വിഷയം: ‍ മുഖക്കുരുവും വുളൂഉം

എന്‍റെ മുഖത്തും ചില ശരീര ഭാഗങ്ങളിലും മുഖക്കുരു പോലെ ചെറിയ കുമിളകൾ സ്ഥിരമായി ഉണ്ടാകാറുണ്ട്. അവ പൊട്ടി രക്തവും ചലവും കട്ട പിടിച്ചു നില്‍ക്കാറുണ്ട്. ഇങ്ങനെ ഉള്ള അവസ്ഥയിൽ വുളൂ ചെയ്യുമ്പോൾ ആ ഭാഗത്തിന് വേണ്ടി തയമ്മും ചെയ്യേണ്ടതുണ്ടോ? വലിയ അശുദ്ധിയുടെ സമയത്ത് ആ ഭാഗത്തിന് വേണ്ടി കുളിയുടെ പകരം തയമ്മും ചെയ്യേണ്ടതുണ്ടോ? ഇങ്ങനത്തെ അവസ്ഥയിൽ തയമ്മും ചെയ്യാതെ നിസ്കരിച്ചട്ടുണ്ടെങ്കിൽ അത് പിന്നീട് മടക്കി നിസ്കരിക്കണോ അതോ ഖളാ ആക്കി നിസ്കരിക്കണോ?

ചോദ്യകർത്താവ്

ASHIQ

Jun 6, 2020

CODE :Oth9855

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വുളൂഇന്‍റെ അവയവങ്ങളില്‍ ചെറിയ കുമിളകളുണ്ടാവുകയും അവ പൊട്ടുകയും ചെയ്താല്‍ അവക്കുള്ളിലേക്ക് വുളൂഇന്‍റെ സമയത്ത് വെള്ളമെത്തിക്കേണ്ടതാണ്. എന്നാല്‍ അവ പൊട്ടാത്ത അവസ്ഥയിലോ പൊട്ടിയ ശേഷം മുറി കൂടിയ അവസ്ഥയിലോ ആണെങ്കില്‍ അവയുടെ ഉള്ളിലേക്ക് വെള്ളമെത്തിക്കേണ്ടതില്ല (ഫത്ഹുല്‍മുഈന്‍)

ചോദ്യത്തിലുന്നയിക്കപ്പെട്ട രക്തവും ചലവും കെട്ടിനില്‍ക്കുന്ന അവസ്ഥ മുറിവ് മാറുന്ന രീതിയല്ലാതെ നജസ് പിടിച്ചുകിടക്കുന്ന രീതിയിലുള്ളതാണെങ്കില്‍ നജസ് നീക്കി വുളൂ ചെയ്യേണ്ടതാണ്. മുറിവുണങ്ങുന്നതാണെങ്കില്‍ അത് പൊളിച്ചെടുത്ത് വെള്ളം ഉള്ളിലേക്കാക്കുകയോ പകരം തയമ്മും ചെയ്യുകയോ ചെയ്യേണ്ടതില്ല.

വലിയ അശുദ്ധിയുടെ സമയത്തും ഇതേ മസ്അല തന്നെയണ് വരുന്നത്. നജസാണെങ്കില്‍ നീക്കിയ ശേഷം കുളി നിര്‍വഹിക്കേണ്ടതാണ്. മുറിയുണങ്ങി കൂടി വരുന്നതാണെങ്കില്‍ അത് പൊളിച്ചെടുത്ത് കുളിക്കുകയോ പകരം തയമ്മും ചെയ്യുകയോ വേണ്ട.

തയമ്മും ചെയ്യേണ്ട സാഹചര്യമല്ലാത്തതിനാല്‍ ഇവിടെ മടക്കി നിസ്കരിക്കുകയോ ഖളാ ആക്കി നിസ്കരിക്കുകയോ ചെയ്യുന്ന സാഹചര്യമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter