യാത്രയിലല്ലാതെ ജംഹും ഖസ്‌റും ആക്കാൻ പറ്റുന്ന സന്ദർഭങ്ങൾ ഏതൊക്കെയാണ്? മുല കൊടുക്കുന്ന സ്ത്രീകൾക്ക് ജംഹും ഖസ്‌റും ആക്കാൻ പറ്റുമോ ? അത് പോലെ ജോലി സംബന്ധമായി തിരക്കുകൾ ഉള്ളവർക്കും അനുവദനീയമാണോ ?
ചോദ്യകർത്താവ്
Farhan
Aug 4, 2019
CODE :Fiq9392
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.
നാലു റക്അതുള്ള നിസ്കാരങ്ങൾ രണ്ടു റക്അതായി നിസ്കരിക്കുന്നതാണ് ഖസ്റാക്കൽ. ഹലാലായ ദീർഘ യാത്ര ചെയ്യുന്നവർക്കേ ഖസ്ർ ആക്കി നിസ്കരിക്കാൻ ഇളവുള്ളൂ. അല്ലാത്തവർ നാലു റക്അത് പൂർണ്ണമായും നിസ്കരിക്കണം.
രണ്ടു നേരത്തെ നിസ്കാരങ്ങൾ അവയിലൊന്നിന്‍റെ സമയത്ത് ഒന്നിച്ച് നിസ്കരിക്കുന്നതാണ് ജംആക്കൽ. ളുഹ്റും അസ്വറും ഒന്നിച്ചു നിസ്കരിക്കാം. മഗ്റിബും ഇശാഉം ഒന്നിച്ചു നിസ്കരിക്കാം. മറ്റു നിസ്കാരങ്ങൾ ഇതു പോലെ ഒന്നിച്ചു നിസ്കരിക്കലില്ല.
ജംആക്കൽ അനുവദനീയമായ പല കാരണങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് ഹലാലായ ദീർഘ യാത്ര. മഴ മൂലവും ജംആക്കുന്ന അവസരങ്ങളുണ്ട്. രോഗമാണ് മറ്റൊരു കാരണം. മുല കൊടുക്കുന്ന സ്ത്രീകൾക്കും ജോലി സംബന്ധമായ തിരക്കുകളുള്ളവർക്കും ജംആക്കാനോ ഖസ്റാക്കാനോ ഉള്ള ഇളവുകളില്ല. നിസ്കാരം സമയത്ത് നിർവ്വഹിക്കാൻ ഒരു വഴിയുമില്ലാത്ത വിധം ചില ജോലികളിൽ പെട്ടു പോയാൽ, ഹാജത്തിന്‍റെ ജംഅ് (ആവശ്യത്തിനു വേണ്ടിയുള്ള ജംഅ്) അനുവദിനീയമാണെന്ന ചില പണ്ഡിതരുടെ അഭിപ്രായം (റൌദ 1:401) സ്വീകരിക്കുന്നതാണ് ഖദാഅ് ആക്കുന്നതിലേക്കാളും ഉത്തമം. പക്ഷേ, അത് പതിവാക്കരുത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ. ഏറ്റവും അറിയുന്നവന്‍ അല്ലാഹുവാണ്.