സൌരാഷ്ട്ര മതം ഇസ്ലാമുമായി ബന്ധമുണ്ടോ? സൌരാഷ്ട്രര്‍ പ്രവാചകരാണോ?
ചോദ്യകർത്താവ്
സജീര്‍ പി അബൂബക്കര്‍ ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ബി.സി 660 ല്‍ ജനിച്ചതെന്ന് വിശ്വസ്വിക്കപ്പെടുന്ന സറാദുശ്ത് (زرادشت) ലേക്ക് ചേര്‍ക്കപ്പെട്ട മതമാണ് സൌരാഷ്ട്ര മതം. പേര്‍ഷ്യന്‍ രാജാവും കുടുംബവും ഈ മതത്തില്‍ വിശ്വസിച്ചതിന് ശേഷമാണ് ആ മതത്തിന് പ്രചാരം ലഭിച്ചത്. മജൂസികളുടെ പ്രവാചകനായിട്ടാണ് പറയപ്പെടാറ്. അദ്ദേഹത്തിന് വഹ്യ് ലഭിച്ചിരുന്നുവെന്നും ഒരു ദൈവിക ഗ്രന്ഥം ഇറക്കപ്പെട്ടിട്ടുണ്ടെന്നും വാദിക്കുന്നു. ആര്‍ക്കും മനസ്സിലാവാത്ത ഒരു ഭാഷയിലായിരുന്നു ഈ ഗ്രന്ഥം. പിന്നീട് അദ്ദേഹം തന്നെ അതിന് തഫ്സീറും തഫ്സീറുത്തഫ്സീറും എഴുതുകയുണ്ടായി. രണ്ട് ദൈവങ്ങളുണ്ടെന്ന് വാദിക്കുന്ന മതമാണ് സൌരാഷ്ട്ര മതമെന്ന് ചരിത്രത്തില്‍ കാണാം. അഹ്റാമൂസ് എന്ന നന്മയുടെ ദൈവവും അഹ്റൈമാന് എന്ന തിന്മയുടെ ദൈവവും. പല ഹറാമായ കാര്യങ്ങളും അദ്ദേഹം അനുവദനീയമാക്കിയിരുന്നുവെന്ന് അല്‍ ബിദായതു വന്നിഹായയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചുവന്ന ഒട്ടകത്തിന്റ ആള് അഥവാ മുഹമ്മദ് നബി വരുന്നത് വരെ നിങ്ങള്‍ എന്നില്‍ വിശ്വസിക്കണമെന്നായിരുന്നു അയാളുടെ ആഹ്വാനം. ഈ ഗ്രന്ഥവുമായി ഇന്ത്യ ചൈന തുടങ്ങി പല സ്ഥലങ്ങളിലും അദ്ദേഹം ചുറ്റിയെങ്കിലും ആരും വിശ്വസിച്ചില്ല. പിന്നീട് ബശ്താസബ് എന്ന പേര്‍ഷ്യന്‍ രാജാവ് അയാളെ പിന്തുടരുകയും ആ മതം പിന്‍പറ്റാന്‍ ജനങ്ങളെ നിര്‍ബന്ധിക്കുകയും അനുസരിക്കാത്ത ധാരാലം ആളുകളെ കൊന്നൊടുക്കുകയും ചെയ്തു. എന്നാല്‍ زرادشت നബിയാവാനുള്ള സാധ്യത പൂര്‍ണമായി പണ്ഡിതര്‍ തള്ളിക്കളയുന്നില്ല. മജൂസികള്‍ക്ക് زرادشت ലേക്ക് ചേര്‍ക്കപ്പെട്ട ഒരു ഗ്രന്ഥം ഉണ്ടായിരുന്നുവെന്നും അതില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തിയപ്പോള്‍ അത് ഉയര്ത്തപ്പെട്ടതാണെന്നും തുഹ്ഫയില്‍ (7/322) കാണാം. എന്നാല്‍ അത്തരം ഒരു ഗ്രന്ഥം ഉണ്ടായിരുന്നുവെന്ന് ഉറപ്പിക്കാനാവില്ലയെന്നും ഇമാം പറയുന്നുണ്ട്. എന്നാല്‍ മജൂസികള്‍ ആദ്യം ശരിയായ വിശ്വാസികളായിരുന്നുവെന്നും പിന്നീട് അവരെ മജൂസികളാക്കി മാറ്റിയത് സറാദുശ്ത് ആണെന്നുമാണ് ഫത്ഹുല്‍ ബാരി പോലോത്ത ഗ്രന്ഥങ്ങളില്‍ നിന്ന് മനസ്സിലാവുന്നത്. മസ്ഊദിയുടെ مروج الذهب ല്‍ زرادشت المجوسي എന്നാണദ്ദേഹത്തെ കുറിച്ച് പ്രതിപാതിച്ചിട്ടുള്ളത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


