ഞാൻ വിവാഹമോചിതയായ സ്ത്രീയാണ്. വയസ് 28. മൂന്ന് വർഷമായി ഡിവോഴ്സ് ആയിട്ട്.കുട്ടിക്ക് വേണ്ടി അവന്റെ പിതാവ് തന്നെ തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു. ഇതിനിടയിൽ ഞാൻ എയ്ടഡ് സ്ക്കൂളിൽ ഗവ ജോലിയിലും കയറി. ഇപ്പോൾ നാട്ടിലുള്ള ഒരു യുവാവ് എനിക്ക് കല്യാണം അന്വേഷിച്ച് വന്നു. വീട്ടുകാർക്ക് കല്യാണം നടത്തി തരുന്നതിൽ താത്പര്യമില്ല. യുവാവ് ആദ്യവിവാഹവും എന്നെ എല്ലാം കൊണ്ടും (എനിക്കൊരു ആൺകുട്ടിയുണ്ട് - 8 വയസ) മനസിലാക്കുന്ന ആളുമായതിനാൽ എനിക്കിതിൽ നല്ല താത്പര്യമുണ്ട്. രണ്ട് വീട്ടുകാരും യോജിച്ച് കൊണ്ട് ഇത് നടക്കാൻ സാധ്യതയില്ല. ഇസ്ലാമിക നിയമപ്രകാരം പെണ്ണിന്റെ രണ്ടാം വിവാഹത്തിൽ നിക്കാഹ് നടക്കാർ രക്ഷിതാവിന്റെ സമ്മതവും സാന്നിധ്യവും നിർബന്ധമുണ്ടോ? ഇതിൽ ഇസ് ലാമിക വിധിയെന്താണ്?
ചോദ്യകർത്താവ്
Veeran Kutty
Dec 15, 2018
CODE :Fiq9001
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
രണ്ടാമത് വിവാഹം കഴിക്കാനുദ്ദേശിക്കുന്ന സ്ത്രീയുടെ താല്‍പര്യങ്ങളെ മാനിക്കുകയും അതോടൊപ്പം അവരുടെ വ്യക്തിപരവുമായ സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന നിലപാടാണ് ഇസ്ലാമിന്റേത്.
ഒന്നാമതായി, വിവാഹം സ്ത്രീ നേരട്ട് നടത്തുന്നതിനേക്കേള്‍ സുരക്ഷിതം തന്റെ വലിയ്യിന്റെ (രക്ഷിതാവിന്റെ) നേതൃത്വത്തിലാകുന്നതാണ്. കാരണം പെണ്ണിന്റെ വൈവാഹിക താല്‍പര്യത്തിലധിഷ്ഠിതമായ വിലയിരുത്തലുകള്‍ക്കപ്പുറത്ത് വരന്റേയും കുടുംബത്തിന്റേയും വ്യക്തിപരവും സാമൂഹികവുമായ യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തി ഈ വിവാഹം അനുയോജ്യമാണോ അല്ലയോ എന്ന് തീരുമാനിക്കാന്‍ തന്നെ ജീവനു തുല്യം സ്നേഹിക്കുകയും തനിക്ക് ഒരു നല്ല ദാമ്പത്യം മാത്രം സ്വപ്നം കാണുകയും ചെയ്യുന്ന പിതാവിന് (രക്ഷിതാവിന്)കഴിയും. അത് അനുയോജ്യമാണെങ്കില്‍ പെണ്ണിനെ നേരിട്ട് സഗൌരവം ഏല്‍പ്പിച്ച് കൊടുക്കുക വഴി ഭര്‍ത്താവിലും ഭര്‍തൃ കുടുംബത്തിലുമൊക്കെ അവളുടെ സുരക്ഷ ഉറപ്പു വരുത്താനും കഴിയും. അത് കൊണ്ട് ഒന്നാം വിവാഹത്തെപ്പോലെത്തന്നെ രണ്ടാം വിവാഹത്തിനും വലിയ്യിന്റെ (അഥവാ രക്ഷിതാവിന്റെ) സമ്മതവും സാന്നിധ്യവും ആവശ്യമാണ്. വലിയ്യില്ലാതെ നികാഹ് ശരിയാകില്ലെന്നും വലിയ്യില്ലാതെ നികാഹിന് ഏതെങ്കിലും സ്ത്രീ തുനിഞ്ഞാല്‍ അവളുടെ നികാഹ് ബാത്വിലാണ്, അവളുടെ നികാഹ് ബാത്വിലാണ്, അവളുടെ നികാഹ് ബാത്വിലാണ് എന്ന് (മൂന്ന് പ്രാവശ്യവും) നബി (സ്വ) അരുള്‍ ചെയ്തിട്ടുണ്ട് (തിര്‍മ്മിദി, അബുദാവൂദ്, ഇബ്നു മാജ്ജഃ).
രണ്ടാമതായി, രണ്ടാം വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പെണ്ണിന് അവളുടെ വിവാഹ കാര്യത്തില്‍ പ്രത്യേക പരഗണനയും പ്രാധാന്യവും ഇസ്ലാം കല്‍പ്പിക്കുന്നുണ്ട്. തനിക്ക് ഇണങ്ങിയ (കുഫ്അ് ഒത്ത) ഒരാളുമായി വിവാഹം കഴിക്കാന്‍ അവള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വലിയ്യ് അത് നടത്തിക്കൊടുക്കണം, വിസമ്മതിച്ചാല്‍ ആ വലിയ്യിനെ അതിന് നിര്‍ബ്ബന്ധക്കണം. എന്നിട്ടും അദ്ദേഹം വാശി പിടിച്ചാല്‍ ഖാളി ആ നികാഹ് നടത്തിക്കൊടുക്കണം (ശറഹു മുസ്ലിം). നബി (സ്വ) അരുള്‍ ചെയ്യുന്നു: ‘ദീനും സ്വഭാവവും തൃപ്തികരമായ ഒരാളുടെ വിവാഹന്വേഷണം വന്നാല്‍ നിങ്ങള്‍ ആ കല്യാണം നടത്തിക്കൊടുക്കണം. ഇല്ലെങ്കില്‍ അത് കുഴപ്പത്തിലേക്ക് നയിക്കും’ (തിര്‍മ്മിദി)
ഇവിടെ യുവതിക്ക് ഇണങ്ങിയതായി വന്നിട്ടുള്ള വിവാഹാലോചന ദീനും സ്വഭാവവും അടിസ്ഥാനമായിട്ടുള്ളതാണോ എന്നതാണ് പ്രശ്നം. ഒരു പെണ്ണിനേയും തന്റെ വീട്ടുകാര്‍ (അഥവാ മാതാ പിതാക്കളും സഹോദരങ്ങളുമൊക്കെ) അനുയോജ്യമായ ഒരു വിവാഹാലോചന വന്നാല്‍, അത് രണ്ടാം വിവാഹത്തിനാണെങ്കില്‍ പ്രത്യേകിച്ചും വേഗം നടത്തിക്കൊടുക്കുകയാണ് ചെയ്യുക. കാരണം അവള്‍ക്ക് മറ്റൊരു വിവാഹം നടക്കാത്ത കാലത്തോളം അവരുടെയൊക്കെ ഖല്‍ബ് ഒരു പക്ഷേ അവളേക്കാള്‍ നീറുകയായിരിക്കും. അവര്‍ എന്തെങ്കിലും അപകടം മണത്താല്‍ മാത്രമേ പൊതുവേ ഇങ്ങനെ സമ്മതിക്കാത്ത സാഹചര്യം ഉണ്ടാകാറുള്ളൂ. മാത്രവുമല്ല ഒരു കുഞ്ഞുള്ള സഹോദരിക്ക് മാതൃത്വത്തിന്റേയും പിതൃത്വത്തന്റേയും വിലയും കുഞ്ഞിനോടുള്ള സ്നേഹവും എത്രയാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ആ കുഞ്ഞിന്റെ സ്വര്‍ഗം തന്റെ കാല്‍ക്കീഴിലാണെന്നത് പോലെ തന്റെ സ്വര്‍ഗ്ഗം സ്വന്തം മാതാപിതാക്കളുടെ പൊരുത്തത്തിലാണെന്ന കാര്യം ഈ അവസരത്തില്‍ മറക്കാതെ അവര്‍ പറയുന്നതിനെ നിഷ്പക്ഷമായ മനസ്സോടെ ഉള്‍ക്കൊള്ളാനും അവരെ വേദനിപ്പിക്കാതിരിക്കാനും പരമാവധി ശ്രമിക്കണം. വേണ്ടത്ര ആലോചിക്കാതെയോ താല്‍ക്കാലികമായി ഉണ്ടായ മാനസിക ദൌര്‍ബല്യം മൂലമോ ഒക്കെ തോന്നുന്ന വൈവാഹിക ചിന്തയാണെങ്കില്‍ അത് പുനഃപരിശോധിക്കാന്‍ തയ്യാറാകണം. കാരണം തീരേ വിവാഹം കഴിക്കാത്ത ഒരാള്‍ 8 വയസ്സുകാരനായ കുട്ടിയുള്ള വിധവയെ വിവാഹം ആലോചിക്കുന്നത് അപൂര്‍വ്വതയൊന്നുമല്ലെങ്കിലും സാധാരണ ഗതിയില്‍ നമ്മുടെ നാട്ടിലെ അവസ്ഥ വെച്ച് അസ്വാഭാവികാമായേ പൊതുവേ വിലിയിരുത്തപ്പെടുകയുള്ളൂ. അതിനാല്‍ ആ അവിവാഹിതന്‍ ഇക്കാര്യം എത്ര ഗൌരവത്തിലാണ് എടുത്തിട്ടുള്ളത് എന്ന കാര്യവും പിന്നീട് ഖേദിക്കേണ്ടി വരുമോയെന്ന ചിന്തയും ഏത് മാതാപിതാക്കളേയും സഹോദരങ്ങളേയും അലോസരപ്പെടുത്തുക സ്വാഭാവികവുമാണ്. എന്നാല്‍ ഇത് അത്തരത്തിലുള്ള യാതൊരു കുഴപ്പവുമില്ലാത്തതാണെങ്കില്‍ വീട്ടുകാരെ സ്വന്തമായിട്ടോ മറ്റുുള്ളവരിലൂടെയോ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിക്കാവുന്നതാണ്. അതിന് സാധിക്കുന്നില്ലെങ്കില്‍ ഖാളിയുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കണം. അഥവാ അദ്ദേഹം ഈ വിഷയം വിലയിരുത്തി നടത്തേണ്ടതാണങ്കില്‍ പിതാവിനെ നിര്‍ബ്ബന്ധിക്കുകയും എന്നിട്ടും തയ്യാറാകുന്നില്ലെങ്കില്‍ സ്വയം നടത്തിത്തരികയും ചെയ്യും. നടത്താന്‍ പറ്റാത്ത പ്രശ്നമുണ്ടെങ്കില്‍ അത് സഹോദരിയെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഇത്തരം പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന എല്ലാവര്‍ക്കും അനുയോജ്യമായ പരിഹാരം നല്‍കി അല്ലാഹു അനുഗ്രഹിക്കട്ടേ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.