ജമാഅത്ത് നിസ്ക്കരിക്കുംപോൾ ചില മ അമൂമുകൾ റുകൂഇലേക്കും സുജൂദിലേക്കും പോകുന്നത് ഇമാമിന്റെ കൂടെ അല്ലാതെ വൈകിയാണ്, ശ്രദ്ധയോടെയുള്ള സൂറത്തുകളും ദിക്റുകളും ആവുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇങ്ങനെ വൈകുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

ചോദ്യകർത്താവ്

Abdul majeed

Dec 28, 2018

CODE :Fiq9019

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒന്നാമത്തെ റക്അത്തിലായാലും രണ്ടാമത്തേയും മൂന്നാമത്തേയും നാലാമത്തേയും റക്അത്തുകളിലായാലും ഇമാമിന്റെ കൂടെ നിർത്തത്തിൽ ആവേറേജ് സമയം കൊണ്ട് ഫാതിഹ ഓതാൻ സമയം കിട്ടാത്ത മഅ്മൂമിനാണ് മസ്ബൂഖ് എന്ന് പറയുന്നത്.  ഇമാമിനോട് കൂടെ തുടരാൻ വൈകുന്നത് കൊണ്ടാണ് ഒന്നാമത്തെ റക്അത്തിൽ സാധാരാണ ഫാതിഹ ഓതാൻ സമയം തികയാതെ വരുന്നത്. റുകൂഉം ഇഅ്തിദാലും സജുദുമൊക്കെ സാവധാനം ചെയ്ത് എഴുന്നേൽക്കുന്നത് കൊണ്ടോ നല്ല തിരക്ക് കാരണമോ ആണ് സാധാരണ മറ്റു റക്അത്തുകളിൽ ഫാതിഹ ഓതാൻ സമയം തികയാതെ വരുന്നത്. ഇത്തരം ഘട്ടങ്ങളിൽ ഒന്നാമത്തെ റക്അത്തിലാണെങ്കിൽ വജ്ജഹ്തുവും അഊദുവും ഓതാതെ (മറ്റു റക്അത്തുകളിൽ അഊദു ഓതാതെ) അത് പോലെ വെറുതെ മൌനമായി നിൽക്കാതെ വേഗം ഫാതിഹ ഓതിത്തുടങ്ങണം. എന്നിട്ട് ഫാതിഹ ഓതിത്തീരുന്നതിന് മുമ്പ് ഇമാം റകൂഇലേക്ക് പോയാൽ മസ്ബൂഖായ മഅ്മൂമും കൂടെ റുകൂഇലേക്ക് പോകണം. അയാളുടെ ബാക്കിയുള്ള ഫാത്തിഹ ഇമാം വഹിക്കും. എന്നാൽ ഇത്തരം ഒരു ഘട്ടത്തിൽ വജ്ജ്ഹത്തുവും അഊദുവും ഓതുകയോ വെറുതെ മൌനമായി നിൽക്കുകയോ ചെയ്തിട്ടാണ് ഫാത്തിഹ ഓതിത്തുടങ്ങിയതെങ്കിൽ ആ ഫാതിഹ പൂർത്തിയാകുന്നതിന് മുമ്പ് ഇമാമിന്റെ കൂടെ റൂകൂഇലേക്ക് പോകരുത്. അഥവാ പോയാൽ നിസ്കാരം ബാത്വിലാകും. പകരം വജ്ജ്ഹത്തുവും അഊദുവും ഓതാൻ എടുത്ത സമയവും വെറുതേ മൌനമായി നിന്ന സമയവും കൂടി ഫാതിഹ ഓതണം. എന്നിട്ട് ഇമാം റുകൂഇൽ നിന്ന് ഉയർന്നില്ലെങ്കിൽ റകൂഉ് ചെയ്യണം. റുകൂഇൽ ഇമാമിന്റെ കൂടെ അടക്കം ലഭിച്ചാൽ റുകൂഉം ആ റക്അത്തും ഇയാൾക്ക് ലഭിക്കും. റുകൂഇൽ ഇമാമിന്റെ കൂടെ അടക്കം ലഭിച്ചില്ലെങ്കിൽ ഇമാം സലാം വീട്ടിയതിന് ശേഷം ഒരു റക്അത്ത് അധികമായി നിസ്കരിക്കണം. ഇനി ഇങ്ങനെ ഫാത്തിഹ ഓതിത്തീന്നപ്പോഴേക്കും ഇമാം റുകൂഇൽ നിന്ന് ഇഅ്തിദാലിലേക്ക് ഉയർന്നാൽ പിന്നെ മസ്ബൂഖ് റുകൂഅ് ചെയ്യരുത്. ചെയ്താൽ നിസ്കാരം ബാത്വിലാകും. പകരം ഇമാമിനെ ഇഅ്താലിലോ സൂജുദിലോ (ഫാതിഹ ഓതിത്തിരുമ്പോൾ ഇമാം എവിടെയാണോ അവടെ) നേരെ തുടരണം എന്നിട്ട് ഇമാം സലാം വീട്ടിയതിന് ശേഷം ഒരു റക്അത്ത് അധികമായി നിസ്കരിക്കകയും വേണം. (ഇആനതു ത്വാലിബീൻ)

