ഉറക്കെ ഓതൽ സുന്നത്തുള്ള നിസ്കാരത്തിൽ, ഇമാം സൂറത്തുകളുടെ കുറച്ചു ഭാഗങ്ങൾ പതുക്കെ ഓതുന്നതായി നമ്മുടെ നാടുകളിൽ കണ്ടു വരുന്നു. ഇതിന്റെ അടിസ്ഥാനം ? അത് പോലെ പ്രത്യേകം ഓതൽ സുന്നത്തായ സൂറത്തുകളുടെ (ഉദാ: വെള്ളിയാഴ്ച രാവു ഇശാ നിസ്കാരത്തിലെ 'ജുമുഅഃ ' സൂറത്) അവസാന ഭാഗം/ കുറച്ചു ഭാഗം മാത്രം ഓതിയാൽ അടിസ്ഥാന സുന്നത്തു ലഭിക്കിമോ? അങ്ങനെ പകുതി ഓതലാണോ ഏതെങ്കിലും സൂറത് പരിപൂർണമായി ഓതലാണോ ഉത്തമം ?
ചോദ്യകർത്താവ്
Ubaib
Feb 2, 2019
CODE :Fiq9106
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മഅ്മൂമീങ്ങള്‍ ഫാതിഹ ഓതും എന്ന് പ്രതീക്ഷയുണ്ടെങ്കില്‍ ഇമാം ഫാതിഹ ഓതിയതിന്റെ ശേഷം മഅ്മൂം ഫാതിഹ ഓതാനുള്ള സമയം ഇമാം പതുക്കെ ഓതുകയോ ദിക്റ് ചൊല്ലുകയോ ചെയ്യല്‍ സുന്നത്താണ്. എന്നാല്‍ ഏതെങ്കിലും സൂറത്ത് ഓതുകയാണ് നല്ലത്. ആ സമയത്ത് ചോദ്യത്തില്‍ പറയപ്പെട്ടത് പോലെയുള്ള സൂറത്തുകളുടെ ആദ്യ ഭാഗം (മഅ്മൂം ഫാതിഹ ഓതുന്നത് പരിഗണിച്ച്) പതുക്കെയും അവസാന ഭാഗം ഉറക്കെയും ഓതാം. ഇതും സുന്നത്താണ് (ഹാശിയത്തുന്നിഹായ, ഫത്ഹുല്‍ മുഈന്‍). ഈ രീതിയാണ് പൊതുവെ നമ്മുടെ നാട്ടില്‍ പിന്തുടരുന്നത്. അതു കൊണ്ടാണ് سورة الأعلىയുടേയും سورة ألغاشيةടേയും ആദ്യ ഭാഗം ഇമാം പതുക്കെ ഓതുകയും അവസാന ഭാഗം ഉറക്കെ ഓതുകയും ചെയ്യുന്നത്. എന്നാല്‍ ആദ്യ ഭാഗം ഓതാതെ മിണ്ടാതിരിക്കുകയാണ് ചെയ്യുന്നതെങ്കില്‍ അത് സുന്നത്തില്ല.
പിന്നെ, ഫാതിഹക്ക് ശേഷം ഒരു ആയത്തോ ഒന്നിലധികം ആയത്തുകളോ ഓതല്‍ സുന്നത്താണ്. ആയത്ത് ഓതുകയാണെങ്കില്‍ മൂന്ന് ആയത്ത് ഓതലാണ് ഉത്തമം. എന്നാല്‍ ഏതെങ്കിലും സൂറത്തിന്റെ ഭാഗം (അത് എത്ര കൂടുതലാണെങ്കിലും) ഓതുന്നതിനേക്കാള്‍ നല്ലത് ഒരു ചെറിയ സൂറത്ത് ഓതലാണ് (ഫത്ഹുല്‍ മുഈന്‍)
.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.