2 ഖുല്ലത്തിനേക്കാള്‍ കുറഞ്ഞ വെള്ളത്തില്‍ നിന്ന് വുളൂ ചെയ്യുമ്പോള്‍ അതില്‍ കൈമുക്കി വെള്ളം കോരിയെടുക്കാമോ? അതോ കൈ മുക്കുന്നതോടെ വെള്ളം മുസ്തഅ്മല്‍ ആകുമോ?
ചോദ്യകർത്താവ്
Faris Muhammed
Dec 24, 2019
CODE :Fiq9536
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
രണ്ട് ഖുല്ലത്തിനേക്കാള്‍ കുറഞ്ഞ വെള്ളം കൊണ്ട് വുളൂ ചെയ്യുന്നവന്‍ വെള്ളത്തില്‍ കൈ മുക്കി കോരിയെടുത്താണ് വുളൂ ചെയ്യുന്നതെങ്കില്‍ വെള്ളത്തില്‍ കൈ മുക്കുന്നതോടെ നിരുപാധികം വെള്ളം മുസ്തഅ്മല്‍ ആകുമെന്ന് പറയാന്‍ പറ്റില്ല.
ഫര്‍ളില്‍ ഉപയോഗിച്ച വെള്ളമാണല്ലോ മുസ്തഅ്മല്‍ എന്ന് പറയപ്പെടുന്നത്. അപ്പോള്‍ മുഖം കഴുകുന്നതിന് വേണ്ടി വെള്ളത്തില്‍ കൈ മുക്കി കോരിയെടുത്ത് മുഖം കഴുകിയാല്‍ മുഖം കഴുകാനുപയോഗിച്ച വെള്ളം ആ കുറഞ്ഞ വെള്ളത്തിലേക്ക് ആകാതിരിന്നാല്‍ വെള്ളം മുസ്തഅ്മല്‍ ആകില്ല.
വുളൂഇന്‍റെ മൂന്നാമത്തെ ഫര്‍ളായ കൈ മുട്ടോടു കൂടെ കഴുകാന്‍ വെള്ളമെടുക്കുമ്പോഴാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. മൂന്നു പ്രാവശ്യം മുഖം കഴുകി കഴിഞ്ഞ ശേഷമോ അല്ലെങ്കില്‍ മുഖം കഴുകല്‍ ഫര്‍ളായ എണ്ണത്തില്‍ മാത്രം ചുരുക്കുന്നു എന്ന കരുതലോടെ ഒരു പ്രാവശ്യം മുഖം കഴുകിയ ശേഷമോ പിന്നീട് വെള്ളം കോരിയെടുക്കുന്നത് കൈ കഴുകാനാണല്ലോ. ഇവിടെ, വെളളം കോരിയെടുക്കുക എന്ന് പ്രത്യേകം നിയ്യത്ത് വെക്കാതെയോ, അല്ലെങ്കില്‍ വെള്ളം കുടിക്കുക പോലോത്ത മറ്റെന്തെങ്കിലും കരുതലില്ലാതെയോ ഫര്‍ളിന്‍റെ ഭാഗമായ കൈപത്തി വെള്ളത്തില്‍ മുക്കുന്നതോടെ ആ വെള്ളം കയ്യല്ലാത്ത മറ്റു അവയങ്ങളെ സംബന്ധിച്ചിടത്തോളം മുസ്തഅ്മലായി മാറി. അപ്പോള്‍ കയ്യിലുള്ള വെള്ളം കൊണ്ട് കൈയ്യിന്‍റെ ബാക്കിഭാഗം കഴുകാവുന്നതാണ്. കയ്യില്‍ നിന്ന് ആ വെള്ളം വേര്‍പിരിയുന്നതോടെ ആ വെള്ളം പൂര്‍ണമായി മുസ്തഅ്മല്‍ ആകുന്നു. അപ്പോള്‍ വുളുവിന്‍റെ ഫര്‍ളായ കൈ കഴുകലിന് വേണ്ടി കുറഞ്ഞ വെള്ളത്തില്‍ മേല്‍പറഞ്ഞ കരുതലുകളില്ലാതെ കൈ മുക്കുന്നതോടെ വെള്ളം മുസ്തഅ്മലാകുമെന്ന് ചുരുക്കം. കൈയില്‍ കോരിയെടുത്ത വെള്ളം അവന്‍റെ കയ്യിനെ സംബന്ധിച്ചിടത്തോളം മുസ്തഅ്മല്‍ ആയിത്തീര്‍ന്നിട്ടില്ലാത്തതിനാല്‍ ആ വെള്ളം കൊണ്ട് കൈയ്യിന്‍റെ ബാക്കി ഭാഗം കഴുകാം.
വെള്ളം കോരിയെടുക്കുകയാണ് എന്ന നിയ്യത്തോടെയോ അല്ലെങ്കില്‍ വെള്ളം കുടിക്കുക പോലോത്ത മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വേണ്ടി എന്ന കരുതലോടെയോ ആണ് കൈമുക്കുന്നതെങ്കില്‍ വുളുവിന്‍റെ ഫര്‍ളായ കൈ കഴുകുന്ന സമയത്ത് കൈ മുക്കി കോരിയെടുത്താലും വെള്ളം മുസ്തഅ്മല്‍ ആകില്ല.
ഈ വിഷയം ഫത്ഹുല്‍ മുഈനില്‍ ത്വഹാറതിന്‍റെ അധ്യായത്തിന്‍റെ ആദ്യഭാഗത്ത് പറഞ്ഞിട്ടുണ്ട്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.