നെരിയാണിക്കു താഴെ വസ്ത്രം ധരിക്കുന്നതിന്‍റെ വിധി എന്ത്? അങ്ങനെ നിസ്കരിച്ചാല്‍ നിസ്കാരം ശരിയാകുമോ?
ചോദ്യകർത്താവ്
റഫീഖ് ഉടുംബുംതല
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഞെരിയാണിക്കു താഴെ വന്ന തുണി നരകത്തിലാണെന്ന് സ്വഹീഹായ ഹദീസുണ്ട്. ബുഖാരി, നസാഇ, മാലിക്, അബൂദാവൂദ്, ഥബ്റാനി തുടങ്ങി ധാരാളം ഹദീസ് പണ്ഡിതന്മാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഇത് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവിടെ വസ്ത്രം നരകത്തിലാണ് എന്നതിന്‍രെ അതു ധരിച്ചവന്‍ നരകത്തില്‍ പോകാന്‍ ഇത് കാരണമാകുമെന്നാണ്.
ഈ ഹദീസിന്‍റെ വിശദീകരണങ്ങളില്‍ പണ്ഡിതന്മാര്‍ ഈ വിഷയത്തിലെ മറ്റു ഹദീസുകള്‍ കൂടി പരിഗണിച്ച്, അഹങ്കാരത്തോടെ ഞെരിയാണിക്കു താഴെ വസ്ത്രം ധരിക്കുന്നവന്‍ നരകത്തില്‍ പോകും. അതിനാലത് നിഷിദ്ധമാണ്. അറിയാതെ ഞെരിയാണിക്കു താഴെ വസ്ത്രം ഇറങ്ങിയാല്‍ അത് പൊറുക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വസ്ത്രം ഞെരിയാണിക്കു താഴെയിറങ്ങുന്നത് നിസ്കാരം ബാഥിലാകുന്ന കാര്യങ്ങളില്‍ പെട്ടതല്ല. ഞെരിയാണിക്കു താഴെ വസ്ത്രമുടുത്തു നിസ്കരിച്ചവന്‍റെ നിസ്കാരം സ്വഹീഹാകുന്നതാണ്. പക്ഷേ, ഞെരിയാണിക്കു താഴെ വസ്ത്രം ധരിച്ചതിനുള്ള കുറ്റം അവനുണ്ടാകും.
ജീവിതത്തിലെ ഓരോ അടക്കവും അനക്കവും ആരാധനയാക്കാന്‍ നാഥന്‍ തുണക്കട്ടെ.