ഗള്ഫിലെ പല ഇമാമുമാരും"വജ്ജഹ്ത്തു"ഒതുന്നത് കാണുന്നില്ല.ചില ഇമാമുമാര്‍ ഇഖാമത്തിനു ശേഷം "തക്ബീറത്തുല്‍ ഇഹ്റാ"മിനു മുമ്പായി ഓതുന്നത് കാണുന്നു. ഇതിന്‍റെ യഥാര്ത്ഥ വിധം എന്താണ്?"
ചോദ്യകർത്താവ്
മുഹമ്മദ് കുഞ്ഞി.അബുദാബി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
തക്ബീറതുല്‍ ഇഹ്റാമിന്‍റെയും ഫാതിഹയുടെയും ഇടയില്‍ ചൊല്ലല്‍ സുന്നതായതാണ് നമ്മുടെ നാടുകളില്‍ ((وجهت)) എന്നും ഹനഫികള്ക്കിടയില്‍ ((ثناء)) എന്നും അറിയപെടുന്ന دعاء الافتتاح. അഊദുവോ, ബിസ്മിയോ തുടങ്ങലോടെ അതിന്‍റെ സമയം നഷ്ടപെട്ടു. ശാഫിഈ, ഹനഫീ, ഹമ്പലീ മദ്ഹബുകളിലെല്ലാം ഇതു സുന്നതാണ്. നിര്‍ബന്ധമാണെന്നു പറഞ്ഞ പണ്ഡിതരുമുണ്ട്. ഇമാം മാലിക് ഇത് സുന്നത്തില്ല എന്ന അഭിപ്രായക്കാരനാണ്. ഇബാദി (الإباضية) വിഭാഗം ഇത് തക്ബീറതുല്‍ ഇഹ്റാമിന്‍റെ തൊട്ടുമുമ്പാണ് ചൊല്ലാറ്. ഇത് സുന്നതായ കര്‍മ്മമായതിനാല് ഇത് ഓതാതെ നിസ്കരിച്ചാലും നിസ്കാരം സ്വഹീഹാകും. അതിനാല്‍ വജ്ജഹ്തു ഓതാതെ നിസ്കരിക്കുന്നവരെ തുടര്‍ന്നു നിസ്കരിക്കാവുന്നതാണ്. ദുആഉല്‍ ഇഫ്തിതാഹുമായ ബന്ധപെട്ട നിരവധി ഹദീസുകളുണ്ട്. അവയില്‍ പല ദിക്റുകളും പ്രതിപാതിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വഹീഹ് മുസ്ലിമില്‍ അലി (റ) ല്‍ നിന്ന് റിപോര്‍ട്ടു ചെയ്ത ഹദീസിന്‍റെ അടിസ്ഥാനത്തില്‍ وجهت جهي للذي فطر السموات والأرض حنيفا مسلما وما أنا من المشركين എന്നു തുടങ്ങുന്ന ദിക്റ് ചൊല്ലുന്നതാണ് ഏറ്റവും ശ്രേഷ്ടമായത് എന്ന് ശാഫിഈ(റ) വ്യക്തമാക്കിയിട്ടുണ്ട്. സ്വഹീഹ് മുസ്ലിമിലും സ്വഹീഹ് ബുഖാരിയിലും അബൂഹുറൈറ (റ) വില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു ഹദീസിന്‍റെ അടിസ്ഥാനത്തില്‍ اللهم باعد بيني وبين خطاياي كما باعدت بين المشرق والمغرب. اللهم نقني من خطاياي كما ينقى الثوب الابيض من الدنس. اللهم اغسلني من خطاياي كما يغسل الثوب بالماء والثلج والبرد എന്നു ദുആ കൂടി അധികമായി ചൊല്ലല്‍ സുന്നതാണ്. പക്ഷേ, അത് പൊതുവായ ജമാഅത് നിസ്കരിക്കുന്ന ഇമാമിനു ബാധകമല്ല. ഹനഫീ മദ്ഹബില്‍ سبحانك اللهم وبحمدك وتبارك اسمك وتعالى جدك ولا إله غيرك എന്നാണു ചൊല്ലുക. അബൂ ദാവൂദ്, നസാഈ, തിര്‍മുദി തുടങ്ങിയവര്‍ ഇത് റിപോര്‍ട്ടു ചെയ്തിട്ടുണ്ട്.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.