പ്രസവം കഴിഞ്ഞു 20 ദിവസം കഴിഞ്ഞപ്പോൾ ഭാര്യയുടെ രക്തം പോക്ക് (നിഫാസ്) നിന്നു. അപ്പോൾ അവൾക്ക് നിസ്കാരം നിർവഹിക്കാൻ തുടങ്ങേണ്ടതുണ്ടോ.. ഉമ്മ പറയുന്നു 33 ദിവസം എങ്കിലും കഴിയാതെ റുകൂഹ് സുജൂദ് പോലെയൊക്കെ ചെയ്യുന്നത് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നാണ്.. എന്താണ് ഈ അവസ്ഥയിൽ ചെയ്യേണ്ടത്. ?
ചോദ്യകർത്താവ്
Fahad
Jul 31, 2019
CODE :Fiq9387
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പ്രസവം കഴിഞ്ഞ് ഒരൊറ്റ നിമിഷം കൊണ്ട് പ്രസവ രക്തം (നിഫാസ്) നിന്നാൽ അവർ കുളിച്ച് നിസ്കരിക്കൽ നിർബ്ബന്ധമാണ് . ഇത് ശർഇന്റെ കൽപനയാണ്. ഇക്കാര്യത്തിൽ നാലു മദ്ഹബിലും പൊതുവേ അഭിപ്രായ വ്യത്യാസം കാണുന്നില്ല (മബ്സൂത്വ്, ബദാഇഉസ്സ്വനാഇഅ്, അൽകാഫീ, ബിദായത്തുൽ മുജ്തഹിദ്, തുഹ്ഫ, മജ്മൂഅ്, അൽഹാവീ അൽകബീർ, ഫുറൂഅ്, മുഗ്നി ഇബ്നു ഖുദാമഃ). അപ്പോൾ പിന്നെ 20 ദിവസം കൊണ്ട് ഭാര്യയുടെ നിഫാസ് മുറിഞ്ഞാൽ എന്തായാലും കുളിച്ച് നിസ്കരിക്കണം എന്ന കാര്യത്തിൽ തർക്കമില്ലല്ലോ..
പിന്നെ, 10 മാസം ഗർഭം ചുമന്ന് കുഞ്ഞിനെ പ്രസവിക്കുമ്പോൾ ഒരു സ്ത്രീ ശാരീരികമായി പ്രയാസപ്പെടുമെന്ന കാര്യം തീർച്ചയാണ്. അത് കൊണ്ട് തന്നെ ശാരീരികമായ സ്വാസ്ഥ്യം തിരിച്ചു കിട്ടുന്നത് വരേ ഭാരമുള്ളതോ മറ്റു വിധത്തിൽ ശരീരത്തെ ക്ഷീണിപ്പിക്കുന്ന തരത്തിലുള്ളതോ ആയ ജോലി ചെയ്യുന്നത് ശ്രദ്ധിക്കേണ്ടതും അവർക്ക് മതിയായ വിശ്രമവും ആരോഗ്യ പരിരക്ഷയും ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തേണ്ടതുമാണ്. പക്ഷേ, അതിന്റെ പേരിൽ ഒരു വ്യായാമവും ചെയ്യാതെ കൊഴുപ്പുള്ളതും അല്ലാത്തതുമായ പലതരം ഭക്ഷണപദാർത്ഥങ്ങൾ ഇടതടവില്ലാതെ ഉണ്ടും ദഹിപ്പിച്ചും ഉറങ്ങിയും ദേഹം തടപ്പിച്ചും മാത്രം ദിവസങ്ങളോളം പരിപൂർണ്ണ വിശ്രമത്തിന് സാഹചര്യമൊരുക്കുന്നത് കാലങ്ങളായി നാട്ടു നടപ്പാണെങ്കിലും അത് ഗുണത്തിലേറെ ദോഷമാണ് വരുത്തിവെക്കുക എന്ന കാര്യവും ഏറെ ഗൌരവത്തിലെടുക്കേണ്ടതാണ്. എന്നാൽ നിസ്കാരം എന്നത് ഭാരമുള്ളതോ ശരീരത്തിന് താങ്ങാൻ കഴിയാത്തതോ ആയ ഒരു സാഹസമല്ല. പ്രത്യുത ശരീരത്തിലെ എല്ലാ അവയവങ്ങളേയും സകല നാടികളേയും സന്ധികളേയും ഹൃദയത്തേയും തലച്ചോറിനേയുമൊക്കെ കൂടുതൽ പ്രവർത്തനക്ഷമവും ആരോഗ്യപ്രദവുമാക്കുന്നതും ശരീരത്തിന് മൊത്തം ഉന്മേഷവും കുളിർമ്മയുമേകുന്നതുമായ അതിവിശിഷ്ഠമായ ആരാധാനാ കർമ്മമാണ്. പ്രായ പൂർത്തിയും ബുദ്ധിയുമുള്ള ഒരു സ്ത്രീക്ക് ഹൈളും നിഫാസുമില്ലാത്ത ഏത് അവസരത്തിലും നിസ്കാരത്തിന്റെ കാര്യത്തിൽ ഇളവ് ചെയ്യപ്പെടുന്നില്ല. നിൽക്കാനോ ഇരിക്കാനോ സുജൂദ് ചെയ്യാനോ മറ്റോ ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ അവർക്ക് കഴിയുന്നത് പോലെ നിസ്കരിക്കൽ നിർബ്ബന്ധമാണ്. നിന്നും ഇരുന്നും കിടന്നും നിസ്കാരിക്കാൻ കഴിയാത്തവിധം ശരീരം ദുർബ്ബലമായിട്ടുണ്ടെങ്കിൽ കൺപോളകൾ കൊണ്ടും അതിനും സാധിക്കുന്നില്ലെങ്കിൽ ഹൃദയം കൊണ്ടും നിസ്കരിക്കണമെന്നാണ് അല്ലാഹുവിന്റെ കൽപന. ഇത്തരം കാര്യങ്ങൾ പലപ്പോഴും ശ്രദ്ധയിൽ വരാത്തത് കൊണ്ടും നമ്മുടെ നാട്ടിൽ കാലങ്ങളായി നിലനിൽക്കുന്ന പ്രസവാനന്തര വികല ശുശ്രൂഷാ സിദ്ധാന്തങ്ങളിൽ തെറ്റിദ്ധരിച്ചത് കൊണ്ടുമാകുാം മക്കളുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കുന്ന വാൽസല്യ നിധികളായ ഉമ്മമാർ ഇങ്ങനെയൊക്കെ അറിയാതെ പറഞ്ഞു പോകുന്നത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