നിസ്കാരത്തിൽ ആദ്യ രണ്ടു റ കാഹത്തില് ഫാതിഹക്ക് ശേഷം സുറത് ഓതണം എന്നും പിനീടുള്ള രകാഹത്തിൽ ഫാത്തിഹ മാത്രം ഓതിയാൽ മതി എന്നും പറയുന്നതിന്റെ വിധി?
ചോദ്യകർത്താവ്
Saleem
Jan 1, 2019
CODE :Fiq9032
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
റസൂൽ (സ്വ)യും സ്വഹാബത്തും അങ്ങനെ ചെയ്യുകയും ചെയ്യാൻ വേണ്ടി കൽപ്പിക്കുകയും ചെയ്തിരുന്നുവെന്നതാണ് അതിന് കാരണം. നബി (സ്വ) വല്ലതും പറയുകയോ ചെയ്യകുയോ ചെയ്യുന്നെങ്കിൽ അത് അല്ലാഹുവിങ്കൽ നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും (സൂറത്തുന്നജ്ം).
അബൂ ഖതാദഃ (റ) പറയുന്നു: നബി (സ്വ) ളുഹ്റിന്റേയും അസ്വറിന്റേയും ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹയും സൂറത്തും അവസാനത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹ മാത്രവും ഓതാറുണ്ടായിരുന്നു. ചിലപ്പോൾ ഓതുന്ന ആയത്തുകൾ ഞങ്ങളെ കേൾപ്പിക്കുകയും ചെയ്തിരുന്നു (ബുഖാരി, മുസ്ലിം). ശുറൈഹ് (റ)ന് ഉമർ (റ) കത്തെഴുതി: താങ്കൾ ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹയും സൂറത്തും അവസാനത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹ മാത്രവും ഓതണം (അൽ ഔസത്വ്). ളുഹ്റിനും അസ്വറിനും മഅ്മൂമീങ്ങൾ ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹയും സൂറത്തും അവസാനത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹ മാത്രവും ഓതാൻ അലീ (റ) കൽപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു (ദാറഖുത്നീ). ഇബ്നു സീരീൻ (റ) പറയുന്നു: ആദ്യത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹയും സൂറത്തും അവസാനത്തെ രണ്ട് റക്അത്തുകളിൽ ഫാതിഹ മാത്രവും ഓതണം എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉള്ളതായി അറിയില്ല (മുഗ്നി),
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.