വിഷയം: വസ്ത്രത്തിന്‍റെ നിറം ഇസ്ലാമില്‍
ഷാഫിഈ മദ്ഹബ് പ്രകാരം ഏതെങ്കിലും നിറങ്ങൾ ഉള്ള വസ്ത്രങ്ങൾ ഹറാമോ കറാഹതോ ആണോ? ആണെങ്കിൽ 100% ആ കളർ ആണെങ്കിൽ മാത്രമാണോ? പകുതി അത്തരം കളറാണെങ്കിലോ? അല്ലെങ്കിൽ 99% അത്തരം കളറും ബാക്കി വേറെ കളറുമാണെങ്കിലോ? അല്ലെങ്കിൽ 1% അത്തരം കളറും ബാക്കി വേറെ കളറുമാണെങ്കിലോ? അത് പോലെ ഈ നിയമങ്ങൾ ചെരുപ്പിലും സോക്സിലും വാച്ചിലുമൊക്കെ വരുമോ?
ചോദ്യകർത്താവ്
MUHAMMAD IQBAL M
Nov 25, 2020
CODE :Abo10010
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഏത് വർണത്തിലുള്ള വസ്ത്രവും ധരിക്കാൻ ഇസ്ലാം അനുവാദം നൽകുന്നുണ്ട്. നബി(സ)പല സന്ദർഭങ്ങളിൽ പലവർണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചതായി ഹദീസുകളിൽ കാണാം. എന്നാൽ കുങ്കുമവർണവും മഞ്ഞച്ചായവും മുക്കിയ വസ്ത്രങ്ങൾ പുരുഷന്‍ ധരിക്കാൻ പാടില്ലെന്ന് രേഖകളിലുണ്ട്(ഫത്ഹുൽമുഈൻ, ഇആനതുത്ത്വാലിബീന്‍).
മേല്‍പറഞ്ഞ നിറങ്ങള്‍ എത്ര അളവിലുണ്ടാവുമ്പോഴാണ് ഹറാമാകുന്നതെന്ന വിഷയം ചര്‍ച്ച ചെയ്തിടത്ത് പണ്ഡിതന്മാരുടെ പല അഭിപ്രായങ്ങളും കാണാം. വസ്ത്രത്തിന്‍റെ കൂടുതല്‍ ഭാഗം എന്നും നാലു വിരലിന്‍റെ അളവ് എന്നും മറ്റു അഭിപ്രായങ്ങളും പറഞ്ഞവരുണ്ട്. പൊതുവെ ആ വസ്ത്രം കുങ്കുമവര്‍ണ്ണത്തിലുള്ള/മഞ്ഞവര്‍ണ്ണത്തിലുള്ള വസ്ത്രമാണ് എന്ന് പറയപ്പെടുന്ന രീതിയില്‍ ആണോ എന്നതാണ് ന്യായമായ മാനദണ്ഡമെന്ന് നിഹായയില്‍ കാണാം.
ശരീരത്തില്‍ ധരിക്കുന്ന ഏത് വസ്തുവിലും ഇത് പരിഗണിക്കപ്പെടണമെന്നതാണ് ഇവ്വഷയം ശര്‍വാനീ ചര്‍ച്ച ചെയ്തിടത്തെ താല്‍പര്യമെന്ന് മനസ്സിലാക്കാം.
കറുപ്പ് നിറമുള്ള വസ്ത്രവും ചെരിപ്പും നിത്യമായി ധരിക്കൽ കറാഹത്താണ്(ബിഗ്’യ). ഖത്വീബ് കറുപ്പ് വസ്ത്രം പതിവായി ധരിക്കൽ കറാഹത്താണെന്ന് ഫിഖ്ഹിന്റെ ഗ്രന്ഥത്തിൽ കാണാം. പട്ട് എന്റെ സമുദായത്തിലെ പുരുഷൻമാർക്ക് ഹറാമാണെന്നും സ്ത്രീകൾക്ക് അനുവതനീയമാണെന്നും നബി(സ)അരുളിയിട്ടുണ്ട്(തിർമുദി). എന്നാൽ യുദ്ധവേളയിലും പേന് ചൊറി എന്നിവ കൊണ്ട് പരീക്ഷിക്കപ്പെട്ടാലും, മറ്റു വസ്ത്രങ്ങളിലില്ലാത്ത ഉപകാരം പട്ട് കൊണ്ട് ലഭ്യമായാലുമൊക്കെ പട്ട് പുരുഷനും അനുവദനീയമാണ്(ഫത്ഹുൽമുഈൻ).
വെള്ള വസ്ത്രത്തിന് ഇസ്ലാം കൂടുതൽ മേൻമയും മഹത്വവും കൽപ്പിക്കുന്നുണ്ട്. നബി(സ) കൂടുതൽ ഇഷ്ടപ്പെടുകയും അണിയുകയും ധരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത മറ്റുള്ളവ വസ്ത്രമാണത്. ഉഹ്ദിലും മറ്റു സന്ദർഭങ്ങളിലും നബിയെ സഹായിക്കാനിറങ്ങിയ മാലാഖമാർ ധരിച്ചിരുന്നത് വെള്ള വസ്ത്രമാണെന്ന് കാണാം.(ഉംദതുൽഖാരി)
വെള്ളവസ്ത്രത്തിന്റെ മഹത്വം വിളിച്ചോതുന്ന നിരവധി ഹദീസുകളുണ്ട്. നിങ്ങളുടെ വസ്ത്രങ്ങളിൽ നിന്ന് വെള്ളവസ്ത്രം നിങ്ങൾ ധരിക്കുക, അതാണ് ഏറ്റവും നല്ല വസ്ത്രം. നിങ്ങളിൽ ആരെങ്കിലും മരിച്ചാൽ അവരെ നിങ്ങൾ വെള്ളവസ്ത്രത്തിൽ കഫൻ ചെയ്യുകയും ചെയ്യുക(തിർമുദി, അബൂദാവൂദ്, ഇബ്നുമാജ). പള്ളികളിലും ഖബറുകളിലും അല്ലാഹുവിനെ സന്ദർശിക്കാൻ വേണ്ടി നിങ്ങളണിയുന്ന ഉടയാടകളിൽ ഏറ്റവും ഉത്തമം വെള്ള വസ്ത്രമാണ്(ഇബ്നുമാജ).
വെള്ളിയാഴ്ച ജുമുഅക്ക് വേണ്ടി നല്ല വസ്ത്രങ്ങൾ ധരിക്കണമെന്ന് പറഞ്ഞയുടനെ വെള്ളയാണ് കൂടുതൽ ഉത്തമമെന്ന് പറഞ്ഞത് കാണാം(ഫത്ഹുല്‍മുഈന്‍).
പെരുന്നാൾ ഭംഗിയുടെയും സന്തോഷത്തിന്റെയും ദിനമായത് കൊണ്ട് ഏറ്റവും ഭംഗിയും വിലകൂടിയതുമായ വസ്ത്രമാണ് അന്ന് ധരിക്കേണ്ടത്. മാത്രവുമല്ല പെരുന്നാളും വെള്ളിയാഴ്ചയും ഒരേദിനം വന്നാൽ വെള്ളിയാഴ്ചയെ പരിഗണിച്ച് വെള്ള ധരിക്കണമോ പെരുന്നാൾ ദിനത്തെ പരിഗണിച്ച് വെള്ളയേക്കാൾ നല്ല വസ്ത്രം ധരിക്കണമോ എന്നതിൽ പണ്ഡിതർക്കിടയിൽ ഭിന്നാഭിപ്രായങ്ങ കാണാം. എന്നാലും ആ ദിവസം ജുമുഅക്ക് പോകുന്ന സന്ദർഭമൊഴികെ ബാക്കി സമയങ്ങളിൽ വെള്ളയേക്കാൾ നല്ല വസ്ത്രം ഉണ്ടെങ്കിൽ അത് ധരിക്കണമെന്നാണ് പ്രധാനാഭിപ്രായം(ശർവാനി). എന്നാൽ ഒരാളുടെ അടുക്കൽ ഉള്ള വസ്ത്രങ്ങളിൽ ഏറ്റവും നല്ലതും വിലകൂടിയതും വെള്ളയാണെങ്കിൽ മറ്റുള്ളവയേക്കാൾ കൂടുതൽ ഉത്തമവും സർവ്വപുണ്യങ്ങളും ലഭിക്കുന്നതും അത് ധരിക്കുമ്പോഴാണെന്നതിൽ തർക്കമേതുമില്ലല്ലോ.
വൃത്തി കൂടുതൽ സൂക്ഷിക്കാൻ വെള്ളവസ്ത്രം ഉപകാരപ്രദമാണെന്നതിൽ ആർക്കും സന്ദേഹമില്ല. ചെളിയോ മറ്റു അഴുക്കോ നജസോ വെള്ളവസ്ത്രത്തിലായാൽ പെട്ടന്ന് ശ്രദ്ധയിൽ പെടാനും കഴുകി വൃത്തിയായി കൊണ്ടുനടക്കാനും മറ്റുകളറുകളേക്കാൾ സൗകര്യപ്രദമാണ്. വസ്ത്രശുദ്ധി മനുഷ്യജീവിതത്തിലെ ടെൻഷനകറ്റാൻ കൂടുതൽ സഹായകമാണെന്ന് ഇമാം ശാഫി(റ) പറഞ്ഞിട്ടുണ്ട്. ഇരുണ്ട് കളറുകൾ ശരീരത്തിലേൽക്കുന്ന താപത്തെ കൂടുതൽ ആകിരണം ചെയ്യുമ്പോൾ വെള്ളയും മറ്റു ലൈറ്റുകളറുകളും താപത്തെ വികരണം ചെയ്യുകയാണ് ചെയ്യുന്നത്. ഉഷ്ണകാലത്ത് വെള്ളവസ്ത്രമാണ് ഏറ്റവും ഉചിതമെന്നും ഉഷ്ണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങൾക്ക് വലിയ ഒരു കവചമാണ് വെള്ളവസ്ത്രമെന്നും ഇത് മനസ്സിലാക്കിത്തരുന്നു.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


