ഇവിടെ (ഷാർജ) വെള്ളിയാഴ്ച 11 മണിക്ക് ളുഹ്ർ ബാങ്ക് കൊടുക്കുകയും ശേഷം രണ്ടാം ബാങ്കായിട്ടാണ് 12 .20 (സാധാരണ ദിവസങ്ങളിലെ ളുഹ്‌റിന്റെ സമയം ) നു മറ്റൊരു ബാങ്കും കൊടുക്കുന്നത്. ഈ രണ്ടാം ബാങ്കോട് കൂടി ഇമാം ഖുത്ബ ആരംഭിക്കുകയും ചെയ്യും.. അപ്പോൾ ഈ 11 മണിക്കുള്ള ബാങ്കിന് ശേഷം എനിക്ക് ജുമുഅക്ക് മുമ്പുള്ള സുന്നത് നിസ്കാരം നിർവഹിക്കാൻ പറ്റുമോ ? രണ്ടാം ബാങ്കിന് ശേഷം സുന്നത് നിസ്കരിക്കാനുള്ള സമയം ഇല്ല.

ചോദ്യകർത്താവ്

Farhan

Dec 29, 2018

CODE :Fiq9022

കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ജുമുഅയുടെ മുമ്പുള്ള റവാതിബ് സുന്നത്ത് നിസ്കരിക്കാന്‍ ജുമുഅയുടെ സമയം ആകല്‍ ശര്‍ത്വാണ്. അതു കൊണ്ട് സമയം ആകുന്നതിന് മുമ്പ് ഒന്നാം ബാങ്ക് കൊടുത്തുവെന്ന് കരുതി അപ്പോള്‍ നിസ്കരിച്ചാല്‍ ശരിയാകില്ല. അതേ സമയം ജുമുഅയുടെ മുമ്പ് നിസ്കരിക്കേണ്ട റവാതിബ് നിസ്കാരം ജുമുഅക്ക് ശേഷം നിസ്കരിക്കല്‍ അനുവദനീയമാണ്. ജമാഅത്ത് നിസ്കാരം നടന്നു കൊണ്ടിരിക്കുകയോ ഇഖാമത്ത് കൊടുക്കുകയോ ഇഖാമാത്ത് കൊടുക്കാനാകുകയോ ചെയ്താല്‍ ആ സമയത്ത് മുമ്പുള്ള റവാതിബ് നിസ്കരിക്കാതെ ജമാഅത്തില്‍ പങ്കെടുക്കുകയും ശേഷം അത് നിസ്കരിക്കുകയും ചെയ്യലാണ് സുന്നത്ത്. അഥവാ ആ സമയങ്ങളില്‍ ജമാഅത്തില്‍ പങ്കെടുക്കാതെ മുമ്പുള്ള റവാതിബ് നിസ്കരിക്കല്‍ കറാഹത്താണ്. ജുമുഅക്ക് സമയമായി എന്നറിയിക്കാനുള്ള ബാങ്ക് (രണ്ടാം ബാങ്ക്) കൊടുത്തതിന് ശേഷം മറ്റു നിസ്കാരങ്ങള്‍ അനുവദനീയമല്ലെങ്കിലും ഹ്രസ്വമായി തഹിയ്യത്ത് നിസ്കരിക്കാവുന്നതാണ്. ആ സമയത്ത് തഹിയ്യത്തിന് നിയ്യത്ത് വെക്കുമ്പോള്‍ കൂടെ ജുമുഅയുടെ മുമ്പുള്ള രണ്ട് റക്അത്ത് റവാതിബു കൂടി കരുതിയാല്‍ രണ്ടിന്റേയും അടിസ്ഥാന പ്രതിഫലം ലഭിക്കുകയും ചെയ്യും. (തുഹ്ഫ, ഫത്ഹുല്‍ മുഈന്‍, ഇആനത്ത്). ചുരുക്കത്തില്‍ സമയം ആകുന്നതിന് മുമ്പ് ബാങ്ക് കൊടുത്തുവെന്ന് കരുതി റവാതിബ് നിസ്കരിച്ചാല്‍ ശരിയാകില്ല.  പരകം ഒന്നുകില്‍ ജുമുഅത്ത് ശേഷം നിസ്കരിക്കാം, അല്ലെങ്കില്‍ തഹിയ്യത്ത് നിസകരിക്കാന്‍ സാധിക്കുമെങ്കില്‍ അതിന്റെ കൂടെ മുമ്പുള്ള റവാതിബ് നിസകാരം കൂടി കരുതി നിസ്കരിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter