നാലു റകഅതുള്ള നിസ്കാരത്തില്‍ ഇമാമിനോട് കൂടി നാലാം റകഅത്തില്‍ തുടര്‍ന്നാല്‍ അവന്‍ ഫാത്തിഹ ക്ക് ശേഷം സൂറത്ത് ഒതാണോ? അത് നാലാമത്തെ റകഅത്തു ആണെന്ന് അറിയാത്ത സമയത്താണെങ്കില്‍ ഒതിയാല്‍ സുന്നത് ലഭിക്കുമോ? ഇമാം സലാം വീട്ടിയതിന്നു ശേഷം നിസ്കരിക്കുന്ന ആദ്യത്തെ റകഅത് നമ്മുടെ രണ്ടാം റകഅതാണോ, അതോ ഇമാമിനോട് കൂടെ നമുക്ക് നഷ്ടപ്പെട്ട ഒന്നാം റകഅത്താണോ ?
ചോദ്യകർത്താവ്
അഹ്മദ് മുര്‍തള
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഇമാം ഏതു റക്അതിലാണെങ്കിലും മസ്ബൂഖിന്‍റെ യഥാര്‍ത്ഥ ഓന്നാമത്തെയും രണ്ടാമത്തെയും റക്അതുകളില്‍ അവനു സുറത് ഓതല്‍ സുന്നത്താണ്. ഇമാം മൂന്നാമത്തെയോ നാലാമത്തെയോ റക്അതിലാണെങ്കിലും ശരി. ഇനി ഇമാമിന്‍റെ മൂന്നാമത്തെ റക്അത്തില്‍ സൂറത് ഓതാന്‍ സമയം ലഭിച്ചില്ലെങ്കില്‍ ഇമാമിന്‍റെ നാലാമത്തെ റക്അതില്‍ പകരമായി ഓതല്‍ സുന്നത്താണ്. ഇമാമിന്‍റെ നാലാമത്തെ റക്അതിലും ഓതാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ ഇമാമിന്‍റെ സലാമിനു ശേഷം നിസ്കരിക്കുന്ന റക്അതിലോ റക്അതുകളിലോ ഓതലും സുന്നത്താണ്. അത് മഅ്മൂമിന്‍റെ യഥാര്‍ത്ഥത്തിലുള്ള മൂന്നാമത്തെയോ നാലാമത്തെയോ റക്അതാണെങ്കിലും ശരി. ഇമാമിന്‍റെ ആദ്യത്തെയോ രണ്ടാമത്തെയോ റക്അതില്‍ ആ റക്അത് പൂര്‍ണ്ണമായും ലഭിക്കത്തക്ക വിധത്തില്‍ തുടരുകയും നിര്‍ത്തത്തില്‍ സൂറത് ഓതിത്തീര്‍ക്കാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അവന്‍റെ ആ റക്അതിലെ സൂറത് ഇമാം വഹിക്കും.
ചോദ്യത്തില്‍ പറഞ്ഞ അവസ്ഥയില്‍ ഇമാമിനെ നാലാം റക്അതില്‍ തുടര്‍ന്നാല്‍ മഅ്മൂമിനു ആ റക്അതില്‍ തന്നെ സൂറത് ഓതല്‍ സുന്നത്താണ്. ഇമാം നാലാം റക്അതിലാണെന്ന് അറിഞ്ഞാലും അത് സുന്നത്താണ്. അതിനു പ്രതിഫലം ലഭിക്കും. പക്ഷേ, സൂറത് ഓതാനായി ഇമാമിനേക്കാള്‍ പിന്താന്‍ പറ്റുകയില്ല. ഇമാം സലാം വീട്ടിയതിനു ശേഷം അവന്‍ നിസ്കരിക്കുന്നത് അവന്‍റെ രണ്ടാം റക്അതാണ്. അവന്‍റെ ഒന്നാം റക്അത് ഇമാമിനോടൊപ്പം അവന്‍ നിസ്കരിച്ചതാണ്.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.