സ്ത്രീ രാഷ്ട്രീയത്തെക്കുറിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട് ഒന്ന് വിശദീകരിക്കാമോ?
ചോദ്യകർത്താവ്
നസീര്‍ യമാനി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്നും അവരുടെ പ്രവര്‍ത്തന മണ്ഡലം വീടിനകത്താണെന്നതുമാണ് ഇസ്ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാട്. കുടുംബമെന്ന മഹത്തായ പ്രക്രിയയിലേക്കാവശ്യമായ ബാഹ്യഘടകങ്ങള്‍ സംവിധാനിക്കേണ്ടത് പുരുഷന്റേയും ആഭ്യന്തരകാര്യങ്ങള്‍ നോക്കിനടത്തേണ്ടത് സ്ത്രീയുടെയും ഉത്തരവാദിത്തമാണ്. അപ്പോഴാണ് കുടുംബജീവിതം ഭംഗിയായ മുന്നോട്ട് പോകുന്നത്. സ്ത്രീയും പുരുഷനും ഒരു പോലെ ജോലിക്ക് പോയി ക്ഷീണിതരായി തിരിച്ചുവന്ന് മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ലാതെ പരാതികളും പരിഭവങ്ങളുമായി തകരുന്ന കുടുംബങ്ങള്‍ എത്രയോ ഉണ്ട്. ഗത്യന്തരമില്ലാത്ത സാഹചര്യത്തിലല്ലാതെ സ്ത്രീകള്‍ പൊതുപ്രവര്‍ത്തനരംഗത്തേക്കും രാഷ്ട്രീയത്തിലേക്കും ഇറങ്ങരുതെന്ന് തന്നെയാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. സ്പഷ്ടമായ പല തെളിവുകളും അതിനുണ്ട്: ഒന്ന്: നബിയുടെ കാലത്തോ നാല് ഖലീഫമാരുടെ കാലത്തോ ഇത്തരം ഒരു ജോലി സ്ത്രീകള്‍ ഏല്പിക്കപ്പെട്ടിട്ടില്ല. അത് അനുവദനീയമായിരുന്നുവെങ്കില്‍ ഇക്കാലയളവിനുള്ളില്‍ ഒരു സ്ത്രീയെങ്കിലും അത്തരം ഒരു ജോലി ഏല്പിക്കപ്പെടണമായിരുന്നല്ലോ. പ്രഗത്ഭരായ പല വനിതകളും അന്ന് ജീവിച്ചിരിക്കുന്നുണ്ട് താനും. രണ്ട്: അള്ളാഹു പറയുന്നു: الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ പുരുഷന്മാര് സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. പുരുഷന്മാരെ സ്ത്രീകളേക്കാള്‍ ഉത്കൃഷ്ടരാക്കിയത് കൊണ്ടും അവരുടെ ധനത്തില്‍ നിന്ന് അവര്‍ ചെലവ് ചെയ്യുന്നത് കൊണ്ടുമാണ് അങ്ങനെ നിശ്ചയിച്ചത്. പ്രകൃതിയാല്‍ തന്നെ പുരുഷന് സ്ത്രീയേക്കാള്‍ ഉന്നതനാണല്ലോ. മനക്കരുത്ത് ധൈര്യം ശാരീരിക ക്ഷമത തുടങ്ങി ഒരു നേതാവിനുണ്ടാവേണ്ട സകല വിശേഷണങ്ങളിലും സ്ത്രീയേക്കാള്‍ കൂടുതല്‍ പുരുഷനാണെന്നത് അവിതര്‍ക്കിതമാണ്. ഒരാളും അത് നിഷേധിക്കാനിടയില്ല. ഈ ഗുണവിശേഷണങ്ങളുള്ളവര്‍ തന്നെയാണ് നേതാവാകേണ്ടതും. ഒരു കുടുംബത്തിന്റെ നേതൃത്വത്തെയാണ് അള്ളാഹു പുരുഷനെ ഏല്പിച്ചത്. ഏത് സ്ത്രീത്വ വാദികളും സ്വന്തം വീട്ടുഭരണം ആരുടെ കയ്യിലാണെന്ന് നോക്കുന്നത് നന്നാവും. ചെറിയൊരു കുടുംബത്തിന്റെ ഭരണമേറ്റെടുക്കാന്‍ പ്രാപ്തയല്ലാത്ത സ്ത്രീയങ്ങനെ പൊതു പ്രവര്ത്തനത്തിലേര്പെടും. മൂന്ന്: സ്ത്രീയെ ഭരണമേല്പിച്ച ഒരു ജനതയും വിജയിക്കുകയില്ലെന്ന നബിവചനം. ജമല് യുദ്ധത്തിന് തന്റെ ഒട്ടക കട്ടിലിലിരുന്നു തന്റെ ശരീരത്തിന്റെ ആകാരമോ ശരീരമോ പുറത്ത് കാണാത്ത വിധം പൂര്‍ണ മറക്ക് പിറകെ നിന്ന് നേതൃത്വം നല്‍കിയത് ഓര്‍ത്ത് പോലും ആഇശ ബീവി കരയാറുണ്ടായിരുന്നു. وقرن في بيوتكن എന്ന കല്പനക്ക് വിരുദ്ധമായ പ്രവര്‍ത്തനമായത് കൊണ്ടാണ് ആഇശ ബീവി (റ) ഇത്തരത്തില്‍ ദുഖിയതയാകാന് കാരണം. നാല്: മഹ്റം ഇല്ലാതെ യാത്ര ചെയ്യാനോ പുരുഷന്മാരുമായി ഇടകലരാനോ ഇസ്ലാം സ്ത്രീയെ അനുവദിക്കുന്നില്ല. ഈ നിയമങ്ങള്‍ മാറ്റി വെച്ച് മാത്രമേ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കൂവെന്നത് വ്യക്തമാണല്ലോ. ഇത്തരം പല തെളിവുകളുടേയും അടിസ്ഥാനത്തില്‍ തന്നെയാണ് സ്ത്രീയുടെ രാഷ്ട്രീയ പൊതു പ്രവര്‍ത്തനം അനുവദനീയമല്ലെന്ന് പണ്ഡിതര്‍ പറഞ്ഞത്. മേല്‍ പറഞ്ഞതാണ് ഇസ്ലാമിന്റെ അടിസ്ഥാന നിയമം. അത്യാവശ്യ ഘട്ടങ്ങളില്‍ അടിസ്ഥാന നിയമങ്ങളില്‍ ചില നീക്ക് പോക്കുകള്‍ ആവശ്യമായി വരും. ഉദാഹരണമായി മയ്യിത് നിസ്കാരം ഫര്‍ള് കിഫായയാണ്. പുരുഷന്മാര്ക്കാണ് അതിന്റെ ബാധ്യത. എന്നാല്‍ പറ്റിയ പുരുഷനില്ലാത്ത അവസരത്തില്‍ സ്ത്രീ ആ ബാധ്യത നിറവേറ്റണമെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശത്രുക്കള്‍ മുസ്ലിംകള്ക്കെതിരെ യുദ്ധം ചെയ്യാന്‍ നമ്മുടെ നാട്ടില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ അത് വരെ പുരുഷന്മാര്ക്ക് മാത്രം നിര്‍ബന്ധമായിരുന്നു ധര്‍മ്മയുദ്ധം ആവശ്യമെങ്കില്‍ സ്ത്രീകള്‍ക്ക് കൂടെ നിര്‍ബന്ധമായിത്തീരുന്നു. രാഷ്ട്രീയവും ഇസ്ലാമും രണ്ടായി കാണേണ്ടതില്ലല്ലോ. ധര്‍മ്മനിഷ്ടയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഇസ്ലാമികവും ഇബാദതുമാണ്. അത്തരം രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് അതിന് യോഗ്യനായ പുരുഷന് നിയമം മൂലമോ മറ്റോ തടയപ്പെട്ടാല്‍ ആ ബാധ്യത സ്ത്രീ ഏറ്റെടുക്കണം. وَلَوْ اُبْتُلِيَ النَّاسُ بِوِلَايَةِ امْرَأَةٍ، أَوْ قِنٍّ، أَوْ أَعْمَى فِيمَا يَضْبِطُهُ نَفَذَ قَضَاؤُهُ لِلضَّرُورَةِ كَمَا أَفْتَى بِهِ الْوَالِدُ - رَحِمَهُ اللَّهُ تَعَالَى അടിസ്ഥാനപരമായി ഖളാഇന് പറ്റാത്തവരാണ് അടിമയും സ്ത്രീയും അന്ധനും. എന്നാല്‍ അനുയോജ്യനായ പുരുഷനില്ലാത്തതിന്റെ പേരില്‍ ഇവരുടെ നേതൃത്വം കൊണ്ട് ജനങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍ അത്യാവശ്യമായത് കൊണ്ട് അവരുടെ വിധി വലക്കുകള് നടപ്പില്‍ വരുത്തണമെന്ന് ഇമാം റംലി ഫത്വ നല്‍കിയിട്ടുണ്ട്. അനുയോജ്യനായ പുരുഷനില്ലാതെ വരുമ്പോള്‍ സ്ത്രീയെ ഖളാഇന്റെ ഉത്തരവാദിത്വം ഏല്പിക്കാമെന്ന് തന്നെയാണ് ഇമാം ബുല്ഖൈനിയും ഇമാം ഇബ്നു അബ്ദിസ്സലാമും പറഞ്ഞത്. സ്ത്രീ സംവരണമെന്ന നിയമം മൂലം ഇത്തരം ഒരു അവസ്ഥയാണ് ഇന്ന് സംജാതമായിട്ടുള്ളത്. തരം കിട്ടുമ്പോഴൊക്കെ ഇസ്ലാമിനെതിരെ അസ്ത്രം തൊടുത്ത് വിടുന്നവരെ തടഞ്ഞ് നിര്‍ത്താനായി ഈ ഉത്തരവാദിത്വം യോജിച്ച സ്ത്രീകള്‍ ഇസ്ലാം അനുവദിച്ച പരിധിക്കുള്ളില്‍ നിന്ന് നിര്‍വഹിക്കേണ്ടതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


