എന്‍റെ സുഹൃത്തിന് നന്നായിട്ടു ചിത്രങ്ങൾ വരക്കാനുള്ള അപൂര്‍വമായ കഴിവുണ്ട്. ആരെ കണ്ടാലും നോക്കി വരക്കാന്‍ കഴിയും. പക്ഷേ ഇതിന് ജീവന്‍ കൊടുക്കാന്‍ പറയപ്പെടുമെന്നും അതിനാല്‍ ഹറാമാണെന്നും എല്ലാവരും പറയുന്നു. സുഹൃത്തിന്‍റെ കഴിവിനെ എല്ലാവരും നിരുത്സാഹപ്പെടുത്തുന്നതില്‍ അവന്‍ വിഷമത്തിലാണ്. എങ്കിലും എന്‍റെ സുഹൃത്തിന്‍റെ ആത്മീയഗുണത്തിന് വേണ്ടിയാണിത് ചോദിക്കുന്നത്. ഇങ്ങനെ ചിത്രങ്ങൾ , മനുഷ്യ രൂപം , പക്ഷി മൃഗങ്ങൾ ഒക്കെ വരക്കാൻ പാടുണ്ടോ? അതുപോലെ നാം ഫോട്ടോ എടുത്തു ആൽബം പോലെ സൂക്ഷിക്കാറുണ്ടല്ലോ, ഇതിന്‍റെകൂടി ഇസ്‌ലാമിക കാഴ്ചപ്പാട് എന്താണെന്ന് പറഞ്ഞു തരുമോ?
ചോദ്യകർത്താവ്
ഒരു സഹോദരി
Mar 31, 2020
CODE :Abo9661
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ചിത്രം വരക്കുന്നതിനെ കുറിച്ചും അതിന്‍റെ വിവിധരീതികളെ കുറിച്ചും വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയില്‍ നിലവിലുണ്ട്.
ചിത്രം വരക്കല്‍ നിരുപാധികം നിഷിദ്ധമാണെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നുണ്ട്. ആഇശ (റ)യുടെ വീട്ടിലെ പുതപ്പിലെ ചിത്രങ്ങള്‍ കണ്ട് നബി തങ്ങള്‍ മുഖം വിവര്‍ണ്ണനായി ഇറങ്ങിപ്പോയ സംഭവം ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നുമുണ്ട്. എന്നാല്‍ കൈകൊണ്ട് തൊട്ടുനോക്കിയാല്‍ തടി വ്യക്തമാകാത്ത ചിത്രങ്ങള്‍ക്ക് പ്രശ്നമില്ലെന്നും തടിയുള്ളവ പാടില്ലെന്നുമാണ് മറ്റു ചില പണ്ഡിതരുടെ അഭിപ്രായം. ആത്മാവ് നല്‍കപ്പെട്ടാല്‍ ജീവന്‍ ലഭിക്കുംവിധം ശരീരത്തിന്‍റെ സുപ്രധാന ഭാഗങ്ങളെല്ലാം അടങ്ങിയ ചിത്രമാണെങ്കില്‍ നിഷിദ്ധമാണെന്നും മുറിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രമാണെങ്കില്‍ പ്രശ്നമില്ലെന്നും മറ്റൊരു അഭിപ്രായവും കാണാം.
ഇന്ന് നിലവിലുള്ള ഫോട്ടോ എടുക്കുന്ന രീതിയില്‍, വസ്തുക്കളുടെ നിഴല്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടിച്ചു നിര്‍ത്തുക മാത്രമാണെന്നും അത്കൊണ്ട് തന്നെ ഇതിന് വിലക്കില്ലെന്നും പലരും സമര്‍ത്ഥിക്കുന്നുണ്ട്. തര്‍ശീഹ് പോലോത്ത ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്. ഫോട്ടോ എടുത്ത് ആല്‍ബമായി സൂക്ഷിക്കുന്നതും മറ്റും ഈ ഗണത്തില്‍ പെടുന്നതാണ്.
വിവിധ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളല്ലാത്തിടത്തൊക്കെ പരമാവധി ചിത്രം വരക്കലും ഫോട്ടോ എടുക്കലുമെല്ലാം ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്.
പണ്ഡിതന്മാരുടെ അഭിപ്രായഭിന്നതകളെല്ലാം പരിഗണിക്കുമ്പോഴും ചിത്രംവരയും ഫോട്ടോഗ്രാഫിയുമെല്ലാം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നാണ് മനസിലാകുന്നത്.
സുഹൃത്തിന്‍റെ ചിത്രം വരക്കാനുള്ള അനിതരസാധാരണമായ കഴിവ് ഉപയോഗിച്ച് ജീവനുള്ള വസ്തുക്കളല്ലാത്ത മറ്റു പലതും വരക്കാവുന്നതും തന്‍റെ കഴിവിനെ ശരീഅത് അനുവദിക്കുന്ന രീതികളിലൂടെ പ്രയോഗിച്ച് ദീനീപ്രബോധനത്തിന് പോലും ഉപയോഗിക്കാവുന്നതുമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