എന്നാൽ ഒന്നാമത്തെ റക്അത്തിലാണെങ്കിലും മറ്റു റക്അത്തുകളിലാണെങ്കിലും ഇമാമിന്റെ കൂടെ ഫാതിഹ ഓതാൻ ആവരറേജ് സമയം ലഭിച്ച മഅ്മൂമാണ് മുവാഫിഖ്. ഇത്തരം മഅ്മൂമുകൾ സാവധാനം ഫാതിഹ ഓതിയത് കാരണമോ ഇമാം വേഗം ഫാതിഹ ഓതിയത് കാരണമോ ഇമാമ് റുകൂഇലേക്ക് പോയാൽ കൂടെ പോകാതെ ഫാതിഹ പൂർത്തിയാക്കണം. ഇമാം റുകൂഉം ഇഅ്തിദാലും ഒന്നാമത്തെ സുജൂദും സുജൂദിന് ഇടയിലെ ഇരുത്തവും രണ്ടാമത്തെ സുജൂദും കഴിയുന്നതിന് മുമ്പ് മുവാഫിഖായ മഅ്മൂം ഫാതിഹ ഓതിത്തീർന്നാൽ സാദാ പോലെ റുകൂഅ് ചെയ്ത് ഇഅ്തിദാല് ചെയ്ത് അങ്ങനെ ഇമാമിനൊപ്പം എത്തുകയോ നീണ്ട മൂന്ന് റുക്നുളേക്കാൾ (ഇഅ്തിദാലും രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തവും നീണ്ട റുക്നുകൾ അല്ലാത്തതിനാൽ അവ പരിഗണിക്കില്ല) ഇമാമിനോട് പിന്താതെ നിസ്കാരം തുടരുകയോ ചെയ്യുക. എന്നാൽ ഇമാം രണ്ടാമത്തെ സൂജദിൽ നിന്ന് നിർത്തത്തിലേക്കോ അത്തഹിയ്യാത്തിലേക്കോ ഉയർന്നതിന് ശേഷമാണ് മുവാഫിഖായ മഅ്മൂം ഫാത്തിഹ ഓതിത്തീർന്നതെങ്കിൽ പിന്നെ റുകൂഓ ഇഅ്ദാലോ ഒന്നും ചെയ്യാൻ നിൽക്കാതെ വേഗം ഇമാമിനെ നിർത്തത്തിലോ അത്തഹിയ്യാത്തിലോ നേരിട്ട് തുടരുകയും ഇമാം സലാം വീട്ടിയതിന് ശേഷം ഒരു റക്അത്ത് അധികമായി നിസ്കരിക്കകയും ചെയ്യണം. അല്ലെങ്കിൽ ഇമാമിൽ നിന്ന് വേർപ്പെടുന്നുവെന്ന് നിയ്യത്ത് ചെയ്ത് അവിടന്നങ്ങോട്ട് റുകൂഉം ഇഅ്ദാലുമൊക്കെ സാധാരണ പോലെ ചെയ്ത് ഒറ്റക്ക് നിസ്കരിക്കണം. ഇത് രണ്ടും ചെയ്തില്ലെങ്കിൽ നിസ്കാരം ബാത്വിലാകും. (ഫത്ഹുൽ മുഈൻ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter