തിരുനബി(സ്വ) 11 ഭാര്യമാരെ കല്യാണം കഴിക്കാനുളള കാരണമെന്താണ്? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.

ചോദ്യകർത്താവ്

shaheer

Nov 29, 2019

CODE :See9522

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിരക്ഷരരും പ്രാകൃതരുമായ ഒരു  ജനതയെ വിശ്വാസരംഗത്തെന്ന പോലെ സാമൂഹികസാംസ്കാരികമേഖലകളിലും എന്നുമാത്രമല്ല, ഒരു മനുഷ്യന് ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നിഖിലമേഖലകളിലും പരിഷ്കൃതരും പരിശുദ്ധരും സാക്ഷരരുമാക്കിത്തീര്‍ക്കുകയെന്ന മഹത്തായ ദൌത്യവുമായാണ് മുത്ത്നബി(സ്വ) നിയോഗിതനാകുന്നത്.

ഒരു പുതിയ സംസ്കാരത്തിന്‍റെയും നാഗരികതയുടെയും അടിത്തറ പാകി വെള്ളവും വെളിച്ചവും നല്‍കി 23 വര്‍ഷത്തെ കഠിനാദ്ധ്വാനം കൊണ്ട് ഇസ്ലാം മതത്തിന്‍റെ സംപൂര്‍ത്തീകരണം പ്രഖ്യാപിച്ച് തിരുനബി(സ്വ)യുടെ ദൌത്യപൂര്‍ത്തീകരണം ചെയ്യുമ്പോള്‍ ദൌത്യനിര്‍വ്വഹണത്തിന്‍റെ എല്ലാവിധ ഘടകങ്ങളും പഠനവിദേയമാക്കേണ്ടതാണ്.

മാനവകുലത്തിനാകമാനം വിശുദ്ധിയുടെ വെളിച്ചം പകരേണ്ട ഒരു നിയമസംഹിത സ്ഥാപിച്ചെടുക്കാനും അതിന്‍റെ തത്വങ്ങള്‍ പ്രായോഗികതലത്തില്‍ പ്രവര്‍ത്തിച്ച് കാണിച്ചുകൊടുക്കാനും സമൂഹത്തിലെ പുരുഷന്മാരെ പോലെ സ്ത്രീകളെ കൂടി പരിശീലിപ്പിക്കുകയും ശിക്ഷണം നല്കി ഉയര്‍ത്തിക്കൊണ്ടുവരികകയും ചെയ്യേണ്ടത് അനിവാര്യമാണെന്നത് അവിതര്‍ക്കിതമാണ്.

സ്വതന്ത്രമായ സ്ത്രീപുരുഷ സങ്കലനം അനുവദിക്കാത്ത ഇസ്ലാമിന്‍റെ വിധിവിലക്കുകളും അധ്യാപനങ്ങളും സ്ത്രീകളെ കൂടി ബന്ധപ്പെടുന്നതായതിനാല്‍ പുരുഷന്മാരെ പോലെ തന്നെ വ്യത്യസ്ത പ്രായക്കാരും സാഹചര്യക്കാരും വൈവിധ്യമുള്ള മാനസികയോഗ്യതയുള്ളവരുമായ സ്ത്രീകളെ ഭാര്യമാരായി സ്വീകരിക്കുന്നതിലൂടെ, അവരെ നേരിട്ട് ശിക്ഷണം നല്കി വിവിധതട്ടുകളില്‍ കഴിയുന്ന പട്ടണവാസികള്‍, ഗ്രാമീണര്‍, യുവാക്കള്‍, കുട്ടികള്‍, മധ്യവയസ്കര്‍, വൃദ്ധര്‍ തുടങ്ങി സര്‍വ്വതലത്തിലേക്കും മതമൂല്യങ്ങളുടെ വ്യാപനത്തിന് സാഹചര്യമൊരുക്കുകയെന്നതാണ് നബി(സ്വ)യുടെ വിവാഹങ്ങളുടെയൊക്കെ കാതലായ യുക്തിയെന്നത് പരിശോധനയിലൂടെയും പഠനത്തിലൂടെയും നമുക്ക് കൃത്യമായി ബോധ്യപ്പെടുന്നതാണ്. 

നബി(സ്വ) വിവാഹം കഴിക്കുകയും ഒപ്പം താമസിക്കുകയും ചെയതവര്‍ പതിനൊന്ന് പേരാണ്. നബിയുടെ ഭാര്യമാര്‍ എന്ന തലക്കെട്ടോടെ സീറുതുബ്നുഹിഷാം (3/174) ല്‍ വളരെ വിശദമായി നബിയുടെ വിവാഹങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

 ആദ്യമായി നബി(സ്വ) വിവാഹം കഴിക്കുന്നത് ഖദീജ ബീവി(റ)യെയാണ്. യുവത്വം മുറ്റി നില്‍ക്കുന്ന ഇരുപത്തഞ്ചാം വയസ്സില്‍ സുമുഖനും സുന്ദരനും കുലീനനുമായ തിരുനബി(സ്വ)ക്ക് മക്കയിലെ ഏതൊരു സുന്ദരിയെയും ഇണയായി ലഭിക്കുമായിരുന്ന സാഹചര്യത്തിലാണ് നാല്‍പതുകാരിയും രണ്ട് മുന്‍വിവാഹങ്ങളിലായി നാല് മക്കളുടെ മാതാവുമായ ഖദീജ(റ)യെ നബി(സ്വ) വിവാഹം കഴിക്കുന്നത്. ശാമിലേക്ക് തന്‍റെ സ്വത്തുമായി കച്ചവടത്തിനായി ഖദീജ(റ) നബി(സ്വ)യെ കൂലിപറഞ്ഞ് അയച്ചു. അറബികളില്‍ അത് സാര്‍വത്രികമായിരുന്നു. കൂടെ ഖദീജബീവി(റ) തന്‍റെ അടിമക്കുട്ടി മൈസറയെയും അയച്ചു. യാത്ര കഴിഞ്ഞ് മടങ്ങി വന്ന ശേഷം യാത്രാമധ്യേ നബി(സ്വ)യില്‍ നിന്ന് മൈസറക്ക് അനുഭവപ്പെട്ട അല്‍ഭുതങ്ങളും പ്രവാചകത്വത്തിന്‍റെ അടയാളങ്ങളും മൈസറ ഖദീജാബീവി(റ)യോട് പറഞ്ഞു. നബി(സ്വ)യുടെ സത്യസന്തതയിലും കുലീനതയിലും സ്വഭാവവിശുദ്ധിയിലും ആകൃഷ്ടയായ ഖദീജ(റ) നബിയോട് വിവാഹാഭ്യാര്‍ത്ഥന നടത്തി. നബി(സ്വ) വിവരം എളാപ്പയായ ഹംസ(റ)യോട് പറയുകയും ഇരുവരും ഖദീജാബീവിയുടെ പിതാവ് ഖുവൈലിദുബ്നുഅസദിനെ പോയി കാണുകയും പിതാവ് ഖദീജ(റ)യെ തിരുനബി(സ്വ)ക്ക് വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്തു.

നബി(സ്വ)യടെ അമ്പതാം വയസ്സില്‍ ഖദീജാബീവി (65 വയസ്സ്) വഫാത്താകുന്നത് വരെ നബി(സ്വ) മറ്റൊരു വിവാഹവും കഴിച്ചില്ല. ആദ്യഭാര്യയുമായി കഴിഞ്ഞ ഈ 25 കൊല്ലത്തിനിടക്കാണ് നബിയുടെ മക്കളില്‍ ഇബ്റാഹീം അല്ലാത്ത മറ്റു ആറ് മക്കളും (ഖാസിം, അബ്ദുല്ല, സൈനബ്, റുഖിയ്യ, ഉമ്മു കുല്‍സൂം, ഫാത്വിമ) ഉണ്ടായത്.

ഖദീജാബീവി(റ) തന്‍റെ സ്വത്ത് കൊണ്ടും ദേഹം കൊണ്ടും നബി(സ്വ)യുടെ ദീനീപ്രബോധനത്തിന് താങ്ങും തണലുമായത് നിയോഗമാണ്.

