മആഷിറ വിളിക്കുന്നതിന്റെ തെളിവെന്ത് ? അതിനു പ്റത്യേക രൂപം ഹദീസിലൊ ഫിഖ്‌ഹിന്റെ കിതബിലോ ഉണ്ടോ?
ചോദ്യകർത്താവ്
ഇസ്മാഈല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മആശിറ വിളി എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഖതീബ് മിമ്പറില്‍ കയറുന്നതിനു മുമ്പായി ഒരാള്‍ എഴുന്നേറ്റ് നിന്ന് ജനങ്ങളോട് ഖുതുബ ശ്രദ്ധിച്ചു കേള്‍ക്കാന്‍ ഉദ്ബോധിപ്പിക്കലും അതുമായി ബന്ധപ്പെട്ട ഹദീസുകള്‍ ഓതിക്കേള്‍പ്പിക്കലുമാണല്ലോ. തുഹ്ഫ, നിഹായ പോലുള്ള ശാഫി മദ്ഹബിലെ പ്രബലമായ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ഇതിനെ പ്രോത്സാഹിപ്പിച്ചതായി കാണാം. ഹജ്ജത്തുല്‍ വിദാഇന്‍റെ വേളയിലെ ഖുതുബ നിര്‍വഹിച്ചപ്പോള്‍ നബി (സ) ഒരു സ്വഹാബിയോട് ജനങ്ങളെ നിശ്ശബ്ദരാക്കാന്‍ കല്‍പ്പിച്ചിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് സുന്നത്താണെന്ന് ഇബ്നു ഹജറുല്‍ ഹൈതമി (റ) വ്യക്തമാക്കിയിട്ടുണ്ട്. മിര്‍ഖാത്തുല്‍ മഫാതീഹിലും സമാനമായ വിശദീകരണം കണ്ടെത്താവുന്നതാണ്. (തുഹ്ഫ – ബാബു സ്വലാതില്‍ ജുമുഅ, വോല്യം 2, പേജ് 461). അതിനു പ്രത്യേക രൂപം ഹദീസുകളിലോ ഫിഖ്ഹ് ഗ്രന്ഥങ്ങളിലോ ശ്രദ്ധയില്‍ പെട്ടിട്ടില്ല.കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.