പാംബേര്‍സ് ധരിച്ച കുട്ടി നിസ്കാര മുസല്ലയില്‍ വന്നിരുന്നാല്‍ നിസ്കാരം സഹീഹ് ആകുമോ. കുട്ടി മൂത്രം ഒഴിചിടുണ്ടോ ഇല്ലയോ എന്ന് സംശയം ആണെങ്കില്‍
ചോദ്യകർത്താവ്
ഹസൈനാര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഡയപര്‍ (പാമ്പേഴ്സ്) ധരിച്ച കൂട്ടി മുസ്വല്ലയില്‍ ഇരിക്കുക മാത്രമാണ് ചെയ്തതെങ്കില്‍, നിസ്കരിക്കുന്നവനെ പിടിക്കുക, നിസ്കരിക്കുന്നവന്‍റെ മേല്‍ കയറിയിരിക്കുകയോ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ കുട്ടി അതില്‍ മൂത്രമൊഴിച്ചു എന്നു ഉറപ്പുണ്ടെങ്കിലും നിസ്കാരം സ്വഹീഹ് ആകും. നിസ്കാരത്തില്‍ ശരീരം, വസ്ത്രം, സ്ഥലം എന്നിവ നജസില്‍ ശുദ്ധിയാവല്‍ ശര്‍ഥാണ്. ഇവിടെ സ്ഥലം എന്നു കൊണ്ടുദ്ദേശിക്കുന്നത് നിസ്കരിക്കുന്നവന്‍ സ്പര്‍ശിക്കുന്ന ഭാഗങ്ങള്‍ മാത്രമാണ്. സുജൂദ് ചെയ്യുമ്പോള്‍ തലയുടെയും കാലമുട്ടിന്‍റെയും ഇടയില്‍ നെഞ്ചിനു തൊട്ടു താഴെ നജസുണ്ടെങ്കിലും നിസ്കാരം സ്വഹീഹ് ആകുമെന്ന് ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളില്‍ കാണാം. പക്ഷേ, അങ്ങനെ നജസുണ്ടായിരിക്കെ നിസ്കരിക്കല്‍ കറാഹതാണ്.
ഡയപര്‍ ധരിച്ച കുട്ടി നിസ്കരിക്കുന്നവനെ പിടിക്കുകയോ നിസ്കരിക്കുന്നവന്‍റെമേല്‍ കയറി ഇരിക്കുകയോ ചെയ്താല്‍ കുട്ടി മൂത്രമൊഴിച്ചനിലയിലാണെന്ന് ഉറപ്പുണ്ടെങ്കില്‍ നിസ്കാരം ബാഥിലായി. അതു പോലെ കുട്ടി മൂത്രമൊഴിച്ചിട്ടുണ്ടാവുമെന്നതിനു പ്രാഥമിക ലക്ഷണങ്ങളുണ്ടെങ്കിലും (ഡാമ്പര്‍ അല്‍പം വീര്‍ത്തുന്തിയത്, സാധാരണ ഗതിയില്‍ മൂത്രമൊഴിച്ചിട്ടുണ്ടാവുന്ന അത്രയും സമയം അത് ധരിക്കല്‍ തുടങ്ങിയവ) നിസ്കാരം ബാഥിലാകും. കന്നുകാലികള്‍ മൂത്രമൊഴിക്കാറുള്ള കൂടുതലുള്ള വെള്ളത്തിനു പകര്‍ച്ചവന്നിട്ടുണ്ടെങ്കില്‍ അത് കാലപ്പഴക്കം മൂലമാകാനുള്ള വിദൂര സാധ്യതയുണ്ടെങ്കിലും അത് നജസായിട്ടു കണക്കാക്കണമെന്ന് പണ്ഡിതന്മാര്‍ രേഖപെടുത്തിയിട്ടുണ്ട്.
മൂത്രമൊഴിച്ചെന്ന ഉറപ്പോ മേല്‍പറഞ്ഞപോലെ പ്രാഥമികമോ ബാഹ്യമോ ആയ ലക്ഷണങ്ങളോ ഇല്ലെങ്കില്‍ കുട്ടി ശുദ്ധിയുള്ളവനായി ഗണിക്കപ്പെടണം.
ഈ പറഞ്ഞതൊന്നും ചേലാ കര്‍മ്മം ചെയ്യപ്പെടാത്ത ആണ്‍കുട്ടിക്കു ബാധകമല്ല. അവന്‍ ഡയപറില്‍ മൂത്രമൊഴിച്ചില്ലെങ്കിലും ഡയപര്‍ ധരിച്ചില്ലെങ്കില്‍ പോലും അവന്‍ നിസ്കരിക്കുന്നവനെ പിടിക്കുകയോ അവനെ നിസ്കരിക്കുന്നവന്‍ ചുമക്കുകയോ ചെയ്താല്‍ നിസ്കാരം ബാഥിലാകും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.