എങ്ങനെയാണ് കിടന്ന് നിസ്ക്കരിക്കേണ്ടത് ?

ചോദ്യകർത്താവ്

അബ്ദുല്‍ ഫത്താഹ് കോന്നി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിന്ന് നിസ്കരിക്കാന്‍ സാധിക്കാത്തവന്‍ ഇരുന്നും അതും സാധിക്കാത്തവന്‍ കിടന്നും നിസ്കരിക്കേണ്ടതാണ്. വലത് ഭാഗത്തിന്മേല്‍ ചെരിഞ്ഞ് ശരീരത്തിന്‍റെ മുന്‍ഭാഗവും മുഖവും ഖിബലയിലേക്ക് തിരിയുന്നവിധമായിരിക്കണം കിടക്കേണ്ടത്. വലത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഇടത് ഭാഗത്തിന്മേല്‍ കിടക്കാവുന്നതാണ്. അതിനും സാധിച്ചില്ലെങ്കില്‍ പിന്നെ കാലിന്‍റെ പള്ള ഖിബലയിലേക്ക് ആവും വിധം മലര്‍ന്നു കിടക്കുക. അങ്ങനെ കിടക്കുമ്പോള്‍, മുഖം ഖിബലയിലേക്ക് തിരിയാനായി തലക്ക് താഴെ തലയിണയോ മറ്റോ വെച്ച് തല അല്‍പം ഉയര്‍ത്തല്‍ നിര്‍ബന്ധമാണ്. കിടന്നു നിസ്കരിക്കുമ്പോള്‍ റുകൂഉം സുജൂദും സാധാരണപോലെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ പകരമായി തല കൊണ്ട് ഖിബലയുടെ നേരെ ആംഗ്യം കാണിക്കുകയാണ് വേണ്ടത്. റുകൂഇന് വേണ്ടി ആംഗ്യം കാണിക്കുന്നതിനേക്കാള്‍ അല്‍പം കൂടുതലായി സുജൂദിന് വേണ്ടി ആംഗ്യം കാണിക്കേണ്ടതാണ്. ഇനി തല കൊണ്ട് ആംഗ്യം കാണിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കണ്‍പോളകള്‍ കൊണ്ട് അവക്ക് വേണ്ടി ആംഗ്യം കാണിക്കേണ്ടതാണ്. ഇനി അങ്ങനെയും സാധിക്കുന്നില്ലെങ്കില്‍, നിസ്കാരത്തിലെ കര്‍മ്മങ്ങളെ മനസ്സില്‍ നടത്തുകയെങ്കിലും വേണം എന്നതാണ് വിധി. നിസ്കാരം എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും ബുദ്ധിസ്ഥിരത ബാക്കിയുള്ള സമയത്തോളം അത് നിര്‍ബന്ധമാണെന്നും ഇതില്‍നിന്ന് തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. നിസ്കാരം കൃത്യമായി നിര്‍വ്വഹിക്കുന്ന സജ്ജനങ്ങളുടെ കൂട്ടത്തില്‍ അല്ലാഹു നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter