വിഷയം: പ്രതിമാസ വരുമാനത്തിന്‍റെ സകാത്ത്
ഒരാൾക്ക് കഴിഞ്ഞ വർഷം റമദാനിൽ ബാങ്കിൽ അഞ്ചു ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്നു. വർഷം പൂർത്തിയായി അതിന്റെ സകാത്ത് അവകാശികൾക്ക് കൊടുത്തു. അതിന് ശേഷം ഓരോ മാസവും ഇരുപത്തി അയ്യായിരം രൂപ വീതം നിക്ഷേപിച്ചു ഈ വർഷത്തെ റമദാനോട് കൂടി മൊത്തം നിക്ഷേപം എട്ടു ലക്ഷമായി. ഈ എട്ടു ലക്ഷത്തിന് എങ്ങിനെയാണ് സകാത്ത് നൽകേണ്ടത് ?
ചോദ്യകർത്താവ്
റഷീദ് .k(അബുനജ ) യു ...
May 26, 2020
CODE :Fin9840
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
സ്വന്തം അധികാരത്തിലുള്ള സകാത്ത് നല്‍കേണ്ട കണക്കെത്തിയ തുകയുണ്ടാകുകയും അതിന് ഒരു ഹിജ്റ വര്‍ഷം തികയുകയും ചെയ്യുമ്പോഴാണല്ലോ സകാത്ത് നല്കേണ്ടത്. ഇവിടെ ഓരോ മാസവും ഇയാള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നത് നോക്കിയല്ല സകാത്ത് കണക്കാക്കുക. മറിച്ച് ആ തുക കൈവശപ്പെടുത്തിയത് മുതലാണ് അതിന്‍റെ വര്‍ഷാരംഭം പരിഗണിക്കുക. നിക്ഷേപം നടത്തുന്ന തിയ്യതി തന്നെയാണ് തനിക്ക് ഈ തുക ലഭിച്ചതെന്ന രീതിയില്‍ നമുക്ക് ഇത് താഴെ പറയും വിധം മനസിലാക്കാം.
ഇവിടെ ഒരു റമളാനില്‍ 5 ലക്ഷം രൂപയുടെ സകാത്ത് ഇദ്ദേഹം നല്‍കി. പിന്നീട് അടുത്ത റമളാന്‍ ആയപ്പോഴേക്കും 8 ലക്ഷം രൂപയായി. എന്നാല്‍ ഈ എട്ട് ലക്ഷം രൂപയില്‍ ഒരു വര്‍ഷം തികഞ്ഞ തുക പഴയ അഞ്ചുലക്ഷവും അതിനോടൊപ്പം ആ റമാളാനില്‍തന്നെ കിട്ടിയ 25000വും അടക്കം അഞ്ചുലക്ഷത്തിഇരുപത്തയ്യായിരം ആകുമല്ലോ. അപ്പോള്‍ അതിനുള്ള സകാത്ത് നല്‍കുക. പിന്നീട് അടുത്ത മാസം വരുമ്പോള്‍ അടുത്ത 25000 ത്തിന് വര്‍ഷം തികയുന്നു. അപ്പോള്‍ അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കുക. ഇങ്ങനെ തുടരുന്നതാണ്.
എന്നാല്‍ നമ്മുടെ കയ്യിലേക്ക് വരുന്ന ഓരോ സംഖ്യയുടെയും തിയ്യതി നാം പ്രത്യേകം എഴുതി വെക്കാറില്ല. അപ്രകാരം ഓരോന്നും വേര്‍തിരിച്ച് ഓരോന്നിന്‍റെയും തിയ്യതി കണക്കു വെക്കുക സാധ്യവുമല്ല. ആയതിനാല്‍ ഇടക്കിടെയായോ പ്രതിമാസമായോ ഒക്കെ വരവും ചെലവുമുള്ളവര്‍ക്ക് സകാത്ത് കണക്ക്കൂട്ടാനുള്ള സരളമായ ഒരു രീതി താഴെ വിവരിക്കാം.
തന്‍റെ കയ്യിലെപ്പോഴും സകാത്ത് നല്‍കേണ്ടതായ ബൈസിക് തുക ഉള്ള ആളുകള്‍ക്ക്, സകാത്ത് കണക്ക് കൂട്ടി നല്‍കാനുള്ള സ്ഥിരമായ ഒരു വാര്‍ഷികദിനം തീരുമാനിച്ചുവെക്കേണ്ടതാണ്. (ഉദാഹരണം: എല്ലാ വര്‍ഷവും റമളാന്‍ ഒന്നിന്). തന്‍റെ കയ്യില്‍ നിസാബ് തികഞ്ഞ തുക എന്നാണോ വരുന്നത് അന്നാണ് ശരിക്കും ആ തിയ്യതിയായി തീരുമാനിക്കേണ്ടത്. അത് രേഖപ്പെടുത്തി വെക്കാത്തവര്‍ ഇപ്പോള്‍ തന്നെ ഇന്നത്തെ ദിനമോ സൌകര്യമായ ഒരു തിയ്യതിയോ ഒരു നിശ്ചിതദിവസം സകാത്ത് കണക്ക്കൂട്ടി നല്‍കാനായി തീരുമാനിക്കുക. എല്ലാ വര്‍ഷവും ഈ തിയ്യതി തന്‍റെ കൈവശമുള്ള സകാത്ത് ബാധകമാകുന്ന മൊത്തം തുകയുടെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ ഏറെക്കുറേ കണക്കുകൂട്ടാനുള്ള പ്രയാസം കുറക്കാനും തന്‍റെ നിര്‍ബന്ധബാധ്യത കുറഞ്ഞുപോകാതെ സൂക്ഷിക്കാനും കഴിയുന്നതാണ്.
എന്നാല്‍ ഇപ്രകാരം കണക്ക് കൂട്ടുമ്പോള്‍ ഇതില്‍ ഒരു വര്‍ഷം എത്തിയ ധനവും ഒരു വര്‍ഷം തികഞ്ഞിട്ടില്ലാത്ത ധനവും ഉണ്ടാകുമല്ലോ എന്ന് പലരും സംശയമായി ഉന്നയിക്കാറുണ്ട്. എന്നാല്‍ സമയമെത്തിയവക്ക് നല്‍കാന്‍ താന്‍ നിര്‍ബന്ധിതനാണ് എന്നതിനാലും, സമയം എത്താത്തവക്ക് നേരത്തെ നല്‍കല്‍ അനുവദനീയമാണ് എന്നതിനാലും ഈ രീതി അവലംബിക്കുമ്പോള്‍ നല്‍കേണ്ട സകാത്ത് വൈകിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


