ഞാൻ ഇപ്പോൾ തൃശ്ശൂരിൽ പോലീസ് ട്രൈനിങ്ങിൽ ആണ്. വെള്ളിയാഴ്ച ജുമുഅക്ക് പോകുവാൻ സമ്മതിക്കുന്നില്ല പകരം ളുഹർ ആണ് ഞങ്ങൾ നമസ്കരിക്കുന്നത് ഇതു സഹീഹ് ആകുമോ . ഉപദേശിച്ചാലും
ചോദ്യകർത്താവ്
അശ്റഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
സ്വീകാര്യമായ കാരണങ്ങളാലോ, കാരണങ്ങളില്ലാതെയോ ഒരാള്‍ ജുമുഅ ഉപേക്ഷിച്ചാല്‍ അതിനു പകരമായി അവനു ളുഹ്റ് നിസ്കരിക്കല്‍ നിര്‍ബന്ധമാണ്. അകാരണമായി ജുമുഅ ഉപേക്ഷിച്ചവനു ളുഹ്റ് നിസ്കരിക്കല്‍ നിര്‍ബന്ധമാണെങ്കിലും ജുമുഅ ഉപേക്ഷിച്ച കുറ്റമുണ്ടാകും. കാരണമില്ലാതെ ജുമുഅ ഉപേക്ഷിച്ചവനു എന്തെങ്കിലും സ്വദഖ ചെയ്യല്‍ സുന്നത്താണ്.
താങ്കള്‍ ട്രൈനിങ് സ്ഥലത്തേക്ക് രണ്ടു മര്‍ഹലയോ കൂടുതലോ യാത്ര ചെയ്തെത്തുകയും അവിടം വന്ന ദിവസവും പോകുന്ന ദിവസവും കൂടാതെ നാലു ദിവസത്തിലധികം താമസിക്കാനുള്ള ഉദ്ദേശ്യവുമില്ലെങ്കില്‍ താങ്കള്‍ യാത്രക്കാരനാണ്. യാത്രക്കാരനു ജുമുഅ നിര്‍ബന്ധമില്ല. പകരം ദുഹ്റ് നിസ്കരിച്ചാല്‍ മതി. പക്ഷേ, ജുമുഅ ലഭിക്കുകയില്ലെന്നുറപ്പോടെ വെള്ളിയാഴ്ച ഫജ്റു മുതല്‍ യാത്ര ചെയ്യല്‍ നിഷിദ്ധമാണ്. സുബ്ഹിക്കു മുമ്പേ നാട്ടില്‍ നിന്നു പുറപ്പെട്ടാല്‍ ഇതില്‍ നിന്നു രക്ഷപ്പെടാം. അതു പോലെ ട്രൈനിങില്‍ പങ്കെടുത്തില്ലെങ്കില്‍ ജോലി നഷ്ടപെടുകയും ഉപജീവനം ഇല്ലാതാകുകയും ചെയ്യുമെന്ന ഭീതിയുണ്ടെങ്കിലും അനുവദനീയമാണ്.
അനുവാദമില്ലാതെ ജുമുഅക്കു പോയാല്‍ അത് ജോലിയെയും അതുമൂലം ഉപജീവനത്തെയും ബാധിക്കുമെങ്കില്‍ ജുമുഅ ഉപേക്ഷിച്ച് ളുഹ്റ് നിസ്കരിക്കല്‍ അനുവദനീയമാണ്. സമാനമായ കാരണങ്ങളാല്‍ ജുമുഅ ഉപേക്ഷിക്കല്‍ അനുവദനീയമാണെന്ന് ഫുഖഹാഅ് പറഞ്ഞതില്‍ നിന്നു ഇതു മനസ്സിലാക്കാം. അതേ സമയം, പാറാവുകാരുടെയോ മറ്റോ സംവിധാനത്തിലൂടെ ക്യാമ്പില്‍ പുറത്തു പോകാന്‍ കഴിയാത്ത അവസ്ഥയാണെങ്കില്‍ തടവുകാരനെന്നതു പോലെ ജുമുഅയില്‍ ഇളവ് ലഭിക്കുന്നതാണ്. അപ്പോഴും ളുഹ്റ് നിസ്കരിക്കണം.
നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.