ഒരു ത്വലാഖ് ചൊല്ലി വേർപിരിഞ്ഞ സ്ത്രീക്ക് ഇദ്ദ ഇരിക്കേണ്ടതുണ്ടെന്നും ഇല്ലെന്നും കേള്ക്കു ന്നു. ഇദ്ദ ഇരിക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽ അത് എത്ര മാസമാണ്? എന്തെല്ലാം ആണ് ഇദ്ദ സമയത്തു ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ?
ചോദ്യകർത്താവ്
oru sahodhari
Jan 16, 2020
CODE :Abo9570
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഒരു ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ ഭര്‍ത്താവിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ടവളാണെങ്കില്‍ ഇദ്ദയിരിക്കല്‍ നിര്‍ബന്ധമാണ്. നികാഹിന് ശേഷം പരസ്പരലൈംഗികബന്ധം നടക്കുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടാല്‍ ഇദ്ദയിരിക്കേണ്ടതില്ല.
മൂന്ന് ശുദ്ധിയുടെ കാലമാണ് ഇദ്ദയുടെ കാലയളവ്. രണ്ട് ഹൈളുകള്‍ക്കിടയിലോ ഹൈളും നിഫാസിനുമിടയിലോ വരുന്ന ശുദ്ധിയുടെ ദിവസങ്ങളാണ് ഒരു പൂര്‍ണശുദ്ധിയായി പരിഗണിക്കപ്പെടുക.
ഇതുവരെ ഹൈളുണ്ടാവാത്തവളോ അല്ലെങ്കില്‍ ഹൈള് രക്തം നിലച്ച് ഇനി ഹൈളുണ്ടാവുമെന്ന് പ്രതീക്ഷയില്ലാത്ത സ്ത്രീയോ ആണെങ്കില്‍ ചന്ദ്രമാസം പരിഗണിച്ച് മൂന്ന് മാസമാണ് ഇദ്ദയിരിക്കേണ്ടത്.
ഇതുവരെ ഹൈളുണ്ടാവാത്തവള്‍ ഇദ്ദയിരിക്കുന്നതിനിടയില്‍ ഹൈളുണ്ടായാല്‍ അവള്‍ മൂന്ന് ശുദ്ധി പരിഗണിച്ച് ഇദ്ദയിരിക്കണം. ഇദ്ദ കഴിഞ്ഞ ശേഷം അവള്‍ക്ക് ഹൈള് വന്നാല്‍ ഇദ്ദ മടക്കേണ്ടതില്ല.
ഹൈള് ഉണ്ടായിരുന്ന സ്ത്രീക്ക് അറിയപ്പെടുന്ന കാരണങ്ങളൊന്നുമില്ലാതെ ഹൈള് നിലച്ചാല്‍, പിന്നീടവള്‍ക്ക് ഹൈള് ഉണ്ടാവുകയോ ഇനി ഹൈള് വരാനുള്ള സാധ്യത ഇല്ലാതാവുകയോ ചെയ്ത ശേഷം ഇദ്ദയും കഴിഞ്ഞേ വിവാഹിതയാവാന്‍ പാടുള്ളൂ.
ഒരു ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീ ഇദ്ദയുടെ കാലയളവ് കഴിയുന്നത് വരെ മറ്റൊരാളുമായി വിവാഹിതയാവാനോ വിവാഹാന്വേഷം നടത്താനോ പറ്റില്ല. ഇദ്ദയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ


