സാധാരണ നമസ്കാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മഗ്രിബ് നമസ്കാരത്തിനു ശേഷം ഇമാം തസ്ബീഹ്, തഹ്മീദ് , തക്ബീര് എന്നിവക്ക് അവസരം നല്കാതെ ഉടന്‍ ദുആ യിലേക്ക് പ്രവേശിക്കുന്നു. മറ്റു നമസ്കാരങ്ങളില്‍ ഇമാം സുബുഹാനല്ലാഹ് , അല്ഹംദുലില്ലാഹ് ,അല്ലാഹു അക്ബര് ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് മഅ്മൂമുകള്‍ക്ക് ഏറ്റു ചൊല്ലാന്‍ അവസരം ഉണ്ടാക്കുന്നു. ഇതിന്റെ മാന ദണ്ഡം എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
സുലൈമാന്‍ കെ. എസ്.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മറ്റു നിസ്കാരങ്ങളിലെന്ന പോലെ മഗ്റിബിനു ശേഷവും സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, അല്ലാഹു അക്ബര്‍ എന്നിവ ചൊല്ലല്‍ സുന്നത്തു തന്നെയാണ്. ഫിഖ്ഹീ ഗ്രന്ഥങ്ങളിലെവിടെയും ഈ കാര്യത്തില്‍ മഗ്റിബ് നിസ്കാരത്തെ വ്യത്യാസപ്പെടുത്തിയതായി കണ്ടിട്ടില്ല. ചിലയിടങ്ങളില്‍ മഗ്റിബിനു ശേഷം ഇങ്ങനെ ചൊല്ലാറില്ല. പള്ളിയിലുള്ള മുതഅല്ലിമുകള്‍ക്ക് പഠനത്തിനു കൂടുതല്‍ സമയം ലഭിക്കാന്‍ സൌകര്യപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടിരിക്കാം ഇങ്ങനെ ഒരാചാരം ചിലയിടങ്ങളില്‍ വന്നത്. മഗ്റിബിനു അഞ്ചു റക്അത് നിസ്കരിക്കാനുള്ള സമയമേ ഉള്ളൂവെന്ന പ്രബലമല്ലാത്ത അഭിപ്രായ പ്രകാരം മഗ്രിബിനു ശേഷമുള്ള രണ്ടു റക്അത് സുന്നതു നിസ്കാരം സമയത്തിനു പുറത്താവാതാരിക്കാനുള്ള സൂക്ഷ്മതയുടെ ഭാഗവുമാവാം. അല്ലാഹു എല്ലാം അറിയുന്നവനാകുന്നു.
കൂടുതല്‍ അറിയാനും അതനുസരിച്ച് ജീവിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.