അസ്സലാമുഅലൈക്കും .ഞാൻ വര്ഷങ്ങളായി ബാംഗ്ലൂരിലും,മൈസൂരിലും IT കമ്പനിയിൽ ജോലി ചെയ്യുകയാണ് .എന്റെ ചുറ്റുപാടുമുള്ള പള്ളികളെല്ലാം ഹനഫി പള്ളികളാണ്.shafi മദ്ഹബ്കാരനായ ഞാൻ എങ്ങനെയാണ് ഹനഫി ഇമാമിനെ പിൻപറ്റുക എന്ന് പറഞ്ഞു തരുമോ? ഞാൻ പല പണ്ഡിതന്മാരുടെയും അഭിപ്രായം കേട്ടിട്ടുണ്ട് .തല മുഴുവൻ തടവി അവരെ പിന്പറ്റിയാൽ നിസ്കാരം ശരിയാകുമോ ?അവർക്കു ഫാതിഹയുടെ മുന്നെ ബിസ്മി സുന്നത്തും ,ഷാഫി മദ്ഹബിൽ അത് ഫർളുമാണ് എന്ന് കേട്ടിട്ടുണ്ട് ,അപ്പോൾ ഹനഫി ഇമാമീങ്ങൾ ബിസ്മി പതുക്കെ ചൊല്ലിയില്ലെങ്കിൽ നിസ്കാരം ശരിയാകുമോ ?എപ്പോഴൊക്കെ ഹനഫി ഇമാമിനെ പിന്തുടരുന്നുവോ അപ്പോൾ താത്കാലികമായി ഹനഫി മദ്‌ഹബിലേക്കു മാറാൻ പറ്റുമോ ?
ചോദ്യകർത്താവ്
Mohammed Shihab
Feb 7, 2019
CODE :Fiq9136
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഒരാളെ തുടർന്ന് നിസ്കരിക്കണമെങ്കിൽ മഅ്മൂമിന്റെ വിശ്വാസത്തിൽ ഇമാം നിസ്കാരം ബാത്വിലാകുന്ന കാര്യം ചെയ്യാൻ പാടില്ല. അങ്ങനെ വല്ലതും സംഭവിച്ചാൽ ആ തുടർച്ച ശരിയാകില്ല. (തുഹ്ഫ). ഫാതിഹയിൽ ബിസ്മി ഓതൽ നിർബ്ബന്ധവും അത് ഓതാതിരുന്നാൽ ഫാതിഹ സ്വഹീഹാകുന്നതുമല്ല. നിസ്കാരത്തിന്റെ റക്ൻ ആയ ഫാതിഹ ശരിയായില്ലെങ്കിൽ നിസ്കാരവും ശരിയാകില്ല (തുഹ്ഫ). അതിനാൽ ഇമാം ബിസ്മി ഓതുന്നില്ലായെന്ന് ഉറപ്പാണെങ്കിൽ ശാഫിഈ മദ്ഹബുകാരൻ അദ്ദേഹത്തെ തുടരാൻ പാടില്ല, ആ തുടർച്ച ശരിയാകില്ല. അതിനാൽ ഒറ്റക്ക് നിസ്കരക്കണം. ഇനി ഒരു വിഷയത്തിൽ മറ്റൊരു മദ്ഹബ് തഖ്ലീദ് ചെയ്യണമെങ്കിൽ ആ വിഷയത്തിൽ (ഉദാ. നിസ്കാരം) ആ മദ്ഹബിന്റെ വീക്ഷണത്തിലുള്ള ശർത്വുകൾ, ഫർളുകൾ, ബാത്വിലാകുന്ന കാര്യങ്ങൾ തുടങ്ങിയവ ശരിയായ വിധം അറിയുകുയും അവ പാലിച്ചു കൊണ്ട് ആ കർമ്മം നിർവ്വഹിക്കുകയും വേണം. അല്ലാതെ വെറുതെ ഞാൻ ഹനഫീ മദ്ഹബ് അനുസരിച്ച് നിസ്കരിക്കുന്നുവെന്ന് കരുതി നിസ്കരിക്കാൻ പറ്റില്ല. (ഫതാവൽ കുബ്റാ)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.