പല്ലിന്റെ മോണയിൽ നിന്നോ മുഖത്തുളള കുരു അല്ലെങ്കിൽ ശരീരത്തിലുളള മുറിവിൽ നിന്നോ രക്തം വന്നാൽ വുളൂ മുറിയുമോ? നിസ്കരിക്കാരത്തിൽ വന്നാൽ എന്ത് ചെയും?
ചോദ്യകർത്താവ്
Muhammad Hy
Nov 23, 2018
CODE :Fiq8958
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പല്ലിന്റെ മോണയിൽ നിന്നോ മുഖത്തുളള കുരു അല്ലെങ്കിൽ ശരീരത്തിലുളള മുറിവിൽ നിന്നോ രക്തം വന്നാൽ വുളൂഅ് മുറിയില്ല. വുളൂഅ് മുറിയുന്നത് പ്രസിദ്ധമായ വേറേ നാലു കാര്യങ്ങളാലാണ്.
നിസ്കരിക്കുന്നവന്റെ ശരീരവും വസ്ത്രവും നിസ്കാര സ്ഥലവും നജ്സിൽ നിന്ന് ശുദ്ധിയാകൽ നിർബ്ബന്ധമാണ് എന്നാൽ ചില സന്ദർഭങ്ങളിൽ വരുന്ന രക്തത്തിന് ഇളവുണ്ട്. അവയിൽപ്പെട്ടതാണ് മുറിവിൽ നിന്നും കുരുവിൽ നിന്നുമൊക്കെ വരുന്ന രക്തം. നിസ്കാര സമയത്ത് (ഞെക്കുക, പിഴിയുക തുടങ്ങിയ) തന്റെ പ്രവര്‍ത്തനം മൂലമാണ് മുറിവില്‍ നിന്നോ കുരുവില്‍ നിന്നോ രക്തം വന്നതെങ്കില്‍ അതു പോലെ വന്ന രക്തം മുറിവിന്റെ പരിധിക്കപ്പുറത്തേക്ക് വ്യാപിച്ചു എങ്കില്‍ കുറച്ചാണെങ്കില്‍ ഇളവുണ്ട്, കൂടുതലാണെങ്കില്‍ ഇളവില്ല. എന്നാല്‍ തന്റെ പ്രവര്‍ത്തനം മൂലമല്ലാതെ രക്തം വരികയും മുറിയുടെ പരിധിക്കപ്പുറത്തേക്ക് അത് വ്യാപിക്കാതിരിക്കുകയും ചെയ്താല്‍ കുറച്ചായാലും കൂടുതലായാലും കുഴപ്പമില്ല. ഇങ്ങനെ വന്ന രക്തം (വുളൂഅ് ഉണ്ടാക്കുമ്പോള്‍ സ്വാഭാവികമായി അവശേഷിച്ച ശുദ്ധിയുള്ള വെള്ളമോ അത് പോലോത്തതോ അല്ലാത്ത) മറ്റേതെങ്കിലും വസ്തുവുമായി കൂടിച്ചേര്‍ന്നാല്‍ കുറച്ചാണെങ്കിലും കൂടുതലാണെങ്കിലും ഇത് കൊണ്ട് നിസ്കാരം ബാത്വിലാകും.
മോണയില്‍ നിന്ന് രക്തം വന്നാല്‍ അത് വന്നു എന്നത് കൊണ്ടോ ഉമിനീരുമായി അത് കൂടിച്ചേര്‍ന്നു എന്നത് കൊണ്ടോ നിസ്കാരം ബാത്വിലാകില്ല. എന്നാല്‍ ആ രക്തം ഉമിനീരിന്റെ കൂടെയോ അല്ലാതെയോ ഇറക്കിയാല്‍ നിസ്കാരം ബാത്വിലാകും
(ഫത്ഹുല്‍ മുഈന്‍, ബുജൈരിമി, ഇആനത്ത്).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.