നിത്യ അശുദ്ധിക്കാര്‍ക്ക് നിസ്കാരം ജംആക്കാന്‍ പറ്റുമോ ?

ചോദ്യകർത്താവ്

അബു ഫിദ

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിത്യ അശുദ്ധിക്കാരന്‍ യാത്ര പോവുമ്പോള്‍ ജംആക്കുന്നതിന് വിരോധമില്ല.നിത്യ അശുദ്ധിക്കാരന്‍ ഓരോ ഫര്‍ദ് നിസ്കാരത്തിനും ആ നിസ്കാരത്തിന്റെ സമയമായ ശേഷം പ്രത്യേകം വൂദൂ ചെയ്യണമല്ലോ. നിത്യ അശുദ്ധിക്കാരന്‍ ജംആക്കുമ്പോള്‍ ഒരു നിസ്കാരം കഴിഞ്ഞ് അടുത്ത നിസ്കാരത്തിനും വുദൂ ചെയ്യേണ്ടതാണ്. നിത്യ അശുദ്ധിക്കാരന് യാത്ര പോലോത്ത കാരണങ്ങളില്ലാതെ ശാഫീ മദ്ഹബ് പ്രകാരം ജംആക്കാന്‍ പറ്റില്ല. എന്നാല്‍ നിത്യ അശുദ്ധിയെന്നത് ഒരു രോഗമായത് കൊണ്ട് ജംആക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹന്‍ബലീ മദ്ഹബിലെ പണ്ഡിതനായ ഇബ്നു ഖുദാമക്ക് നിത്യ അശുദ്ധിക്കാര്‍ക്ക് ഒരു വുദൂ കൊണ്ട് തന്നെ രണ്ട് നിസ്കാരങ്ങള്‍ ജംആക്കാമെന്ന അഭിപ്രായമുണ്ട്. ബുദ്ധിമുട്ടുണ്ടാക്കും വിധമുള്ള രോഗം കാരണം നിസ്കാരം ജംആക്കാമെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇമാം നവവി (റ) റൌദയില്‍ പ്രബലമാക്കിയതും ഈ അഭിപ്രായം തന്നെയാണ് (റൌദ 1/503). ദീനില്‍ ബുദ്ധിമുട്ടില്ലെന്ന നിയമനിര്‍മ്മാണ ലക്ഷ്യങ്ങളോട് (محاسن الشريعة) യോജിച്ചതും രോഗിക്ക് മുന്തിച്ചും പിന്തിച്ചും ജംആക്കാമെന്ന അഭിപ്രായമാണെന്ന് ഇബ്നു മുഖ്‍രിയെന്നപണ്ഡിതന്‍ വ്യക്തമാക്കിയിട്ടുണ്ട്.(ശര്‍വാനി 2/404) ഇമാം ഇബ്നു ഹജര്‍ തങ്ങള്‍ അത് അനുവദനീയമല്ലെന്ന് പറഞ്ഞെങ്കിലും അനുവദനീയമാണെന്ന  അഭിപ്രായത്തോട് യോജിക്കുന്ന വിധത്തില്‍ തുഹ്ഫയില്‍ പരാമര്‍ശിക്കുന്നത് കാണാം (തുഹ്ഫ 2/404). ഏതായാലും സ്വന്തം പ്രവര്‍ത്തനങ്ങള്‍ക്ക് തഖ്‍ലീദ് ചെയ്യാന്‍ പറ്റിയ ശക്തമായ അഭിപ്രായം തന്നെയാണിത് (ഖല്‍യൂബി 1/309). ഈ അഭിപ്രായമനുസരിച്ച് തന്നെ ഇരുന്നു നിസ്കരിക്കല്‍ അനുവദനീയമാകും വിധമുള്ള രോഗമായാലേ ജംആക്കാന്‍ പറ്റൂ. മാത്രമല്ല രോഗം കാരണം രണ്ട് നിസ്കാരവും ഒരുമിച്ച് നിസ്കരിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ദൂരീകരിക്കപ്പെടണമല്ലോ. അങ്ങനെ ഒരു ഉപകാരവും നിത്യ അശുദ്ധിക്കാരന്റെ ജംഅ് കൊണ്ടുണ്ടാവുന്നില്ലല്ലോ. കാരണം രണ്ട് നിസ്കാരങ്ങള്‍ക്കും അവന്‍ വെവ്വേറെ വുദൂ ചെയ്യേണ്ടതുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter