ശരീരം മുറിഞ്ഞ് രക്തം വന്നു. അത് വസ്ത്രത്തില്‍ ആവുകയും ചെയ്തു. എങ്കില്‍ ആ വസ്ത്രം ഉപയോഗിച്ചു നിസ്കരിക്കാമോ?. ഇതു ഓഫീസില്‍ വെച്ചാണു സംഭവിച്ചത്. രക്തം വസ്ത്രത്തിലാവുകയും മാറ്റിയുടുക്കാന്‍ വേറെ വസ്ത്രം ഇല്ലാതെ വരികയും ചെയ്തു. അസറും ളുഹ്‍റും ഖളാആകാനടുക്കുകയും ചെയ്തിട്ടുണ്ട്. ആ സമയത്ത് ഈ വസത്രത്തില്‍ നിസ്കരിക്കാമോ?
ചോദ്യകർത്താവ്
ഹംസ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
സ്വന്തം ശരീരത്തില് സ്വയം പ്രവൃത്തി കൊണ്ടല്ലാതെ ഉണ്ടായ മുറിവില്‍ നിന്നുള്ള രക്തം, അത് കൂടുതലാണെങ്കില്‍ പോലും, പൊറുക്കപ്പെടുന്ന നജസില്‍ പെട്ടതാണ്. അത് അന്യന്‍റെ രക്തമോ സ്വയംകൃതമോ ആണെങ്കില്‍ നേരിയതാണെങ്കില്‍ കുഴപ്പമില്ല. കൂടുതലുണ്ടെങ്കില്‍ പൊറുക്കപ്പെടുകയില്ല. ഔറത് മറക്കാനോ അലങ്കാരത്തിനോ ആവശ്യമായതിലപ്പുറമുള്ള വസ്ത്രത്തിലാണെങ്കിലും കുറഞ്ഞ രക്തമേ പൊറുക്കപ്പെടുകയുള്ളൂ.
പൊറുക്കപ്പെടാത്ത രക്തമാണ് വസ്ത്രത്തിലെങ്കില്‍ അത് മാറ്റാവുന്ന പരമാവധി വഴികളന്വേഷിക്കണം. പുറത്ത് പോയി പുതിയത് വാങ്ങുന്നത്, അത് തന്നെ അടുത്തുള്ള സൌകര്യമുപയോഗിച്ച് കഴുകുന്നത്, മറ്റു സഹപ്രവര്‍ത്തകരുടെ സഹായം തുടങ്ങിയ എല്ലാ വഴികളും അടയുകയും നിസ്കാരം ഖദാആകുന്നതിനു മുമ്പ് ശുദ്ധിയുള്ള വസ്ത്രം ലഭിക്കുമെന്ന പ്രതീക്ഷയില്ലാതിരിക്കുകയും ചെയ്താല്‍ നജസുള്ള വസ്ത്രം ധരിച്ചു നിസ്കരിക്കണം. എന്നിട്ടു് ശുദ്ധിയുള്ള വസ്ത്രം ലഭിക്കുമ്പോള്‍ ആ നിസ്കാരം മടക്കണം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