പള്ളിയില്‍ ജമാഅതിനു നില്ക്കുന്ന ആളിനെ തുടര്‍ന്നാല്‍ നിസ്കാരം ശരിയാകില്ല എന്ന സംശയം ഉള്ളതുകൊണ്ട് അവരുടെ കൂടെ സ്വഫ്ഫില്‍ നില്ക്കുകയും ഇമാമിനോടു കൂടെ എന്ന് നിയ്യത്ത് വെക്കാതെ നിസ്കരിക്കാന്‍ പറ്റുമോ ? ജോലി സ്ഥലത്തായത് കൊണ്ട് ആ സമയത്ത് ജമാഅത്ത് കഴിഞ്ഞിട്ട് ഒറ്റയ്ക്ക് നിസ്കരിക്കുകയാണെങ്കില്‍ മറ്റുള്ളവര്‍ ചോദിക്കും. ഇവിടെ എന്താണ് ചെയ്യുക
ചോദ്യകർത്താവ്
ഹംസ നാലകത്ത്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
തുടര്‍ച്ചയുടെ നിയ്യത് വെക്കാതെ നിസ്കരിക്കുന്ന ഓരുവനെ ചലനങ്ങളിലും സലാമിലും തുടരുമ്പോള്‍, മുന്നില്‍ നിസ്കരിക്കുന്നവനുമായി യോചിച്ചു പോകാനെന്ന ഉദ്ദേശത്തോടെ നിസ്കാരത്തിന്‍റെ പ്രവര്‍ത്തികളില്‍ അസാധരണമായ കാത്തിരിപ്പുണ്ടായാല്‍ നിസ്കാരം ബാഥിലാകും.
ഇവിടെ മസ്അല എന്നതിനുപ്പുറം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1) തുടര്‍ച്ച ശരിയാകാനുള്ള നിബന്ധനകളിലൊന്നാണ്, ഇമാമിന്‍റെ നിസ്കാരം മഅ്മൂമിന്‍റെ വിശ്വാസ പ്രകാരം ബാഥിലാകാന്‍ പാടില്ല എന്നത്. ഇവിടെ മഅ്മൂമിന്‍റെ വിശ്വാസത്തിലെന്നതു കൊണ്ടുദ്ദേശിക്കുന്നത് മഅ്മൂമിന്‍റെ ഉറപ്പിനോടടുത്ത സംശയമാണ് (അഥവാ ظنّ قوي) . അപ്പോള്‍ സാധാരണ സംശയങ്ങള്‍ ഇവിടെ പരിഗണിക്കേണ്ടതില്ല. ഇമാമിനെ കുറിച്ച് നല്ല വിചാരമാണ് പുലര്‍ത്തേണ്ടത്.
2) നാം സ്ഥിരമായി നിസ്കരിക്കാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥലത്തെ ഇമാം നിബന്ധനകള്‍ക്കനുസരിച്ച് നിസ്കരിക്കുന്നില്ല എന്നു സംശയം വരുമ്പോള്‍ അത് അവരോടോ മറ്റുള്ളവരോടോ അന്വേഷിച്ച് നിവര്‍ത്തിക്കുന്നത് ഒരു വസ്‍വാസ് ഇല്ലാതാക്കാനും പൂര്‍ണ്ണ ആശ്വാസത്തോടെ ഇബാദത് അതിന്‍റെ പൂര്‍ണ്ണതയില്‍ നിര്‍വ്വഹിക്കാനും സാഹചര്യമൊരുക്കും.
3) ഇമാം മഅ്മൂമിന്‍റെ വിശ്വാസത്തില്‍ നിസ്കാരം ബാഥിലാകുന്ന കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് മനസ്സിലായാല്‍ അദ്ദേഹത്തോടു അതു പറഞ്ഞു കൊടുക്കുകയും ഈ മഅ്മൂമിനെ കൂടി പരിഗണിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യണം.
4) പരിഗണിക്കാന്‍ തയ്യാറാകാത്ത പക്ഷം മഅ്മൂമിന്‍റെ അതേ പക്ഷക്കാരെ കൂട്ടി രണ്ടാമതു ജമാഅത് സംഘടിപ്പിക്കണം.
(മുകളില്‍ പറഞ്ഞ കാര്യങ്ങളിലൂടെ ജമാഅത് എന്ന മഹത്തായ ശ്രേഷ്ടത നഷ്ടപ്പെടുത്താതെ കൊണ്ടു നടക്കാം.)
5) നിയ്യത്തു വെക്കാതെ പിന്നില്‍ തുടരുന്നത് ഒരു വിധത്തില്‍ സൃഷ്ടികളോടുള്ള ഭയപാടും, ലോകമാന്യവും (റിയാഅ്) ആണ്. അല്ലാഹുവിനു പൂര്‍ണ്ണമായും സമര്‍പ്പിക്കാനുള്ള നിസ്കാരമെന്ന ഇബാദത്തില്‍ ഇത്തരം അഭിനയ-നാട്യങ്ങള്‍ തികച്ചും അനുചിതമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.