ഖദീജാബീവിയുമായുള്ള നബി(സ്വ)യുടെ വിവാഹചരിത്രം സീറതുബ്നിഹിഷാം (1/136)ല്‍ കാണാം.

ഖദീജാബീവി(സ്വ)യുടെ വഫാത്തിന് ശേഷം 66കാരിയായ സൌദ ബീവി(റ)യെയാണ് നബി(സ്വ) വിവാഹം കഴിക്കുന്നത്. സൌദ ബീവി(റ)യെ വിവാഹം കഴിക്കുമ്പോള്‍ നബിക്ക് 53 വയസ്സ്. ആദ്യകാലത്ത് തന്നെ ഭര്‍ത്താവിനോടൊപ്പം ഇസ്ലാം പുല്കിയ സൌദ(റ)യുടെ പ്രിയതമന്‍ മരണപ്പെടുകയും മുസ്ലിംകളായ മറ്റു കുടുംബങ്ങളൊന്നും ഇല്ലാതരിക്കുകയും അമുസ്ലിംകള്‍ അവരെ ഇസ്ലാം വെടിയാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സാഹര്യത്തില്‍ നബി(സ്വ) അവരെ വിവാഹം കഴിക്കുന്നതിലൂടെ അവരുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

നബി(സ്വ)യുടെ ആത്മമിത്രമായ അബൂബകര്‍(റ)ന്‍റെ മകള്‍ ആഇശാബീവിയാണ് മൂന്നാമതായി പ്രാവാചകജീവിതത്തിലേക്ക് കടന്നുവന്ന സഹധര്‍മിണി. ഹിജ്റയുടെ മൂന്ന് വര്‍ഷം മുമ്പ് മക്കയില്‍ വെച്ച് വിവാഹം നടന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം മദീനയില്‍ വെച്ചാണ് അവര്‍ തമ്മില്‍ ഒന്നിച്ചുകൂടുന്നത്. ആറാം വയസ്സില്‍ വിവാഹം നടക്കുകയും ഒമ്പതാം വയസ്സില്‍ വീടുകൂടൂകയും ചെയ്ത ഈ വിവാഹരീതി അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ അസ്വാഭാവികമോ പുതുമയുള്ളതൊ ആയിരുന്നില്ലെന്നതിനാല്‍ നബി(സ്വ)യുടെ സമകാലികരായ ഇസ്ലാം വിമര്‍ശകര്‍ പോലും അതൊരു ആരോപണമായി ഉന്നയിച്ചതായി എവിടെയും കാണാനാകില്ല.

പ്രവാചകപത്നിമാരില്‍ ആയിശ(റ) മാത്രമായിരുന്നു കന്യക. സന്തുഷ്ടകുടുംബജീവിതം നയിച്ചിരുന്ന ആയിശാബീവി(റ)ക്ക് നബി(സ്വ)യില്‍ നിന്ന് എണ്ണമറ്റ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമുണ്ടായി. നബി(സ്വ)യുടെ വഫാത്തിന് ശേഷം ഏറെക്കാലം ജീവിക്കാനായതിനാല്‍ തികഞ്ഞ പണ്ഡിതയായിരുന്ന ആയിഷാബീവിക്ക് കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ പ്രവാചകനില്‍ നിന്ന് പഠിക്കുവാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും അവസരമൊരുങ്ങി.

നാലാമതായി നബി(സ്വ) വിവാഹം കഴിക്കുന്നത് ഉമര്‍(റ) മകള്‍ ഹഫ്സ ബീവി(റ)യെയാണ്. ബദ്റ് യുദ്ധത്തിലേറ്റ പരിക്കുകാരണം ഹഫ്സ(റ)യുടെ ഭര്‍ത്താവ് മരണപ്പെട്ടതോടെ മഹതി വിധവയായിത്തീര്‍ന്നപ്പോള്‍ നബി(സ്വ) അവരെ സ്വന്തം സഹധര്‍മിണിയായി സ്വീകരിച്ച് ആത്മസുഹൃത്തായ ഉമര്‍(റ)നും മകള്‍ ഹഫ്സ(റ)ക്കും കരുത്ത് പകരുകയായിരുന്നു.

