നിന്ന് നിസ്കരിക്കുന്നവനും, ഇരുന്ന് നിസ്ക്കരിക്കുന്നവനും സുജൂദ് നിര്‍ബന്ധമാണെന്നിരിക്കെ, ഇന്ന് നമ്മുടെ നാടുകളില്‍ വ്യാപകമായി കാണുന്ന, കസേരയില്‍ ഇരുന്നുള്ള നിസ്കാരം സ്വഹീഹാകുമോ? ഇത്തരക്കാര്‍ക്ക് ജുമുഅ,ജമാഅത്ത് നിര്‍ബന്ധമുണ്ടോ?
ചോദ്യകർത്താവ്
യു.കെ.എം.കുഞ്ഞി.അബുദാബി.
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
ജനാസയുടേതല്ലാത്ത ഏതു നിസ്കാരത്തിലും സുജൂദ് നിര്‍ബന്ധ ഘടകമാണ്. അത് ചെയ്യേണ്ടത് ഏഴു (നെറ്റി, രണ്ടു കൈ പത്തികള്‍, രണ്ടു കാല്‍ മുട്ടുകള്‍, രണ്ടു പാദങ്ങളുടെ വിരലുകളുടെ പള്ള) അവയവങ്ങള്‍ നിലത്തു വെച്ചും ചന്തിക്കെട്ട് തലക്കു മുകളിലേക്കാക്കി, തലയില്‍ ഭാരം കൊടുത്തു ചെയ്യണം. ഇങ്ങനെ ചെയ്യാന്‍ കഴിയാത്തവര്‍ കഴിയും വിധം ചെയ്യണം. രോഗം മൂലം നിലത്ത് മുട്ടുകള്‍ വെച്ച് ചന്തികെട്ട് മുകളിലോട്ടാക്കി നെറ്റി നിലത്തു വെക്കാന്‍ കഴിയാത്തവര്‍ക്ക് തലക്കു സമമായോ തലയുടെ താഴ്ഭാഗത്തോ വെച്ചു സുജൂദ് ചെയ്യാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ വലിയ പ്രയാസം അനുഭവിക്കാത്തവര്‍ ശരിയായ സുജൂദ് തന്നെ ചെയ്യല്‍ നിര്‍ബന്ധമാണ്.
അസുഖം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ജുമുഅ - ജമാഅതില്‍ പങ്കെടുക്കുന്നതില്‍ ഇളവുണ്ട്. നേരിയ തലവേദന പോലെയുള്ള നിസ്സാര രോഗങ്ങള്‍ ഇത്തരം കാരണങ്ങളില്‍ പെടുകയില്ല.
നന്മ കൊണ്ട് കല്‍പിക്കാനും തിന്മക്കെതിരെ ശബ്ദിക്കാനും നാഥന്‍ തുണക്കട്ടെ.