ്രമിക്കുക.
ഈ സമയത്തുള്ള ഉറക്കിനെ കുറിച്ച് അല്‍പം പറയാം. അസ്വറിന് ശേഷമുള്ള ഉറക്കം കാരണം ബുദ്ധിക്ക് തകരാറ് സംഭവിക്കുമെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. അത് സ്വഹീഹായ ഹദീസല്ല. എന്നാല്‍ ഈ സമയത്തുള്ള ഉറക്ക് ശാരീരികമായും ബുദ്ധിപരമായും പല അസുഖങ്ങള്‍ക്കും കാരണമാണെന്ന് പല പണ്ഡിതന്മാരും പറഞ്ഞതായി കാണാം. അസ്റിന് ശേഷം ഉറങ്ങല്‍ കറാഹതാണെന്നും അങ്ങനെ ഉറങ്ങുന്നവന്റെ ബുദ്ധിക്ക് തകരാറ് സംഭവിക്കുമോയെന്ന് പേടിക്കേണ്ടതുണ്ടെന്നും ഇമാം അഹ്മദ് ബ്നു ഹന്‍ബല്‍ (റ) പറഞ്ഞിട്ടുണ്ട്. അസ്റിന് ശേഷം ഉറങ്ങുന്നത് വസ്‍വാസിന് കാരണമായേക്കാമെന്ന് താബിഉകളില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടത് മുസ്വന്നഫുബ്നിഅബീശൈബയില്‍ കാണാവുന്നതാണ്.
ഭുരിഭാഗം പണ്ഡിതരും ഈ സമയത്തെ ഉറക്കം കറാഹതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.