ആക്സിഡന്റ്റ് പറ്റി കൈകാലുകള് പ്ളാസ്റ്റര്‍ ഇട്ടു. എങ്ങനെ വുളു നിസ്കാരം
ചോദ്യകർത്താവ്
അന്‍വര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വുളുവില്‍ സാധ്യമായത്ര വെള്ളമുപയോഗിച്ച് സ്വയം അല്ലെങ്കില്‍ മറ്റുള്ലവരുടെ സഹായത്തോടെ കഴുകുക. വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവയവമെത്തുമ്പോള്‍ ബാന്‍ഡേജില്ലാത്ത ഭാഗങ്ങള്‍ മുഴുവനും കഴുകുകയും ബാന്‍ഡേജിനു മുകളില്‍ വെള്ളം കൊണ്ടു തടവുകയും പിന്നീട് തയമ്മും ചെയ്യുകയും ചെയ്യുക. പിന്നെ വുളൂവിന്‍റെ തര്‍തീബു പ്രകാരം അടുത്ത അവയവം കഴുകയോ (തടവേണ്ടതാണെങ്കില്‍ തടവുകയോ) ചെയ്യുക. വീണ്ടും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവയവമെത്തിയാല്‍ മുമ്പു പറഞ്ഞപോലെ വെള്ളം കൊണ്ടു തടവിയ ശേഷം തയമ്മും ചെയ്യുക. വുളുവില്‍ കഴുകല്‍ നിര്‍ബന്ധമായ എത്ര അവയവങ്ങളില്‍ ബാന്ഡേജുണ്ടോ അത്രയും തയമ്മും ചെയ്യേണ്ടതുണ്ട്. എന്നാല്‍ രണ്ടു കൈകള്‍ക്കു പകരം ഒരു തയമ്മും മതിയാകും. അതുപോലെ രണ്ടു കാലുകള്‍ക്കു പകരവും ഒന്നു മതിയാകും. രണ്ടു കൈയിനും രണ്ടു കാലുകള്‍ക്കും വെവ്വേറെ ചെയ്യല്‍ സുന്നത്താണ്. വുളൂ ചെയ്യേണ്ട മുഴുവന്‍ അവയങ്ങളും മുഴുവനായും ബാന്ഡേജ് ചെയ്യപ്പെട്ടതാണെങ്കില്‍ മൊത്തം ഒരു തയമ്മും മതിയാകുന്നതാണ്.
ഇവിടെ കൈയിലും കാലിലും പ്ളാസ്റ്ററിട്ടതിനാല്‍ ഏറ്റവും ചുരുങ്ങിയത് രണ്ടു തയമ്മും ചെയ്യണം. മുഖം കഴുകിയതിനു ശേഷം കൈകളില്‍ സാധ്യമായത്ര കഴുകുക. ബാക്കി ഭാഗത്ത് വെള്ളം കൊണ്ടു തടവുക. പിന്നീട് തയമ്മും ചെയ്യുക. (ഇവിടെ രണ്ടു കൈകളിലും പ്ലാസ്റ്ററുണ്ടെങ്കില്‍ വലത്തേതിനും ഇടത്തേതിനും പ്രത്യേകം പ്രത്യേകം തയമ്മും ചെയ്യല്‍ സുന്നത്തുണ്ട്). പിന്നീട് തല തടവുക. ചെവിയും തടവിയതിനു ശേഷം കാലുകളില്‍ സാധ്യമാത്ര വെള്ളമുപയോഗിച്ച് കഴുകുക. മറ്റു നിര്‍ബന്ധഭാഗങ്ങളില്‍ വെള്ളം കൊണ്ടു തടവുക. പിന്നീട് ഒരു തയമ്മും കൂടി ചെയ്യുക. (രണ്ടു കാലുകളിലും പ്ലാസ്റ്ററുണ്ടെങ്കില്‍ രണ്ടു തയമ്മും ചെയ്യല്‍ സുന്നതാണ്).
ഓരോ ഫര്‍ളു നിസ്കാരത്തിനും ഇപ്രകാരം തയമ്മും ചെയ്യണം. നിസ്കാരത്തിന്‍റെ സമയമെത്തിയതിനു ശേഷമേ ചെയ്യാവൂ.
തയമ്മുമിന്‍റെ അവയവമായ കൈയില്‍ പ്ലാസ്റ്ററിട്ടതിനാല്‍ ഇങ്ങനെ തയമ്മും ചെയ്ത് നിര്‍വ്വഹിച്ച നിസ്കാരങ്ങളത്രയും ബാന്ഡേജ് നീക്കം ചെയ്തതിനു ശേഷം പൂര്‍ണ്ണമായ വുദൂ എടുത്ത് മടക്കണമെന്നാണ് പ്രബലാഭിപ്രായം.
തയമ്മും ചെയ്യേണ്ട രൂപം മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
സാധ്യമായ രീതിയില്‍ നിസ്കരിക്കണം. നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ ഇരിക്കണം. അതിനും കഴിയില്ലെങ്കില്‍ കിടക്കണം. പൂര്‍ണ്ണമായ റുകൂഅ്, സുജൂദുകള്‍ ചെയ്യാനാവുന്നില്ലെങ്കില്‍ ആംഗ്യം കാണിക്കണം. കൂടുതല്‍ വിവരണത്തിനു ഇവിടെ ക്ലിക്കു ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.