Assalamu alikkum. ഞാൻ ഓഫിസിലെ സമയത്തു വുളൂഹ് എടുക്കുമ്പോൾ കാൽ കഴുകൽ നിർബന്ധമുണ്ടോ ? സുബ്ഹിക്ക് വുളൂഹ് എടുത്താൽ സോക്സ് ധരിക്കും അപ്പോൾ ളുഹ്റിനും അസറിനും വ്ലൂഹ് എടുക്കുമ്പോൾ സോക്‌സിൻറെ മുകളിൽ തെടഞ്ഞാൽ മതിയാകുമോ ഓഫീസിൽ വുളൂഹ് എടുക്കാൻ സവ്കര്യം ഇല്ല അപ്പോൾ അങ്ങനെ ചെയ്യാൻ പറ്റുമോ
ചോദ്യകർത്താവ്
Hamsa Aboobakcer
Nov 4, 2018
CODE :Fiq8942
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
കാലിൽ ധരിച്ച് അതിനു മുകളില്‍ തടവൽ അനുവദനീയമായ ഖുഫ്ഫക്ക് നാലു നിബന്ധനകളുണ്ട്. ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയായതിന് ശേഷം അത് ധരിക്കുക, ഖുഫ്ഫ ശുദ്ധിയുള്ളതായിരിക്കുക, , വെള്ളം അകത്തേക്ക് പ്രവേശിക്കുന്നതിനെ തടയുന്ന വിധം വുളൂഇൽ കഴുകൽ നിർബ്ബന്ധമായ കാലിന്റെ ഭാഗം മുഴുവൻ മറയുന്നതായിരിക്കുക, പാദരക്ഷ പോലെ തന്റെ ആവശ്യങ്ങൾ നിർവ്വഹിക്കാൻ വേണ്ടിയും യാത്രക്കാരനാണെങ്കിൽ തന്റെ യാത്രയിലും (ചെരിപ്പോ ഷൂവോ ഇല്ലാതെ) ഇത് ധരിച്ചു കൊണ്ട് അനായാസം നടക്കാൻ സാധിക്കുന്നതാകുക എന്നിവയാണവ. ഈ നിബന്ധനകളില്ലാത്ത ഒന്നും ശറഅ് ഖുഫ്ഫയായി പരിഗണിക്കുകയോ അതിന്റെ മുകളിൽ തടവാൻ അനുവദിക്കുകയോ ചെയ്യുന്നില്ല. നാല് മദ്ഹബും ഇക്കാര്യത്തിൽ ഏകാഭിപ്രായക്കാരാണ്.
അതു കൊണ്ട് തന്നെ മുകളിൽ പറയപ്പെട്ട ഖുഫ്ഫയുടെ നിബന്ധനകളിൽ മൂന്നും നാലും നിബന്ധനകൾ ഒരു നിലക്കും പാലിക്കപ്പെടാത്ത സോക്സിന് മുകളിൽ തടവിയാൽ വുളൂഅ് ശരിയാകില്ല. ഒന്നുകിൽ ഷോക്സിന് പകരം നിബന്ധനയൊത്ത ഖുഫ്ഫ ധരിക്കണം, അതല്ലെങ്കിൽ കാൽ കഴുകണം. ഓഫീസിൽ വുളൂഅ് എടുക്കാൻ സൌകര്യമില്ലെങ്കിൽ പിന്നെ കാലല്ലാത്ത മറ്റു അവയവങ്ങൾ കഴുകാൻ കഴിയുന്നതെങ്ങനെയാണ്. ഇവിടെ കാല് കഴുകലും നനഞ്ഞ കാലിൽ സോക്സ് ധരിക്കലുമാണ് പ്രശ്നമെങ്കിൽ വുളൂഇന്റെ വെള്ളം കാലിലോ ഷോക്സിലോ ആയത് കൊണ്ട് യാതൊരു ദോഷവും സംഭവിക്കുകയില്ലയെന്ന് മനസ്സിലാക്കുക. പിന്നെ, വെള്ളം തെറിക്കാതെ കാല് കഴുകുക. മറ്റുള്ള സ്റ്റാഫുകളുടെ മാനസികാവസ്ഥ കൂടി ശ്രദ്ധിച്ചും കേട്ടും കണ്ടും ചെയ്യുക തുടങ്ങയവയൊക്കെ വേണമെന്നുണ്ടെങ്കിൽ നടക്കുന്നതും ഓഫീസിലാകുമ്പോൾ ഒന്നോ രണ്ടോ തവണ മാത്രം ആവശ്യമായി വരുന്നതുമായ കാര്യങ്ങളാണ്. കൂടെ അല്ലാഹുവിന്റെ സഹായവുമുണ്ടാകും. അതിനു പകരം ഒറ്റപ്പെട്ട ചില അഭിപ്രായങ്ങളിൽ വഞ്ചിതരായി വൂളൂഉം നിസ്കാരവും നഷ്ടപ്പെടുത്തുന്നത് അപകടകരമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.