നിത്യ അശുദ്ധിയുള്ളവര് വുളൂ എടുത്ത ഉടനെ ഫർള് നിസ്കാരത്തിന് മുമ്പുള്ള സുന്നത്ത് നിസ്കരിക്കാമോ? ഫർള് തന്നെ ആദ്യം നിസ്കരിക്കണമെന്നുണ്ടോ? ജമാഅത്തിന് വേണ്ടി അൽപം കാത്തിരിക്കേണ്ടി വന്നാൽ ആ സമയത്ത് സുന്നത്ത് നിസ്കരിച്ചുകൂടെ?
ചോദ്യകർത്താവ്
Aysha
Sep 23, 2019
CODE :Fiq9447
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിത്യ അശുദ്ധിയുള്ളവര്‍, അവര്‍ പാലിക്കേണ്ട നിയമങ്ങളനുസരിച്ച് വുളൂ ചെയ്ത ഉടനെ സമയം വൈകാതെ നിസ്കാരത്തിലേക്ക് പ്രവേശിക്കേണ്ടതാണ്. എന്നാല്‍ വുളൂ ചെയ്ത ഉടനെ ഫര്‍ള് തന്നെ നിസ്കരിക്കണമെന്നില്ല.ഫര്‍ളിനു മുമ്പുള്ള സുന്നത്ത് നിസ്കരിക്കാം. നിത്യഅശുദ്ധിക്കാരന് ഒരു വുളൂ കൊണ്ട് ഒരു ഫര്‍ള് മാത്രമേ നിസ്കരിക്കാന്‍ പറ്റൂ. സുന്നത്തുകള്‍ എത്രയും നിസ്കരിക്കാം.
നിത്യഅശുദ്ധിക്കാരന്‍ നിസ്കാരത്തിന് വേണ്ടി വുളൂ ചെയ്യുമ്പോള്‍ സമയമായെന്നറിഞ്ഞ ശേഷമേ പറ്റൂ. സുന്നത്ത് നിസ്കാരങ്ങളാണെങ്കിലും അതിന്‍റെ സമയം പ്രവേശിച്ചതറിയണം. അപ്പോള്‍ ളുഹ്റിന് വേണ്ടി വൂളൂ ചെയ്യുമ്പോള്‍ ളുഹ്റിന് മുമ്പുള്ല സുന്നത്തിന്‍റെ സമയവും പ്രവേശിച്ചിട്ടുണ്ടാകുമല്ലോ. ആയതിനാല്‍ മുമ്പുള്ള റവാതിബ് സുന്നത് നിസ്കരിക്കാം. എന്നാല്‍ ളുഹ്റ് നിസ്കാരം നിര്‍വഹിച്ച ശേഷമേ നിസ്കാരശേഷമുള്ള റവാതിബ്സുന്നതിന്‍റെ സമയം പ്രവേശിക്കൂ എന്നതിനാല്‍ ഫര്‍ളിന് വേണ്ടി എടുത്ത വുളൂ കൊണ്ട് അതിന് ശേഷമുള്ള സുന്നത്ത് നിസ്കരിക്കാന്‍ പറ്റില്ല.
നിത്യഅശുദ്ധിക്കാര്‍ക്ക് വുളൂവിന്‍റെയും നിസ്കാരത്തിന്‍റെയും ഇടയില്‍ സമയം വൈകാന്‍ പാടില്ലെങ്കിലും നിസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി അല്‍പം വൈകുന്നതിന് കുഴപ്പമില്ല. ജമാഅത്ത് പ്രതീക്ഷിക്കുക, ജുമുഅ പ്രതീക്ഷിക്കുക, ബാങ്ക്-ഇഖാമത്ത് നിര്‍വ്വഹിക്കുക, ഔറത്ത് മറക്കുക, പള്ളിയില്‍ പോകുക, ഖിബ് ല കണ്ടെത്തുക, മറ സജ്ജീകരിക്കുക തുടങ്ങിയ നിസ്കാരത്തിന്‍റെ ഗുണങ്ങള്‍ക്ക് വേണ്ടി സമയം വൈകുന്നതിന് കുഴപ്പമില്ല. അപ്പോള്‍ സമയമായ സുന്നത് നിസ്കരിക്കുന്നതിന് ഒരു വിരോധവുമില്ലെന്ന് മനസ്സിലായല്ലോ.
ഫത്ഹുല്‍മുഈന്‍, തുഹ്ഫ, നിഹായ തുടങ്ങിയ കിതാബുകളിലെല്ലാം നിത്യഅശുദ്ധിക്കാരന്‍റെയും നിത്യഅശുദ്ധിക്കാരിയുടെയും നിസ്കാരം വിശദീകരിക്കുന്ന കൂട്ടത്തില്‍ ഈ വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.