നാട്ടില്‍ മരണപ്പെട്ട ഒരാള്ക്കു വേണ്ടി വിദേശത്ത് മയ്യത് നമസ്കരിക്കാന്‍ പറ്റുമോ....(നബി (സ) ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ അങ്ങനെ ചെയ്തുള്ളൂ എന്ന് പറയപെടുന്നു (നജ്ജാശി രാജാവ്‌ മരിച്ചപ്പോള്‍ ) വേറെ സഹാബിമാര്‍ ദൂരെ സ്ഥലങ്ങളില നിന്നും യുദ്ധത്തില്‍ ഷഹീദ് ആയപ്പോഴും നബി (സ) അവര്ക്ക് വേണ്ടി മയ്യത് നമസ്കരിചിരുന്നോ ???

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഗാഇബായ മയ്യിത്തിനുമേല്‍ നിബന്ധനകളോടെ ജനാസ നിസ്കരിക്കല്‍ അനുവദനീയവവും അത് സ്വീകാര്യവുമാണെന്നാണ് ശാഫിഈ മദ്ഹബ്. നജാശിയുടെ മേല്‍ നബി(സ)യും സ്വഹാബതും ജനാസ നിസ്കരിച്ചതു തന്നെയാണ് അതിനുള്ള അടിസ്ഥാനം. ഇത് നബി(സ)ക്കു മാത്രമുള്ള വിധിയാണ്, നജാശിയുടെ കാര്യത്തില്‍മാത്രമാണ്, ചോദ്യത്തില്‍ പറഞ്ഞപോലെ നജാശിയുടെ മേല്‍ നിസ്കരിക്കാന്‍ ആ നാട്ടില്‍ ആരുമില്ലാത്തതാണ് അങ്ങനെ നിസ്കരിക്കാനുള്ള കാരണം എന്നതൊന്നും ആ ഹദീസില്‍ വ്യക്തമല്ല. അങ്ങനെ ഇത് പ്രത്യേക സാഹചര്യത്തിലുള്ളതാണെന്നതിനു മറ്റു സ്വീകാര്യമായ തെളിവുകളുമില്ല. അതിനാല്‍ ഈ ഹദീസിനെ പൊതു വിധിയായിട്ടു തന്നെ കണക്കാക്കണമെന്നാണ് ഉസൂലുല്‍ ഫിഖ്ഹിന്‍റെ മാനദണ്ഡം. നബി(സ) വേറെ ആരുടെയെങ്കിലും മേല്‍ ഇതുപോലെ ഗാഇബായി നിസ്കരിച്ചതായി റിപോര്‍ട്ടില്ല എന്നത്കൊണ്ട് മാത്രം അത് ഒരു പ്രത്യേക സാഹചര്യത്തില്‍ മാത്രം അനുവദനീയമാണെന്ന് കണ്ടെത്താനാവില്ല. അങ്ങനെയൊരു മാനദണ്ഡം കര്‍മ്മശാസ്ത്ര ഹദീസ് പണ്ഡിതന്മാരില്‍ അറിയപ്പെട്ടിട്ടുമില്ല. ഇസ്ലാമിലെ രക്തസാക്ഷികളുടെ മേല്‍ ജനാസ നിസ്കരിക്കല്‍ നിഷിദ്ധമാണെന്നു കൂടി സാന്ദര്‍ഭിഗമായി ഉണര്‍ത്തുന്നു. ഓരോ ഹദീസുകളെ കുറിച്ചും വളരെ ആഴത്തില്‍ വിശകലനം ചെയ്യുകയും അവയുടെ സാഹചര്യങ്ങളും അതുമായ ബന്ധപെട്ട മറ്റു ഹദീസുകളും ഖുര്‍ആന്‍വാക്യങ്ങളും സസൂക്ഷ്മം പരിശോധിക്കുകയും ആ ഹദീസിലെ വിഷയത്തില്‍ സ്വഹാബാക്കളും താബുഉകളും സലഫുസ്സ്വാലിഹുകളും അനുവര്‍ത്തിച്ച നയങ്ങള്‍ മനസ്സിലാക്കുകയും ചെയ്തതിനു ശേഷം കര്‍മ്മശാസ്ത്രവിധികള്‍ കണ്ടെത്താനുള്ള മാനദണ്ഡങ്ങളും രീതിശാസ്ത്രങ്ങളും നിബന്ധനകളുമെല്ലാം പാലിച്ചാണ് മദ്ഹബിന്‍റെ ഇമാമുമാരും അവരെ തുടര്‍ന്നു വന്ന വിജ്ഞാന സാഗരങ്ങളായ ഉലമാക്കളും നമുക്ക് കര്‍മ്മശാസ്ത്ര വിധികള്‍ വേര്‍തിരിച്ചു തന്നിട്ടുള്ളത്. അതിനാല്‍ ഏതെങ്കിലും ഒരു ഹദീസോ അതിന്‍റെ നമ്മുടേതായ വ്യഖ്യാനങ്ങളോ കണ്ടെത്തി മറ്റുനിലക്കുള്ള ഹദീസുകള്‍ നമ്മുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന കാരണം പറഞ്ഞ് അവരുടെ വാക്കുകള്‍ തള്ളാനാവില്ല. സത്യത്തോടൊത്ത് ജീവിക്കാനും സത്യം മുറുകെ പിടിച്ച് മരിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter