ഒരു പ്രാവശ്യം മുഖം കഴുകി. രണ്ടാമത് കഴുകാനായി എടുത്ത വെള്ളത്തിലേക്ക് മുഖത്ത് നിന്ന് വെള്ളം ഉറ്റിയാല്‍ ആ വെള്ളം മുസ്തഅ്മല്‍ ആവുമോ?
ചോദ്യകർത്താവ്
abdulla PK
Sep 18, 2017
CODE :Fiq8833
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
രണ്ട് ഖുല്ലതില്‍ താഴെയുള്ള നല്ല വെള്ളത്തിലേക്ക് മുസ്തഅ്മല്‍ (അഥവാ ഫര്‍ദില്‍ ഉപയോഗിക്കപ്പെട്ട വെള്ളം) ആയ വെള്ളം കലര്‍ന്നാല്‍ വാസനയോ രുചിയോ നിറമോ ഇല്ലാത്തതിനാല്‍ പ്രത്യക്ഷത്തില്‍ വെള്ളം പകര്‍ച്ചയാവുകയില്ലെങ്കിലും ശരീഅത് പ്രകാരം പകര്‍ച്ചയായി എന്ന് വരാം. തഖ്ദീരിയ്യായ പകര്‍ച്ച എന്നാണ് അതിനു പറയുക. പകര്‍ച്ചയാവാനുള്ള മാനദണ്ഡങ്ങള്‍ നിറം രുചി വാസന എന്നിവയില്‍ മാറ്റം വരലാണല്ലോ. ഈ മൂന്ന് സ്വഭാവങ്ങളുമില്ലാത്ത സാധനം (മുസ്തഅ്മലായ വെള്ളം പോലെയുള്ളത്) വെള്ളത്തിലേക്ക് വീണാല്‍ ആ വീണ സാധനത്തെ പ്രസ്തുത മൂന്ന് സ്വഭാവവുമുള്ള ഒരു വസ്തുവായി ഗണിക്കേണ്ടതാണ്. സഹോദരന്‍റെ ചോദ്യത്തില്‍ നാം കയ്യിലെടുത്ത വെള്ളത്തിലേക്ക് നമ്മുടേയോ മറ്റുള്ളവരുടേയോ മുഖത്ത് നിന്നുറ്റി വീണ വെള്ളത്തെ മന്തിരിച്ചാര്‍ കൈതപ്പൂവിന്‍റെ വെള്ളം ഉറുമാന്‍ പഴനീര് എന്നിവയായി സങ്കല്‍പിക്കുക. മുന്തിരിച്ചാറായിരുന്നു വീണിരുന്നതെങ്കില്‍ കയ്യിലുള്ള വെള്ളത്തിന്‍റെ നിറം കൈതപ്പൂ വെള്ളമാണ് വീണതെങ്കില്‍ വെള്ളത്തിന്‍റെ വാസന ഉറുമാന്‍പഴനീരായിരുന്നെങ്കില്‍ വെള്ളത്തിന്‍റെ രുചി എന്നിവയില്‍ വെള്ളമെന്ന് പറയാന്‍ പറ്റാത്ത വിധം ശക്തമായ പകര്‍ച്ചയുണ്ടാകുമായിരുന്നോ എന്ന് നോക്കുക. ഉണ്ടാകുമെങ്കില്‍ കയ്യിലുള്ള വെള്ളം പകര്‍ച്ചയായതായി കണക്കാക്കണം. ചുരുക്കത്തില്‍ കയ്യിലുള്ള വെള്ളത്തിലേക്ക് തെറിക്കുന്ന വെള്ളത്തിന്‍റെ അളവനുസരിച്ച് അതിന്‍റെ വിധി മാറും. കൂടുതല്‍ തെറിച്ചിട്ടുണ്ടെങ്കില്‍ പകര്‍ച്ചയായതായി കണക്കാക്കണം. അത് ശുദ്ധീകരണത്തിനുപയോഗിക്കാന്‍ പറ്റില്ല. കുറഞ്ഞ തുള്ളികളേ വീണിട്ടുള്ളൂവെങ്കില്‍ അത് ശുദ്ധീകരണത്തിനുപയോഗിക്കാവുന്നതുമാണ്.
കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അവന്‍ തൗഫീഖ് നല്‍കട്ടെ. ആമീന്‍