നിത്യ അശുദ്ധിക്കാരനായ ഒരാള്‍ ത്വവാഫ് ചെയ്ത് കൊണ്ടിരിക്കെ ഏതെങ്കിലും ഒരു വഖ്ത് പ്രവേശിക്കുകയും അദ്ദേഹത്തിന് പുറത്ത് കടന്ന് വുളൂഅ് ചെയ്യാന്‍ കഴിയാത്ത സാഹചര്യം വന്നാല്‍ എന്ത് ചെയ്യണം?
ചോദ്യകർത്താവ്
അബൂ ഫിദ
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
നിത്യ അശുദ്ധിക്കാരനു അവന്‍റെ വുദൂ ശരിയാകണമെങ്കില്‍ ഏതു നിസ്കാരത്തിനു വേണ്ടിയാണോ വുദൂ എടുക്കുന്നത് ആ നിസ്കാരത്തിന്‍റെ സമയം ആകലും ആയെന്നറിയലും നിബന്ധനയാണ്. ത്വവാഫ് ചെയ്യുന്നതിനിടയില്‍ നിസ്കാരത്തിന്‍റെ സമയമായാല്‍ ത്വവാഫിനു വേണ്ടി മുമ്പ് നിര്‍വ്വഹിച്ച വുദൂ മതിയാവുകയില്ല. ആ നിസ്കാരത്തിനു വേണ്ടി വീണ്ടും വുദൂ എടുക്കണം. വുദൂ എടുക്കുന്നതിനു മുമ്പായി ചെയ്യേണ്ടുന്ന, കെട്ടിവെച്ചത് പുതുക്കുക തുടങ്ങിയവയും വേണം. അതിനാല്‍ നിത്യ അശുദ്ധിക്കാരന്‍ ത്വവാഫ് ചെയ്യാന്‍, ഇടക്ക് നിസ്കാരം വന്നു ചേരാത്ത വിധത്തിലുള്ള സമയമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തില്‍, നിസ്കാര സമയം കഴിയുന്നതിനു മുമ്പ് വീണ്ടും വുദൂ എടുക്കാന്‍ കഴിയാതെ വന്നാല്‍, പിന്തിച്ച് ജംഅ് ചെയ്യാവുന്ന നിസ്കാരമാണെങ്കില്‍ (ഉദാഹരണത്തിനു മഗ്റിബ് ഇശാഇലേക്ക് പിന്തിക്കുന്നത്) പിന്തിച്ച് ജംആക്കിയതായി നിയ്യത്ത് വെക്കണം. നിത്യ അശുദ്ധിയെന്നത് ഒരു രോഗമാണല്ലോ. രോഗം മൂലം നിസ്കാരം പിന്തിക്കാമെന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതായി തുഹ്ഫയിലുണ്ട്. ഇമാം നവവി(റ) റൌദയില്‍ രോഗം മൂലം നിസ്കാരങ്ങള്‍ ജംആക്കുന്നത് അനുവധനീയമാണെന്ന അഭിപ്രായത്തെയാണ് പ്രബലമാക്കിയിട്ടുള്ളതും. ജംആക്കാനുള്ള സാഹചര്യമില്ലെങ്കില്‍ സമയത്തിന്‍റെ ഹുര്‍മത് മാനിച്ച് വുദൂ ഇല്ലാതെ നിസ്കരിക്കുകയും പിന്നീട്, അത് മടക്കി നിസ്കരിക്കുകയും ചെയ്യുക.
ജംആക്കി നിസ്കരിക്കുന്നത് വിശദമായി മനസ്സിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.