ഉഹ്ദ് യുദ്ധത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്നാണ് അഞ്ചാമത്ത ഭാര്യ സൈനബ് ബിന്‍ത് ഖുസൈമ(റ)യെ നബി വിവാഹം കഴിച്ചത്. 30 വയസ്സ് പ്രായമുള്ള സൈനബിനെ നബി വിവാഹം ചെയതത് ഹിജ്റ മൂന്നിലാണ്. വിവാഹാനന്തരം മൂന്ന് മാസം കഴിഞ്ഞതോടെ അവര്‍ മരണപ്പെടുകയും ചെയ്തു. നബി(സ്വ)തന്നെ അവരുടെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കി.

അബൂസലമ(റ)യുടെ വിധവ, ഉമ്മുസലമ(റ)യും നാല് മക്കളും കുടുംബനാഥന്‍റെ മരണത്തോടെ നിരാലംബരായപ്പോള്‍, ഉമ്മുസലമയെ വിവാഹം കഴിക്കുന്നതിലൂടെ ആ കുടുംബത്തെ നബി(സ്വ) ഏറ്റെടുക്കുകയായിരുന്നു. നബി(സ്വ)യുടെ ആറാമത്തെ ഭാര്യയായി ഉമ്മുസലമ(റ) കടന്നുവരുന്നത് ഹിജ്റ നാലിലാണ്.

ഏഴാതമായി നബി(സ്വ) വിവാഹം കഴിക്കുന്നത് സൈനബ് ബിന്‍ത്ജഹ്ശ്(റ) എന്നവരെയാണ്. ഇസ്ലാമിന്‍റെ സമത്വത്തിന്‍റെയും നീതിയുടെയും ഉച്ചനീചത്വനിര്‍മാര്‍ജനത്തിന്‍റെയും പാഠം പഠിപ്പിക്കുന്നതിനായി  ഖുറൈശി കുലജാതയായ സൈനബും അടിമമോചിതനായ തിരുനബിയുടെ ദത്തുപുത്രന്‍ സൈദും തമ്മില്‍ വിവാഹം നടത്തി പ്രായോഗകികരീതി കാണിച്ചുകൊടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്കിടയില്‍ വിവാഹമോചനം നടന്നു. സൈദിന്‍റെ ഭാര്യ സൈനബിനെ നബി(സ്വ) വിവാഹം കഴിക്കുന്നതിലൂടെ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന മക്കളെയും ദത്തുപുത്രന്മാരെയും ഒരേ പോലെ കാണുന്ന സമ്പ്രദായത്തിന് അറുതിവരുത്തുകയായിരുന്നു. അല്ലാഹുവിന്റെ പ്രത്യേകമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ദത്തുപുത്രനായി അറിയപ്പെട്ടിരുന്ന സൈദ് വിവാഹമോചനം ചെയ്ത സൈനബിനെ പ്രവാചകന്‍ (സ്വ)വിവാഹം ഹിജ്റ അഞ്ചില്‍ ചെയ്തത്.

എട്ടാമതായി നബി(സ്വ ജുവൈരിയ ബിന്‍തുല്‍ഹാരിസ്(റ) എന്നവരെ വിവാഹം കഴിച്ചു. ഹിജ്റ ആറാം വര്‍ഷമാണിത്. ബനൂല്‍മുസ്തലഖ് യുദ്ധത്തില്‍ ബന്ധിയായി പിടിക്കപ്പെട്ട ജുവൈരിയയെ മോചിപ്പിക്കാനായി മോചനദ്രവ്യവുമായി പിതാവ് ഹാരിസ് എത്തിയപ്പോള്‍, ഒരു പ്രതിഫലവും കൂടാതെ ജുവൈരിയയെ മോചിപ്പിച്ചു നല്കി. അതോടെ ഹാരിസും രണ്ട് പുത്രന്മാരും ഇസ്ലാം സ്വീകരിക്കുകയും ജുവൈരിയയെ നബി(സ്വ)ക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് മറ്റൊരുപാട് ബന്ധികള്‍ മോചിക്കപ്പെടുകയും ചെയ്തു.

