നിസ്ക്കാരത്തില്‍ പുരുഷന് മുട്ടു പൊക്കിളിനിടയില്‍ ഔറത്ത് ശാഫി മദ്ഹബില്‍ മാത്രമാണോ? വേറെ ഏതെങ്കിലും മദ്ഹബില്‍ അതിലും കുറവുണ്ടോ? അങ്ങനെ കുറവുള്ളവരോട് പിന്തുടര്‍ന്നാല്‍ ശരിയാകുമോ?

ചോദ്യകർത്താവ്

അഫ്സല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

മുട്ടു പൊക്കിളിനിടയിലാണ് പുരുഷന്‍റെ ഔറത്തെന്നതാണ് നാലു മദ്ഹബിലെയും അഭിപ്രായം. ഇമാം അഹ്‍മദ് (റ) വില്‍ നിന്നു് രണ്ട് അഭിപ്രായങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലൊന്ന് ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായമായ, മുട്ടു പൊക്കിളിനിടയിലുള്ള ഭാഗമെന്നതാണ്. അതാണ് മദ്ഹബിലെ പ്രബലമായ അഭിപ്രായവും. മുഗ്‍നിയില്‍ ഇതിനെ കുറിച്ച്, ഇമാം ഇബ്നു ഖുദാമ പറയുന്നത്  الصالح في المذهب എന്ന പദമുപയോഗിച്ചാണ്. മുന്‍പിന്‍ ദ്വാരങ്ങളാണ് പുരുഷന്‍റെ ഔറത്തെന്നതാണ് മറ്റൊന്ന്. മുഹന്നയുടെ ചോദ്യത്തിനുത്തരമായി ഒരിക്കല്‍ അഹ്മദ് (റ) ഇങ്ങനെ ഉത്തരം പറഞ്ഞിരുന്നു.  പക്ഷേ, അഹ്‍മദ് (റ) പല സ്ഥലങ്ങളിലും വ്യക്തമാക്കിയത് പുരുഷന്‍റെ ഔറത് മുട്ട് പൊക്കിളിനിടയിലുള്ള ഭാഗമാണെന്നു തന്നെയാണ്. മാത്രമല്ല അഹ്‍മദ് (റ) തന്‍റെ മുസ്ലദില്‍ തന്നെ ഇതിനു ഉപോല്‍ബലകമായ ഹദീസ് റിപോര്‍ട്ട് ചെയ്തിട്ടുമുണ്ട്. തുട വെളിവാക്കിയ ഒരു സ്വഹാബിയോട് നബി(സ) പറഞ്ഞു. നിന്‍റെ തുട നീ മറക്കുക. തുട ഔറത്തില്‍ പെട്ടതാണ്.  (അഹ്‍മദ്). മറ്റൊരു ഹദീസില്‍ നബി(സ) അലി (റ) വിനെ ഇങ്ങനെ ഉപദേശിക്കുന്നു. നീ തുട വെളിപ്പെടുത്തരുത്. ജീവനുള്ളവരുടേതോ മരിച്ചവരുടേതോ ആയ ആരുടേയും തുടയിലേക്ക് നീ നോക്കരുത്. (ദാറഖുത്‍നി). നബി(സ) പറഞ്ഞു പൊക്കിളിനു താഴെയും രണ്ടു മുട്ടുകള്‍ക്കു മീതെയും ഔറതാണ്. (ദാറഖുത്‍നി). ഈ ഹദീസുകളുടെയും മറ്റും അടിസ്ഥാനത്തില്‍ അഹ്‍മദ് (റ)വിന്‍റെ രണ്ടാം അഭിപ്രായം (മുന്‍പിന്‍ദ്വാരങ്ങളാണ് ഔറത്തെന്നത്) ഗൌരവതരമായ ഔറത് എന്ന നിലക്ക് വ്യാഖ്യാനിക്കണമെന്ന് ഇബ്നു ഖുദാമ മുഗ്നിയില്‍ പറയുന്നുണ്ട്. ഇമാം അഹ്മദ് (റ) ഈ രണ്ടാം അഭിപ്രായം മാത്രം ചില ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടതിനാല്‍ അത് ആ മദ്ഹബിലെ പ്രബലമായ അഭിപ്രായമെന്ന് ചിലര്‍ തെറ്റുധരിച്ചിരിക്കുന്നു. പ്രത്യേകം മദ്ഹബായി ക്രോഡീകരിക്കപ്പെടുകയോ സ്പെഷ്ടമാക്കപ്പെടുകയോ ചെയ്യാത്ത ചില ഒറ്റപ്പെട്ട പണ്ഡിതന്മാര്‍ക്ക് ഈ രണ്ടാം അഭിപ്രായമുണ്ടായിരുന്നു.
അതിനാല്‍ ശാഫിഈ മദ്ഹബ് പിന്തുടരുന്ന ഒരാള്‍ ഇത്തരം അല്പ വസ്ത്രധാരികളെ തുടര്‍ന്ന് നിസ്കരിച്ചാല്‍ അത് ശരിയാകുകയില്ല. ഇത്തരം പ്രബലമല്ലാത്ത അഭിപ്രായങ്ങള്‍ പിന്തുടരേണ്ട ആവശ്യകതയും ഇല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter