മുടി കറുപ്പിച്ച ഒരാൾ മരിച്ചാൽ വെള്ളം ചേരാത്തതിനാൽ കുളിപ്പിക്കൽ ശരിയാവില്ല എന്നും അങ്ങിനെ വന്നാൽ അവന് വേണ്ടിയുള്ള മയ്യിത്ത് നിസകാരം ശരിയാകയില്ല എന്നും പറഞ്ഞ് കേട്ടു അത് ശരിയാണൊ? വിശദീകരിച്ചാലും
ചോദ്യകർത്താവ്
Abdul hameed
Sep 29, 2017
CODE :Fiq8873
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നരച്ച മുടിക്കും താടിക്കും മഞ്ഞയോ ചുവപ്പോ ചായം കൊടുക്കൽ സുന്നത്താണ്. എന്നാൽ തല മുടിയും താടിയും (യുദ്ധത്തിന് വേണ്ടിയല്ലാതെ) കറുപ്പിക്കൽ ഹറാമാണ്. അങ്ങനെ ചെയ്യുന്നവർക്ക് സ്വർഗത്തിന്റെ പരിമളം പോലും ലഭിക്കില്ലായെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട് (അബൂ ദാവൂദ്, നസാഈ). ഇക്കാര്യത്തിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ വിവരിച്ചു കൊണ്ട് ഇമാം നവവി (റ) പറയുന്നു ‘ഇത് ഹറാമാണെന്നത് സ്വഹീഹാണ് എന്ന് മാത്രമല്ല ഇത് തന്നെയാണ് വാസ്തവവും’ (الصحيح بل الصواب أنه حرام). എന്നാൽ ഭർത്താവിന്റെ മുന്നിൽ ഭംഗിയാക്കാൻ വേണ്ടി അദ്ദേഹത്തിന്റെ സമ്മതത്തോട് കൂടി ഭാര്യക്ക് മുടി കറുപ്പിക്കൽ അനുവദനീയമാണ് (റൌളത്തുത്ത്വാലിബീൻ, നിഹായ, ശർവാനി, കുർദി, ഇആനത്ത്). മറ്റു മൂന്ന് മദ്ഹബുകളിലും മുടിയും താടിയും കറുപ്പിക്കൽ കറാഹത്താണ് (ശറഹു ഇർശാദിസ്സാലിക്, ഹാശിയത്തുൽ അദവി, മത്വാലിബു ഉലിന്നുഹാ, ഇഖ്നാഅ്, ഹാശിയതു ഇബ്നി ആബിദീൻ) .
എന്നാൽ മുടിയും താടിയും കറുപ്പിച്ചവൻ വുളൂഅ് എടുത്താലോ കുളിച്ചാലോ അല്ലെങ്കിൽ അത്തരക്കാരെ തുടർന്നാലോ അത് ശരിയാകുമോ എന്നത് മറ്റൊരു വിഷയമാണ്. അത് ഇങ്ങനെ സംഗ്രഹിക്കാം. മുടിയും താടിയും ഹറാമായ കറുപ്പിച്ചതാണെങ്കിലും സുന്നത്തായ മഞ്ഞയോ ചുവപ്പോ കൊടുത്തതാണെങ്കിലും അത് പോലെ കളറ് കൊടുത്തത് നഖങ്ങളിലോ കൈകാലുകളിലോ ആണെങ്കിലും ഈ കളറ് കൊടുക്കാനുപയോഗിച്ച വസ്തു (ക്രീമായാലും പൌഡറായാലും മൈലാഞ്ചിയായാലും എന്തായാലും) വിന്റെ വല്ല അംശവും മുടിയിലോ താടിയിലോ നഖത്തിലോ അവയവങ്ങളിലോ പറ്റിച്ചേർന്ന് കിടക്കുന്നുണ്ടെങ്കിൽ അത് വെള്ളം ചേരുന്നതിനെ തടയും. അതിനാൽ വൂളൂഉം കുളിയും ശരിയാകില്ല. അപ്പോൾ അത് നീക്കിയതിന് ശേഷമാണ് വുളൂഅ് എടുക്കേണ്ടതും കുളിക്കേണ്ടതും. എന്നാൽ ഇവിടെയൊക്കെ കളറ് മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ (കളറ് കൊടുക്കാനുപയോഗിച്ച വസ്തുവിൽ നിന്ന് ലഭിക്കുന്ന കളറല്ലാതെ അതിന്റെ തടിയിൽ നിന്ന് ഒന്നും അവശേഷിക്കുന്നില്ലെങ്കിൽ) അത് വെള്ളം ചേരുന്നതിനെ തടയില്ല. അതിനാൽ വുളൂഉം കുളിയും ശരിയാകും. (ശറഹുൽ മുഹദ്ദബ്).
മയ്യിത്ത് കുളിയുടെ കാര്യവും ഭിന്നമല്ല. മയ്യിത്ത് മുടിയും താടിയും കറുപ്പിച്ചയാളാണെങ്കിലും മഞ്ഞച്ചായമോ ചുകപ്പ് ചായമോ കൊടുത്ത ആളാണെങ്കിലും അവ കളറ് കൊടുക്കാനുപയോഗിച്ച വസ്തുവിന്റെ വല്ല അംശവും മയ്യിത്തിന്റെ മുടിയിലോ താടിയിലോ അവശേഷിക്കുന്നുവെങ്കിൽ അത് ചൂടു വെള്ളമോ മറ്റോ ഉപയോഗിച്ച് നീക്കം ചെയ്യണം. എന്നിട്ട് മയ്യിത്തിനെ കുളിപ്പിക്കണം. കാരണം മയ്യിത്തിന്റെ ശരീരമാസകലം വെള്ളം ചേർക്കൽ നിർബന്ധമാണ്. വെറും കളറ് മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ അത് വെള്ളം ചേരലിനെ തടായത്തത് കൊണ്ട് അങ്ങനെത്തന്നെ കുളിപ്പിക്കാം. കുളിപ്പിക്കൽ ശരിയാകും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