ഒരാൾക്ക് പ്രായപൂർത്തി എത്തിയതിന് ശേഷം ഒരു പാട് നിസ്കാരം കണക്കാക്കാൻ പറ്റാത്ത വിധം വിട്ട് പോയി, അയാൾക്ക് അവ എങ്ങനെ വീട്ടാനാകും
ചോദ്യകർത്താവ്
Majeed
Dec 20, 2018
CODE :Fiq9009
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
കാരണം കൂടാതെയാണ് ഫര്ള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ എത്രയും പെട്ടെന്ന് ഖളാഅ് വീട്ടല്‍ നിബന്ധമാണ്. അതിനായി ഉറക്കം, തനിക്കും ചെലവ് കൊടുക്കല്‍ നിര്‍ബ്ബന്ധമായവര്‍ക്കുമുള്ള ചെലവിനുള്ള വകയുണ്ടാക്കല്‍, നിര്‍ബ്ബന്ധമായും ചെയ്തിരിക്കേണ്ട മറ്റു കാര്യങ്ങള‍് എന്നിവക്ക് ആവശ്യമായ സമയം കഴിച്ച് ബാക്കി എല്ലാ സമയവും ഖളാഅ് വീട്ടാന്‍ വിനിയോഗിക്കല്‍ നിര്‍ബ്ബന്ധമാണ്. അതിന് മുമ്പ് സുന്നത്ത് നിസ്കാരം (തറാവീഹോ, ളുഹായോ തഹജ്ജുദോ ഏതായാലും) നിസ്കരിച്ചാല്‍ ആ നിസ്കാരം ശരിയാകുമെങ്കിലും അങ്ങനെ സുന്നത്ത് നിസ്കരിക്കലും ഖളാഅ് വീട്ടാതെ മറ്റു കാര്യങ്ങൾ ചെയ്യലും വെറുതെയിരിക്കലും ഹറാമാണ്. മാത്രമല്ല നിലവില്‍ അദാആയ നിസ്കാരം ഖളാഅ് ആകില്ലെങ്കില്‍ ആ അദാആയ നിസ്കാരത്തിന് മുമ്പ് ഖളാഅ് വീട്ടാനുള്ളത് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. എന്നാല്‍ അദാആയ നിസ്കാരം ഖളാആകുമെന്ന് ഭയപ്പെട്ടാല്‍ അദാഅ് ആദ്യം നിസ്കരിക്കണം. പള്ളിയില്‍ ജമാഅത്ത് നടന്നു കൊണ്ടിരിക്കുകയാണെങ്കില്‍ പോലും അതില്‍ പങ്കെടുത്ത് അദാആയത് നിസ്കരിക്കാതെ ഖളാആയത് വീട്ടല്‍ നിര്‍ബ്ബന്ധമാണ്. ഖളാഅ് ആയ നിസ്കാരം എത്രയാണ് എന്ന് അറിയില്ലെങ്കിൽ പരമാവധി ഓർത്തെടുത്ത് ഇനിയൊന്നും ബാക്കിയുണ്ടാകില്ല (അഥവാ എല്ലാം ഖളാഅ് വീട്ടിക്കഴിഞ്ഞു) എന്ന് ഉറപ്പാകുന്നത് വരേ ഈ രീതിയില്‍ ഖളാഅ് വീട്ടിക്കൊണ്ടിരിക്കണം. എന്നാല്‍ നിവൃത്തിയില്ലാതെ ഉറങ്ങിപ്പോയി, മറന്നു പോയി തുടങ്ങിയ കാരണം കൊണ്ടാണ് ഫര്‍ള് നിസ്കാരം ഖളാഅ് ആയതെങ്കില്‍ ഖളാഅ് വീട്ടല് നിര്‍ബ്ബന്ധമാണെങ്കിലും അത് പെട്ടെന്ന് തന്നെ മേല്‍ പറയപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു കൊണ്ടാകല്‍ സുന്നത്താണ്. (ഫത്ഹുല്‍ മുഈന്‍, തുഹ്ഫ, നിഹായ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.