ഉമ്മുഹബീബ എന്ന പേരിലറിയപ്പെടുന്ന റംല(റ)യാണ് ഒമ്പതാമത്തെ ഭാര്യ. ഹിജ്റ ഏഴാം വര്‍ഷമാണ് ഇവരെ വിവാഹം ചെയ്തത്. നബിയുടെ കഠിനശത്രുവായിരുന്ന അബൂസുഫ്’യാന്‍റെ മകളാണ് ഇവര്‍. അക്കാലത്ത് അവിശ്വാസിയായിരുന്ന അബൂസുഫ്’യാന്‍ ഈ വിവാഹത്തില്‍ ഏറെ സന്തോഷിക്കുകയും അതിനു ശേഷം നബി(സ്വ)യുമായി യുദ്ധത്തിലേര്‍പ്പെടുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു.

ഖൈബര്‍ യുദ്ധത്തില്‍ തടവുകാരിയായി പിടിക്കപ്പെട്ട സഫിയ ബിന്‍തുഹുയയ്യ്(റ) ആണ് പത്താമത്തെ ഭാര്യ. ഹിജ്റ ഏഴാം വര്‍ഷമാണ് അവരെ മോചിപ്പിച്ച് നബി(സ്വ) വിവാഹം ചെയ്തത്.

അവസാനമായി നബി(സ്വ) വിവാഹം കഴിക്കുന്നത് മൈമൂന ബീവി(റ)യെയാണ്. ഭര്‍ത്താവ് മരിച്ച് വിധവയായ മൈമൂനയെ അബ്ബാസ്(റ)ന്‍റെ അഭിപ്രായത്തെ തുടര്‍ത്ത് ഉംറതുല്‍ഖളാഇല്‍ വെച്ച് ഹിജ്റ ഏഴാം വര്‍ഷമാണ് വിവാഹം ചെയ്തത്. മൈമൂന(റ)യുടെ ഗോത്രമായ ഹിലാല്‍ ഗോത്രവുമായി സുദൃഢമായ ബന്ധം സ്ഥാപിക്കാനും അതുവഴി ഇസ്ലാമിന്‍റെ വ്യാപനത്തിന് കളമൊരുങ്ങാനും ഈ വിവാഹം ഹേതുവായി.

നബി(സ്വ)ക്ക് മുഖൌഖിസ് രാജാവ് പാരിതോശികമായി നല്‍കിയ അടിമസ്ത്രീയിലാണ് നബി(സ്വ)ക്ക് ഇബ്റാഹീം എന്ന മകന്‍ ജനിച്ചത്.

നബി(സ്വ) വിവാഹം ചെയ്തെങ്കിലും കൂടിത്താമസിക്കാത്ത രണ്ടുപേരുണ്ട്. ഒന്ന് അസ്മാഅ് ബിന്‍തുന്നുഅ്മാന്‍ എന്നവരായിരുന്നു. വിവാഹം ചെയ്ത ശേഷം അവരില്‍ ചില രോഗങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിവാഹബന്ധം ഒഴിവാക്കി കുടുംബത്തിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. മറ്റൊന്ന് അംറ ബിന്‍ത് യസീദ് ആയിരുന്നു. അടുത്തായി ഇസ്ലാം സ്വീകരിച്ച സ്ത്രീയായിരുന്നു. വിവാഹം ചെയ്ത ശേഷം നബിയുടെ അടുത്തേക്ക് ആദ്യമായി വരുമ്പോള്‍ ഈ സ്ത്രീ നബിയില്‍ നിന്ന് കാവല്‍ ചോദിക്കുകയുണ്ടായി. നബി ബന്ധം ഒഴിവാക്കി കുടുംബത്തിലേക്ക് തന്നെ ആ സ്ത്രീയെ തിരിച്ചയച്ചു.  

മുകളിലെ വിശദീകരണത്തില്‍ തന്നെ കൃത്യമായി ഓരോ വിവാഹങ്ങളുടെ ലക്ഷ്യങ്ങളും നേട്ടങ്ങളും മനസ്സിലാക്കാവുന്നതാണ്. ഓരോ വിവാഹവും ഇസ്ലാമിലെ ഒരുപാട് നിയമങ്ങളെ സ്ഥാപിക്കുന്നതായുരുന്നുവെന്നും മനസ്സിലാക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter