സ്വഹാബികളിൽ അത്യുന്നതനായ ഒരാളേയും കുഫാറുകളിൽ മോശമായ ഒരാളേയും വധിച്ച ഒരു സ്വഹാബി ആരാണ്? ആരെയൊക്കെയാണ് വധിച്ചത്?

ചോദ്യകർത്താവ്

Sarfaraz

Apr 27, 2020

CODE :Abo9741

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇസ്ലാം പുല്കുന്നതിന് മുമ്പ് ഉഹ്ദ് യുദ്ദത്തില്‍ വെച്ച് തിരുനബി(സ്വ)യുടെ പിതൃസഹോദരനും മുലകുടി ബന്ധത്തിലെ സഹോദരനുമായ മഹാനായ ഹംസ(റ)വിനെയും പിന്നീട് ഇസ്ലാം പുല്‍കിയ ശേഷം അബൂബകര്‍ സിദ്ദീഖ്(റ) ഖിലാഫത് കാലത്ത് കള്ളപ്രവാചകനായി വന്ന മുസൈലിമതുല്‍കദ്ദാബുമായി യമാമയില്‍ വെച്ചു നടന്ന യുദ്ധത്തില്‍ കള്ളപ്രവചാകനായ മുസൈലിമയെയും തന്‍റെ ചാട്ടുളിക്കിരയാക്കിയ സ്വഹാബിയാണ് വഹ്ശി ഇബ്നുഹര്‍ബ്(റ).

ബദ്റില്‍ ഉത്ബയെയും ത്വുഐമയേയും കൊന്നത് ഹംസ(റ) ആയിരുന്നു. ബദ്റില്‍ കനത്ത പരാജയമേറ്റ ഖുറൈശികള്‍ ഹിജ്റ മൂന്നാം വര്‍ഷം പ്രതികാരദാഹത്തോടെയാണ് ഉഹ്ദിലെത്തുന്നത്. ബനൂനൌഫല്‍ ഗോത്രക്കാരനായ ജുബൈറുബ്നുമുത്വ്ഇമിന്‍റെ അടിമയായിരുന്നു അന്ന് ധൈര്യശാലിയും ശക്തനുമായിരുന്ന വഹ്ശി. തന്‍റെ പിതൃവ്യന്‍ തുഹൈമത്തുബ്നു അദിയ്യിനെ ബദ്റിലില്‍വച്ചു വധിച്ചതിനു പ്രതികാരമായി മുഹമ്മദിന്‍റെ പിതൃവ്യന്‍ ഹംസയെ വധിച്ചാല്‍ നിന്നെ സ്വതന്ത്രമാക്കുമെന്ന് ജുബൈര്‍ തന്‍റെ അടിമയായ വഹ്ശിക്ക് വാക്ക് നല്‍കി.

അടിമത്തത്തില്‍ നിന്നുള്ള മോചനം ഏതൊരടിമയുടെയും അഭിലാഷമാണല്ലോ. വഹ്ശി തന്ത്രപൂര്‍വ്വം ചാട്ടുളി പ്രയോഗിച്ച് മഹാനയ ഹംസ(റ)യെ കൊലപ്പെടുത്തി. ഉത്ബയുടെ മകളായിരുന്ന ഹിന്ദ് അദ്ദേഹത്തിന്‍റെ നെഞ്ച് കുത്തിക്കീറി കരള്‍ പുറത്തെടുത്ത് ചവച്ച് തുപ്പി നൃത്തമാടി. കണ്ണും കാതുമെല്ലാം അരിഞ്ഞെടുത്ത് മയ്യത്ത് പോലും വികൃതമാക്കി. പ്രസ്തുതരംഗം നബി(സ)യെ അങ്ങേയറ്റം വേദനിപ്പിച്ചു. നബി(സ) അദ്ദേഹത്തെയാണ് സയ്യിദു ശ്ശുഹദാഅ് (രക്തസാക്ഷികളുടെ നേതാവ്) എന്ന് വിശേഷിപ്പിച്ചത്.

സ്വതന്ത്രനായ വഹ്ശി മക്കയില്‍ തന്നെ താമസിച്ചു വരുന്നതിനിടയില്‍ മക്ക തിരുനബിക്ക് കീഴിലായി. മുസ്ലിംകള്‍ക്ക് അധീനമായ മക്കയില്‍ താമസിക്കാന്‍ മാനസികപ്രയാസം നേരിട്ട വഹ്ശി പിന്നീട് ത്വാഇഫിലേക്ക് പോയി. ത്വാഇഫും ഇസ്ലാമിന് കീഴിലായപ്പോള്‍ അവിടെ നിന്ന് ഓടിപ്പോവാന്‍ തുനിഞ്ഞ വഹ്ശി തിരുനബി(സ്വ)യുടെയും ഇസ്ലാമിന്‍റെയും കാരുണ്യത്തെകുറിച്ചും വിട്ടുവീഴ്ച്ചയെ കുറിച്ചും ചില ഗുണകാംക്ഷികളില്‍ നിന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് മദീനയില്‍ വന്ന് തിരുനബിയുടെ ചാരെയെത്തി ഇസ്ലാം പുല്‍കി.

തന്‍റെ പ്രിയപ്പെട്ട പിതൃവ്യന്‍റെ ഘാതകനെ ദര്‍ശിക്കുക വഴി അദ്ദേഹത്തെ കുറിച്ചുള്ള ദുഃഖസ്മരണ അകതാരില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇസ്ലാം സ്വീകരിച്ച വഹ്ശിയോട് നബി(സ്വ) തന്നില്‍ നിന്ന് മറഞ്ഞുജീവിക്കാന്‍ പറഞ്ഞു. പിന്നീടൊരിക്കലും റസൂലിനടുത്ത് തിരുദൃഷ്ടി പതിയുംവിധം പ്രത്യക്ഷപ്പെടാതെ തിരുനബി(സ)യുടെ വഫാത്ത് വരെ ബന്ധിതനായ ഒരു മോചിതനെ പോലെ വഹ്ശി മദീനയില്‍ താമസിച്ചു.

നബി(സ്വ)യുടെ വിയോഗാനന്തരം കള്ളപ്രവാചകത്വം വാദിച്ചു വന്ന മുസൈലിമതുല്‍കദ്ദാബിനോട് അബൂബകര്‍ സിദ്ദീഖ് (റ)ന്‍റ കാലത്ത് യമാമയില്‍ വെച്ച് ഘോരമായ യുദ്ധം നടത്തു. പലവട്ടം പരാചയം നേരിട്ട മുസ്ലിംസൈന്യം അവസാനഘട്ടത്തില്‍ ഉറച്ചുനിന്നു. ഉഹ്ദില്‍ ഹംസ(റ)നെ കൊലപ്പെടുത്തിയതിന്‍റെ മാനസികപ്രയാസം താങ്ങാനാവാതെ കാലം കഴിച്ചുകൂട്ടിയിരുന്ന വഹ്ശി ഇതൊരു പ്രതികാരത്തിനും പരിഹാരത്തിനുമുളള അവസരമായി മുതലെടുത്തു.

ഹംസ(റ)യെ കൊലപ്പെടുത്തിയതിന് തൌബയായി മുസൈലമിയെ തന്നെ കൊലപ്പെടുത്തണമെന്നാണ് വഹ്ശിയുടെ മനസിലുള്ളത്. ഉന്നം പിഴക്കാത്ത വഹ്ശി(റ)യുടെ ചാട്ടുളി മുസൈലുമയുടെ ജീവന്‍ കവര്‍ന്നു.

ഒരിക്കല്‍, ഹസ്സാനുബ്നു സാബിത്ത്(റ) ഹംസ(റ)നെ കുറിച്ച് പാടിയ വിലാപഗാനം ബസ്വറയില്‍വച്ച് ഒരു സുഹൃത്ത് വഹ്ശി(റ)യെ കേള്‍പ്പിക്കുകയുണ്ടായി. പൊട്ടിക്കരഞ്ഞുകൊണ്ട് വഹ്ശി പറഞ്ഞു: ‘എന്‍റെ ജാഹിലിയ്യാ കാലത്ത് ഉത്തമനായ ഹംസത്തുബ്നു അബ്ദുല്‍ മുത്വലിബിനെ ഞാന്‍ വധിച്ചു. ഇസ്ലാമില്‍ വന്ന ശേഷം അധമനായ മുസൈലിമയെയും. എന്‍റെ മഹാപാപത്തിന് പ്രായശ്ചിത്തമായി അല്ലാഹു ഇത് സ്വീകരിച്ചെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’

പിന്നീടുള്ല കാലം ഹിമ്മസില്‍ താമസമാക്കിയ വഹ്ശി(റ) ഉസ്മാന്‍(റ)ന്‍റെ ഖിലാഫത്കാലത്ത് മരണപ്പട്ടു.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter